തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി ചെയര്മാന് സ്ഥാനം രാജിവെക്കില്ലെന്ന് രഞ്ജിത്ത്. സമാന്തര യോഗം ചേര്‍ന്നിട്ടില്ലെന്നും ചലച്ചിത്ര അക്കാദമിയില്‍സ നിലവില്‍ ഭിന്നിപ്പില്ലെന്നും രഞ്ജിത്ത് വ്യക്തമാക്കി. തനിക്ക് എന്തും പറയാനുള്ള സ്വാതന്ത്ര്യമുണ്ടെന്ന് രഞ്ജിത്ത് പറഞ്ഞു.
ചലച്ചിത്ര അക്കാദമിയുടെ എക്സിക്യൂട്ടീവ് ബോഡി ഒരു അംഗത്തെക്കൂടി ഉള്‍പ്പെടുത്തി വിപുലപ്പെടുത്തുമെന്ന് രഞ്ജിത്ത് അറിയിച്ചു. ജനറല്‍ കൗണ്‍സില്‍ അംഗമായ കുക്കു പരമേശ്വരനെയാണ് ഉള്‍പ്പെടുത്തുക. ചെയര്മാന് സ്ഥാനം രാജി വെക്കേണ്ട സാഹചര്യം ഇപ്പോള്‍ ഇല്ലെന്നും അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കില്‍ അറിയിക്കാമെന്ന് രഞ്ജിത്ത് പറഞ്ഞു.
രഞ്ജിത്തിനെ ചെയര്മാന് സ്ഥാനത്തുനിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് അക്കാദമി അംഗങ്ങള്‍ സമാന്തരയോഗം ചേര്‍ന്നിരുന്നെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. ഒന്‍പത് അംഗങ്ങള്‍ പ്രത്യേക യോഗം ചേര്‍ന്ന് രഞ്ജിത്തിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാരിന് കത്തുനല്‍കുകയും ചെയ്തു.
രഞ്ജിത്തിനെതിരെ നടപടി എടുക്കണം എന്നാണ് ഇവരുടെ ആവശ്യം. രഞ്ജിത്തിന്റെ ഏകധിപത്യമാണ് നടക്കുന്നത്. അടിക്കടി ഉണ്ടാക്കുന്ന വിവാദ പരാമര്‍ശം ചലച്ചിത്ര അക്കാദമിക്ക് തന്നെ അവമതിപ്പ് ഉണ്ടാക്കുന്നു. ഇതെല്ലാം ചൂണ്ടിക്കാണിച്ചാണ് നടപടി വേണമെന്ന് ആവശ്യപ്പെട്ട് പരാതി നല്‍കിയിരിക്കുന്നത്.
മനോജ് കാന, എന്‍ അരുണ്‍, മമ്മി സെഞ്ച്വറി, കുക്കു പരമേശ്വരന്, പ്രകാശ് ശ്രീധര്‍, ഷൈബു മുണ്ടയ്ക്കല്‍ (വിസ്മയ), അഭിനേതാവ് ജോബി, സിബി, സന്തോഷ് എന്നിവരാണ് സമാന്തര യോഗം ചേര്‍ന്നത്. നടന് ഭീമന് രഘുവിനെതിരെയും സംവിധായകന് ഡോ. ബിജുവിനെതിരെയും രഞ്ജിത്ത് നടത്തിയ പരമാര്‍ശങ്ങള്‍ വിവാദമായിരുന്നു.
കഴിഞ്ഞ ദിവസം ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസിന് നല്കിയ അഭിമുഖത്തില്‍ സംവിധായകന് ഡോ. ബിജുവിന് എതിരെ രഞ്ജിത്ത് നടത്തിയ പരാമര്‍ശം വിവാദമായിരുന്നു. ‘അദൃശ്യജാലകങ്ങള്‍’ എന്ന സിനിമ തിയറ്ററില്‍ റിലീസ് ചെയ്തപ്പോള്‍ ആളുകള്‍ കയറിയില്ലെന്നും ഇവിടെയാണ് ഡോക്ടര്‍ ബിജുവൊക്കെ സ്വന്തം റെലവന്‍സ് എന്താണ് എന്ന് ആലോചിക്കേണ്ടതെന്നുമായിരുന്നു രഞ്ജിത്തിന്റെ പരാമര്‍ശം.
പിന്നാലെ രഞ്ജിത്തിന് മറുപടിയുമായി ഡോ. ബിജുവും രംഗത്തെത്തി. ‘തിയേറ്ററില്‍ ആളെ കൂട്ടുന്നത് മാത്രമാണ് സിനിമ എന്ന താങ്കളുടെ ബോധം തിരുത്താന്‍ ഞാന്‍ ആളല്ല. കേരളത്തിനും ഗോവയ്ക്കും അപ്പുറം ലോകത്തൊരിടത്തും പേരിനെങ്കിലും ഒരു ചലച്ചിത്ര മേളയില്‍ പോലും പങ്കെടുത്തിട്ടില്ലാത്ത താങ്കളോട് രാജ്യാന്തര ചലച്ചിത്ര മേളകളെപറ്റിയും തിയേറ്ററിലെ ആള്‍ക്കൂട്ടത്തിനപ്പുറം സിനിമയുടെ ഫോമിനെ പറ്റിയും ഒക്കെ പറയുന്നത് വ്യര്‍ഥമാണ്,’ എന്നായിരുന്നു ഡോ. ബിജുവിന്റെ പ്രതികരണം.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു