ന്യൂഡൽഹി : കഴിഞ്ഞ ദിവസം തനിക്കെതിരെ നടന്ന എസ്എഫ്ഐയുടെ കരിങ്കൊടി പ്രതിഷേധത്തിൽ കടുത്ത ആരോപണവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പ്രതിഷേധം മുഖ്യമന്ത്രി അറിഞ്ഞുള്ള ഗൂഢാലോചനയാണെന്ന് ഗവർണർ ആരോപിച്ചു. വിദ്യാർഥികളെ ഇളക്കിവിട്ടത് മുഖ്യമന്ത്രിയുടെ പ്രസംഗമാണ്. തനിക്കെതിരായ ആക്രമണം ആസൂത്രിതമാണ്. പൊലീസ് പ്രതിഷേധക്കാരെ സഹായിച്ചു. പ്രതിഷേധം കണ്ട് താൻ കാറിൽ ഇരിക്കണമായിരുന്നോ?. പൊലീസ് അക്രമികളെ പിന്തിരിപ്പിക്കാൻ ശ്രമിച്ചില്ലെന്നും ഗവർണർ ആരോപിച്ചു.
‘‘ തനിക്കെതിരെയുണ്ടായ അക്രമം മുൻകൂട്ടി തയാറാക്കിയ പദ്ധതി പ്രകാരമുള്ളതായിരുന്നു. മുഖ്യമന്ത്രിയുടെ അറിവോടൊണ് ഇതെല്ലാം. മുഖ്യമന്ത്രി മറുപടി പറയണം. കണ്ണൂരിലും സമാന സംഭവങ്ങൾ ഉണ്ടായി. ചെരുപ്പ് എറിഞ്ഞതിന് വധശ്രമത്തിനാണ് കേസെടുത്ത്. പ്രതിഷേധക്കാർ ഇരിക്കുന്നത് പൊലീസ് ജീപ്പിലാണ്. എന്ത് പ്രത്യാഘാതവും നേരിടാൻ തയാറാണ്. ഞാൻ എവിടെയും ഒറ്റയ്ക്ക് നടന്നു പോകാൻ തയാറാണ്. ദൂരെ നിന്ന് കൊടി കാണിച്ചോട്ടെ, പ്രശ്നമില്ല. പക്ഷേ എന്റെ കാറിന്റെ അടുത്ത് വന്ന് കൊടി കാണിച്ചാൽ ഓരോ സ്ഥലത്തും ഞാൻ ഇറങ്ങും.
‘‘മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചവരെ എങ്ങനെയാണ് കൈകാര്യം ചെയ്തത് ?. എന്നെ കരിങ്കൊടി കാണിച്ചവരെ എങ്ങനെയാണ് കൈകാര്യം ചെയ്തത് ?. പെൻഷൻ കൊടുക്കാൻ പോലും പണമില്ലെന്നാണ് സത്യവാങ്മൂലത്തിൽ ചീഫ് സെക്രട്ടറി അറിയിച്ചത്. സംസ്ഥാനം പ്രതിസന്ധിയിലാണെങ്കിൽ അക്കാര്യം കേന്ദ്രത്തെ അറിയിക്കേണ്ടത് എന്റെ ഉത്തരവാദിത്തമാണ്. സാമ്പത്തിക ഭദ്രത ഉറപ്പുനൽകാൻ കഴിയുന്ന സാഹചര്യമല്ല സംസ്ഥാനത്തെന്നാണ് ചീഫ് സെക്രട്ടറി സത്യവാങ്മൂലത്തിൽ അറിയിച്ചത്. എല്ലാത്തിനും മുകളിലാണ് നിയമം’’ ഗവർണർ പറഞ്ഞു.
കഴിഞ്ഞ ദിവസം പ്രതിഷേധവുമായി പാഞ്ഞടുത്ത എസ് എഫ്ഐ പ്രവർത്തകരെ കാറിൽനിന്നിറങ്ങി ഗവർണർ വെല്ലുവിളിച്ചിരുന്നു. ‘ആരാണ് ഇവിടത്തെ സീനിയർ പൊലീസ് ഉദ്യോഗസ്ഥൻ’ എന്നു ചോദിച്ച ഗവർണർ പ്രതിഷേധക്കാരെ ‘ബ്ലഡി ഫൂൾസ്, ക്രിമിനൽസ്’ എന്നു വിളിച്ചു. അടിക്കാൻ വന്നവരാണെങ്കിൽ വരാൻ വെല്ലുവിളിച്ച ഗവർണർ, പേടിച്ചോടുന്നയാളല്ല താനെന്നും പൊട്ടിത്തെറിച്ചു. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം തന്നെ കായികമായി ആക്രമിക്കാനാണു ശ്രമിച്ചതെന്നും തലസ്ഥാനത്തു ഗുണ്ടാരാജാണെന്നു ആരോപിക്കുകയും ചെയ്തു . ഗവർണർക്കെതിരെ പ്രതിഷേധിച്ച 19 എസ്എഫ്ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്തു. ഇവരിൽ 11 പേർക്കെതിരെ ജാമ്യമില്ലാ കുറ്റമാണു ചുമത്തിയിരിക്കുന്നത്.