തൃശൂർ:ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ തലവേദനക്ക് കുത്തിവെപ്പെടുത്ത എഴുവയസ്സുകാരന്റെ കാല് തളര്‍ന്നെന്ന പരാതിയില്‍ ഡോക്ടര്‍ക്കും നഴ്സിനുമെതിരെ കേസ്.ഡോക്ടറെ ഒന്നാം പ്രതിയും പുരുഷ നഴ്സിനെ രണ്ടാം പ്രതിയുമാക്കിയാണ് ചാവക്കാട് പൊലീസ് കേസെടുത്തത്.പാലയൂര്‍ നാലകത്ത് കാരക്കാട് ഷാഫിലിന്റെ മകൻ മുഹമ്മദ് ഗസാലിയുടെ ഇടത് കാലിനാണ് കുത്തിവെപ്പെടുത്തത് മൂലം തളര്‍ച്ച ബാധിച്ചത്.ഡിസംബര്‍ ഒന്നിനാണ് സംഭവം.
പാലയൂര്‍ സെന്റ് തോമസ് എല്‍.പി സ്കൂളിലെ രണ്ടാം ക്ലാസുകാരനായ മുഹമ്മദ് ഗസാലി തലവേദനയെ തുടര്‍ന്നാണ് ഉമ്മ ഹിബയുമൊത്ത് താലൂക്ക് ആശുപത്രിയിലെത്തിയത്.അത്യാഹിത വിഭാഗത്തിലെ ഡ്യൂട്ടി ഡോക്ടറെ കാണിച്ചപ്പോള്‍ രണ്ട് കുത്തിവെപ്പുകള്‍ എടുക്കാൻ നിര്‍ദേശിച്ചു.തുടര്‍ന്ന് ഗസാലിയുടെ ഇടതു കൈയില്‍ ആദ്യം കുത്തിവെപ്പ് നല്കി.കൈയില്‍ വേദന അനുഭവപ്പെടുന്നതായി കുട്ടി പറഞ്ഞപ്പോള്‍ പുരുഷ നഴ്സ് സിറിഞ്ച് താഴെ വെച്ച് അവിടെനിന്ന് പോയെന്നും ഉമ്മ പിന്നാലെ പോയി പറഞ്ഞിട്ടാണ് നഴ്സ് തിരികെ വന്നതെന്നും പരാതിയില്‍ പറയുന്നു.പിന്നീട് അരക്കെട്ടില്‍ ഇടതുഭാഗത്തായി കുത്തിവെപ്പ് നല്കി.
ഇതോടെ ഇടതുകാലില്‍ ശക്തമായ വേദനയും തരിപ്പും അനുഭവപ്പെട്ടു.എഴുന്നേറ്റ് നടക്കാൻ ശ്രമിച്ചപ്പോള്‍ വീഴാൻ പോകുകയും ഇടത് കാലിന് ബലക്കുറവ് തോന്നുകയും ചെയ്തു.ഇതോടെ കുട്ടിയുടെ മാതാവ് ഹിബ ഡോക്ടറെ ചെന്നുകണ്ട് വിവരം പറഞ്ഞു. കൈയില്‍ തടിപ്പുള്ള ഭാഗത്ത് പുരട്ടാൻ ഓയിൻമെന്റ് നല്കിയ ഡോക്ടര്‍ കാലിലേത് മാറിക്കോളുമെന്നും പറഞ്ഞ് വീട്ടിലേക്ക് പറഞ്ഞുവിട്ടു.
Read also:മുതിര്‍ന്ന സിപിഐഎം നേതാവും തൃക്കരിപ്പൂര്‍ എംഎല്‍എയുമായിരുന്ന കെ.കുഞ്ഞിരാമന് അന്തരിച്ചു
എന്നാല്‍ വീട്ടിലെത്തിയിട്ടും മാറ്റമില്ലാതായതോടെ കുട്ടിയെ കോട്ടക്കലിലെ ആശുപത്രിയിലെത്തിച്ചു. മരുന്ന് മാറിയതിനാലോ ഇൻജക്ഷൻ ഞരമ്ബില്‍ കൊണ്ടതിനാലോ ആവാം കാലിലെ തളര്‍ച്ചയെന്ന് അവിടെയുള്ള ഡോക്ടര്‍ അഭിപ്രായപ്പെട്ടതായും പറയുന്നു.ഇതോടെ രക്ഷിതാക്കള്‍ ചാവക്കാട് പൊലീസിനു പുറമെ ആശുപത്രി സൂപ്രണ്ട്, ജില്ല മെഡിക്കല്‍ ഓഫിസര്‍, എം.എല്‍.എ, ആരോഗ്യമന്ത്രി, ബാലാവകാശ കമീഷൻ എന്നിവര്‍ക്കും പരാതി നല്കി.സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തി ജില്ല മെഡിക്കല്‍ ഓഫിസര്‍ക്ക് റിപ്പോര്‍ട്ട് നല്‍കുമെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. ഷാജ് കുമാര്‍ പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു