സിനിമാ പ്രേമികളുടെ പ്രിയതാരമാണ് ഹോളിവുഡ് സൂപ്പര്‍സ്റ്റാര്‍ ക്ലിന്റ് ഈസ്റ്റ് വുഡ്. ഈസ്റ്റ് വുഡിന് ആദരമെന്നോണം ഈയിടെ കാര്‍ത്തിക് സുബ്ബരാജ് ജിഗര്‍തണ്ട-ഡബിള്‍ എക്‌സ് എന്ന ചിത്രം ഇറക്കുകയും നിരൂപക പ്രശംസ നേടുകയും ചെയ്തിരുന്നു. ഈയിടെ ഒ.ടി.ടിയില്‍ റിലീസായപ്പോഴും ഡബിള്‍ എക്‌സിനെ ഇരുകയ്യുംനീട്ടിയാണ് സിനിമാപ്രേമികള്‍ സ്വീകരിച്ചത്. ഈ ചിത്രം കാണണമെന്ന് ക്ലിന്റ് ഈസ്റ്റ് വുഡിന്റെ എക്‌സ് പേജില്‍ പോസ്റ്റിട്ട ആരാധകന് മറുപടിയുമായി സൂപ്പര്‍താരംതന്നെ എത്തിയിരിക്കുകയാണ്.
രാഘവാ ലോറന്‍സും എസ്.ജെ. സൂര്യയുമാണ് ജിഗര്‍തണ്ട-ഡബിള്‍ എക്‌സില്‍ മുഖ്യവേഷങ്ങളിലെത്തിയത്. ക്ലിന്റ് ഈസ്റ്റ് വുഡിന്റെ ആരാധകനായ അലിയസ് സീസര്‍ എന്ന കഥാപാത്രമായാണ് ലോറന്‍സ് എത്തിയത്. ഈസ്റ്റ് വുഡിന്റെ പ്രശസ്തമായ കഥാപാത്രങ്ങളെ അനുസ്മരിപ്പിക്കുന്ന രീതിയിലുള്ള വേഷവിധാനങ്ങളായിരുന്നു ഈ കഥാപാത്രത്തിന്. ജിഗര്‍തണ്ടയേക്കുറിച്ചും അതിലെ ഈസ്റ്റ് വുഡിന്റെ സാന്നിധ്യത്തേക്കുറിച്ചും വിജയ് എന്ന ആരാധകനാണ് ഹോളിവുഡ് സൂപ്പര്‍താരത്തിന്റെ എക്‌സ് പേജില്‍ സൂചിപ്പിച്ചത്.
പ്രിയപ്പെട്ട ക്ലിന്റ്, ഇന്ത്യക്കാരായ ഞങ്ങള്‍ ജിഗര്‍തണ്ട-ഡബിള്‍ എക്‌സ് എന്ന ഒരു തമിഴ്ചിത്രം നിര്‍മിച്ചിട്ടുണ്ട്. അത് ഇപ്പോള്‍ നെറ്റ്ഫ്‌ളിക്‌സില്‍ ലഭ്യമാണ്. ചിത്രത്തിലുടനീളം ഞങ്ങള്‍ നിങ്ങള്‍ക്കുള്ള ആദരമാണ് പ്രകടിപ്പിച്ചിരിക്കുന്നത്. നിങ്ങളുടെ ചെറുപ്പകാലം അനുസ്മരിപ്പിക്കുന്ന ചില അനിമേഷന്‍ രംഗങ്ങളും ചിത്രത്തിലുള്‍പ്പെടുത്തിയിട്ടുണ്ട്. സമയംകിട്ടുമെങ്കില്‍ ഈ സിനിമ നിങ്ങളൊന്ന് കാണണം. എന്നായിരുന്നു ആരാധകന്റെ വാക്കുകള്‍. എന്നാല്‍ ഇദ്ദേഹത്തേപ്പോലും ഞെട്ടിച്ചുകൊണ്ട് മറുപടിയുമായി സാക്ഷാല്‍ ക്ലിന്റ് ഈസ്റ്റ് വുഡ് തന്നെ രംഗത്തെത്തി. ക്ലിന്റിന് ഈ ചിത്രത്തേക്കുറിച്ച് അറിയാമെന്നും ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്ന ജ്യൂറര്‍ 2 എന്ന ചിത്രം പൂര്‍ത്തിയാക്കിയശേഷം അദ്ദേഹം ഡബിള്‍ എക്‌സ് കാണുമെന്നുമാണ് വിജയ്ക്ക് ലഭിച്ച മറുപടി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
















