ഹെൽസങ്കി∙ കാലദേശാന്തരങ്ങളിൽ ആഘോഷങ്ങൾ വിഭിന്നമാണ് . ക്രിസ്മസ് ആഘോഷങ്ങളും വ്യത്യസ്തതകൾ നിറഞ്ഞതാണ്. ക്രിസ്മസ് എന്നാൽ നമുക്ക് കേക്കും നക്ഷത്രവും പുൽക്കൂടും സാന്തായുമാവാം. എന്നാൽ ഡിസംബർ മാസം പിറന്നാൽ ക്രിസ്മസ് ദിനത്തിനു തലേന്നുവരെ വരെ കലണ്ടർ തുറക്കുന്നത് യൂറോപ്യൻ രാജ്യങ്ങളിലെ രസകരമായ ചടങ്ങാണ് . ‘ആഗമനം’ എന്നർഥമുള്ള ‘അഡ്വെന്റസ്’ എന്ന ലാറ്റിൻ പദത്തിൽ നിന്ന് ഉരുത്തിരിഞ്ഞ അഡ്വെന്റ് ദിനങ്ങൾ, ക്രിസ്മസിന് നാല് ഞായറാഴ്ചകൾക്ക് മുമ്പ് ആരംഭിക്കുന്നു. യേശുക്രിസ്തുവിന്റെ ആഗമനത്തിനായുള്ള പ്രതീക്ഷയാണ് ഇത് പ്രതിഫലിപ്പിക്കുന്നത്. ചരിത്രത്തിലെ ഈ ആഗമന ദിനങ്ങൾക്ക് ചുവടുപിടിച്ചാണ് ഡിസംബർ ഒന്ന് മുതൽ പല യൂറോപ്യൻ രാജ്യങ്ങളിലും ക്രിസ്മസ് കലണ്ടറുകൾ ഇടം പിടിച്ചിരിക്കുന്നത്
വ്യക്തികളുടെ അഭിരുചിക്ക് അനുസൃതമായി വ്യത്യസ്തങ്ങളായ കലണ്ടറുകൾ വിപണിയിലുണ്ട്. ചോക്ലേറ്റ്, കരകൗശലവസ്തുക്കൾ,ആഭരണങ്ങൾ, ചായപൊടികൾ ,സയൻസ് സംബന്ധമായ പരീക്ഷണങ്ങൾ,ചെറിയ ബിയർ കുപ്പികൾ എന്നിങ്ങനെ വൈവിധ്യമാർന്നതാണ് ക്രിസ്തുമസ് കലണ്ടറുകൾ. ദിവസേന കലണ്ടർ തുറക്കുമ്പോൾ പുതിയ കൗതുകങ്ങളാണ് കാത്തിരിക്കുന്നത്. തൊഴിലിടങ്ങളിലും സ്കൂളുകളിലും, ഈ കലണ്ടർ സമ്മാന വിതരണങ്ങൾ ഉണ്ടാകാറുണ്ട് . കുടുംബത്തിലെ മുതിർന്നവർ സ്വന്തമായി കലണ്ടറുകൾ ഉണ്ടാക്കി കുട്ടികൾക്ക് സമ്മാനിക്കാറുമുണ്ട്. കുട്ടികൾക്ക് പ്രിയങ്കരം ചോക്ലേറ്റ് കലണ്ടറുകൾ തന്നെ!
∙ ലോകമഹായുദ്ധങ്ങൾ ഇരുട്ടിലാക്കിയ കലണ്ടർ, ഐസൻഹോവർ വീണ്ടെടുത്ത ജനപ്രീതി
പല ആധുനിക ക്രിസ്മസ് സമ്പ്രദായങ്ങളെയും പോലെ, അഡ്വെന്റ് കലണ്ടറും ജർമൻ ഉത്ഭവമാണ്. പത്തൊൻപതാം നൂറ്റാണ്ടിന്റെ ആരംഭം മുതൽ, ജർമൻ പ്രൊട്ടസ്റ്റന്റുകാർ ആഗമന ദിനങ്ങൾ അടയാളപ്പെടുത്താൻ തുടങ്ങിയിരുന്നു. വാതിലുകളിൽ ചോക്ക് അടയാളങ്ങൾ ഉണ്ടാക്കുകയോ മെഴുകുതിരികൾ കത്തിക്കുകയോ ചെയത് അവർ ആഗമന ദിനങ്ങൾ വരവേറ്റിരുന്നു. ആദ്യകാല ആഗമന കലണ്ടറുകൾ മരം കൊണ്ടാണ് നിർമ്മിച്ചിരുന്നത്. 1851-ൽ ഒരു കരകൗശല വിദഗ്ധന്റെ കയ്യ്കളാൽ , ആദ്യത്തെ തടി ആഗമന കലണ്ടറുകൾ സൃഷ്ടിക്കപ്പെട്ടു
ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ആദ്യത്തെ അച്ചടിച്ച കലണ്ടറുകൾ പ്രത്യക്ഷപ്പെട്ടു. ചെറിയ വാതിലുകൾ കൂട്ടിച്ചേർക്കുന്ന നൂതന കണ്ടുപിടിത്തം 1920-കളിൽ ഗെർഹാർഡ് ലാങ്ങിന്റെ സംഭാവനയായിരുന്നു ; ആധുനിക കലണ്ടറിന്റെ സ്രഷ്ടാവായി അദ്ദേഹം അറിയപ്പെടുന്നു . ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെടുന്നതിന് തൊട്ടുമുമ്പ് ലാങ്ങിന്റെ ബിസിനസ്സ് അടച്ചുപൂട്ടി; പിന്നീട് ചിത്രങ്ങളുള്ള കലണ്ടറുകൾ അച്ചടിക്കുന്നത് നാസി നിരോധിച്ചതോടെ, കലണ്ടറുകൾ വീണ്ടും അപ്രത്യക്ഷമായി .
