ഓസ്‌കാര്‍ വേദി സന്ദര്‍ശിച്ച് സംവിധായകന്‍ ജൂഡ് ആന്തണി ജോസഫ്. വേദി സന്ദര്‍ശിച്ചതിനു ശേഷം ‘ആ ദിവസത്തിനായി കാത്തിരിക്കുന്നു’, എന്ന് ജൂഡ് ആന്തണി സമൂഹമാധ്യമങ്ങളില്‍ കുറിച്ചു. കേരളം കണ്ട ഏറ്റവും വലിയ വിപത്തായ 2018 ലെ പ്രളയത്തെ ആസ്പദമാക്കി ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത 2018 എന്ന ചിത്രമാണ് ഇക്കുറി ഓസ്‌കാറിലേക്കുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രി നേടിയത്. 2024 മാര്‍ച്ച് പത്തിനാണ് ഓസ്‌കാര്‍ പുരസ്‌കാരദാനം നടക്കുന്നത്. അതിന് മുമ്പായി ഓസ്‌കാര്‍ വേദി സന്ദര്‍ശിച്ച് സന്തോഷം പങ്കിട്ടിരിക്കുകയാണ് ജൂഡ്.
”2024 മാര്‍ച്ച് 10-ന് മികച്ച രാജ്യാന്തര ഫീച്ചര്‍ ഫിലിമിനുള്ള ഓസ്‌കറുമായി ഇവിടെ നില്‍ക്കാന്‍ വേണ്ടി എന്റെ ദൈവവും ഈ മുഴുവന്‍ പ്രപഞ്ചവും എനിക്കായി പ്രവര്‍ത്തിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ആ ദിവസത്തിനായി കാത്തിരിക്കുന്നു.”- ജൂഡ് ആന്തണി ജോസഫ് കുറിച്ചു. സിനിമയുടെ രാജ്യാന്തര പ്രമോഷനുമായി ബന്ധപ്പെട്ട് ഒരു മാസത്തോളമായി അമേരിക്കയിലാണ് ജൂഡ് ആന്തണി ജോസഫ്. നിര്‍മാതാവ് വേണു കുന്നപ്പള്ളിക്കൊപ്പം അമേരിക്കയിലുള്ള മറ്റ് സ്ഥലങ്ങളില്‍ 2018 സിനിമ പ്രദര്‍ശിപ്പിക്കുകയും പ്രമോട്ട് ചെയ്യുകയുമാണ് ജൂഡ് ആന്തണി. അവിടെ നിന്നുള്ള ചിത്രങ്ങളും സമൂഹമാധ്യമങ്ങളിലൂടെ ജൂഡ് ആന്തണി പങ്കു വച്ചിരുന്നു.
2018 ലെ പ്രളയത്തെ മലയാളികളുടെ മുന്നില്‍ അവതരിപ്പിച്ച് കയ്യടി നേടിയ ചിത്രമാണ് ജൂഡ് ആന്തണി ജോസഫിന്റെ 2018. പ്രളയത്തിന്റെ കെടുതികള്‍ മാത്രമല്ല മനുഷ്യര്‍ തമ്മിലുള്ള സാഹോദര്യവും മനോധൈര്യവും ആത്മവിശ്വാസവും ഒത്തൊരുമയും ഇഴചേര്‍ന്ന കഥയാണ് ജൂഡ് ആന്തണി ദൃശ്യാവിഷ്‌ക്കരിച്ചത്. 2018 ന് ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കര്‍ എന്‍ട്രി ലഭിച്ചപ്പോള്‍ അത് മലയാളികളുടെ മുഴുവന്‍ അഭിമാനമായി മാറി. 2024 മാര്‍ച്ച് പത്തിനാണ് ഓസ്‌കര്‍ പുരസ്‌കാരദാന ചടങ്ങ്. ജനുവരിയില്‍ നോമിനേഷനുകള്‍ പ്രഖ്യാപിക്കും.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
