യുദ്ധാനന്തരം ജർമൻ പ്രസാധകനായ റിച്ചാർഡ് സെൽമർ ഈ ആശയം പുനരുജ്ജീവിപ്പിക്കുകയും യുഎസ് വിപണിയിൽ തന്റെ വിപണന ശ്രമങ്ങൾ കേന്ദ്രീകരിക്കുകയും ചെയ്തു. പ്രസിഡന്റ് ഐസൻഹോവറുമായി പങ്കാളിയാകുകയും, പ്രസിഡന്റും കുടുംബവുമായി ഒരു ചാരിറ്റി പ്രസ്ഥാനം സ്ഥാപിക്കുകയും ചെയ്തു. ഐസൻഹോവർ തന്റെ കൊച്ചുമക്കളോടൊപ്പം ഒരു അഡ്വെൻറ് കലണ്ടർ തുറക്കുന്ന ചിത്രം നിരവധി ദേശീയ പത്രങ്ങളിൽ പ്രസിദ്ധീകരിച്ചു. ഇത് അഡ്വെൻറ് കലണ്ടർ കൂടുതൽ ജനപ്രീതി നേടുവാൻ ഇടയായി. സെൽമറിന്റെ കമ്പനി ഇപ്പോഴും 25 രാജ്യങ്ങളിലായി പ്രതിവർഷം ഒരു ദശലക്ഷത്തിലധികം കലണ്ടറുകൾ നിർമ്മിക്കുന്നു. അഡ്വെന്റ് കലണ്ടറുകളുടെ നിർമ്മാണത്തിനായി മാത്രമായി നീക്കിവച്ചിരിക്കുന്ന ജർമനിയിലെ പ്രസിദ്ധീകരണശാലയാണ്; സെൽമാർ-വെർലാഗ്
ചോക്ലേറ്റ് നിറച്ച കലണ്ടറുകൾ 1950-കളുടെ അവസാനം മുതൽ പ്രത്യക്ഷപ്പെടാൻ തുടങ്ങി. പിന്നീട് അത് ലോകമെമ്പാടും വ്യാപിച്ചു. 1971 ൽ കാഡ്‌ബറി കമ്പനി തങ്ങളുടെ ചോക്ലേറ്റ് കലണ്ടറുമായി വിപണിയിൽ പ്രവേശിച്ചു
∙ നാനോടെക്‌നോളജി മുതൽ ലണ്ടൻ റെയിൽവേ സ്റ്റേഷൻ വരെ
ജർമനിയിലെ ഒരു കൂട്ടം നാനോ ടെക് വിദഗ്ധരാണ് ലോകത്തിലെ ഏറ്റവും ചെറിയ അഡ്വെന്റ് കലണ്ടർ സൃഷ്ടിച്ചത് . ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്സ് അനുസരിച്ച് , ലോകത്തിലെ ഏറ്റവും വലിയ അഡ്വെന്റ് കലണ്ടർ 2007 ൽ ലണ്ടനിലെ സെന്റ് പാൻക്രാസ് റെയിൽവേ സ്റ്റേഷനിൽ നിർമ്മിച്ചതാണ്. 233 അടി ഉയരവും 75 അടി വീതിയുമുള്ള കൂറ്റൻ കലണ്ടർ, സ്റ്റേഷൻ നവീകരണത്തെത്തുടർന്നുള്ള പുനരാരംഭ ആഘോഷങ്ങൾക്ക് മോടിയേകി.
15 വർഷത്തിലേറെയായി ജർമനിയിലെ ബാഡൻ-വുട്ടൻബർഗിലെ ടൗൺ ഹാൾ ലോകത്തിലെ ഏറ്റവും വലിയ അഡ്വെൻറ് കലണ്ടർ ഹൗസായി രൂപാന്തരപ്പെടുന്നു. 24 ജാലകങ്ങൾ ഓരോന്നിലും ക്രിസ്മസ് ദിനം വരെ ഓരോ രാത്രിയും, പുതിയ ക്രിസ്മസ് കാഴ്ചകളാൽ അലങ്കരിക്കുന്നു . എട്ടു പതിറ്റാണ്ടുകളായി ഫിന്നിഷ് ക്രിസ്മസിന്റെ ഭാഗമാണ് അഡ്വെൻറ് കലണ്ടർ. 1940 കളിൽ ‘സ്കൗട്ട്സ്’ ആണ് ഫിൻലണ്ടിലേക്കു കലണ്ടറുകൾ കൊണ്ടുവന്നത് . ക്രിസ്മസ് പാരമ്പര്യങ്ങളിൽ മാത്രമല്ല ഫിൻസിന്റെ ഹൃദയങ്ങളിലും പതിറ്റാണ്ടുകളായി, കലണ്ടറുകൾ ഇതിനകം ചിര പ്രതിഷ്ഠ നേടിക്കഴിഞ്ഞിരിക്കുന്നു .
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു