ലണ്ടൻ/സോമർസെറ്റ് ∙ തണുപ്പിനിടെ ബ്രിട്ടനെ നനച്ച് അർധരാത്രി മുതൽ മിക്കയിടങ്ങളിലും കനത്ത മഴ പെയ്തിറങ്ങി. രാജ്യത്തിന്റെ ഭൂരിപക്ഷം മേഖലകളിലും മഴയ്ക്കും മഞ്ഞ് വീഴ്ച്ചയ്ക്കുമുള്ള മഞ്ഞ ജാഗ്രത നിര്‍ദ്ദേശങ്ങള്‍ മെറ്റ് ഓഫിസ് പുറപ്പെടുവിച്ചിട്ടുണ്ട്. ചില മേഖലകളില്‍ വെള്ളപ്പൊക്കത്തിനും സാധ്യത കല്‍പ്പിക്കുന്നു. മോശം കാലാവസ്ഥ സാരമായി ബാധിക്കുക സ്‌കോട്ട്‌ലൻഡിനെയാകും. ശക്തമായ മഴ മൂലം മണ്ണിടിച്ചിൽ ഉണ്ടാകുമെന്നതിനാൽ ട്രെയിനുകള്‍ വേഗത കുറച്ചാകും സഞ്ചരിക്കുക. മിക്കയിടങ്ങളിലും റോഡ് ഗതാഗതവും തടസ്സപ്പെടുമെന്ന് മുന്നറിയിപ്പ് ഉണ്ട്.
കഴിഞ്ഞ ദിവസങ്ങളിൽ ബ്രിട്ടന്റെ ചില മേഖലകളിൽ വെള്ളപ്പൊക്കം ഉണ്ടായി. സൗത്ത് വെസ്റ്റ്, മിഡ്‌ലാന്‍ഡ്‌സ് മേഖലകളെയാണ് വെള്ളപ്പൊക്കം സാരമായി ബാധിച്ചത്. സോമര്‍സെറ്റിലെ കാരവാന്‍ പാര്‍ക്കില്‍ നിന്നും നൂറിലേറെ പ്രായമായ ആളുകളെ അര്‍ധരാത്രിയില്‍ വെള്ളക്കെട്ടില്‍ നിന്നും രക്ഷപ്പെടുത്തി. സോമര്‍സെറ്റിലെ ക്രൂകേണ്‍ ടണലില്‍ ശക്തമായ മഴയെ തുടര്‍ന്ന് മണ്ണിടിച്ചിലും ഉണ്ടായി. സൗത്ത് വെസ്റ്റ് ഇംഗ്ലണ്ടിനും ലണ്ടനും ഇടയിലുള്ള ട്രെയിനുകള്‍ തിങ്കളാഴ്ച വരെ റദ്ദാക്കിയിട്ടുണ്ട്. റോഡുകളില്‍ മഴയും, വെള്ളപ്പൊക്കവും മൂലം യാത്ര ചെയ്യാന്‍ കൂടുതല്‍ സമയം വേണ്ടിവരുമെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ മുന്നറിയിപ്പ് നല്‍കി. ബസ്, ട്രെയിന്‍ സര്‍വ്വീസുകളെയും കാലാവസ്ഥ ബാധിക്കും. യുകെയുടെ വെസ്റ്റ് ഭാഗങ്ങലില്‍ 80 മില്ലി മീറ്റർ വരെ മഴ പെയ്യുന്നതിനാല്‍ വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ട്. സൗത്ത് വെസ്റ്റ്, സൗത്ത് വെയില്‍സ്, മിഡ്‌ലാന്‍ഡ്‌സ്, നോര്‍ത്തേണ്‍ ഇംഗ്ലണ്ടിന്റെ ചില ഭാഗങ്ങള്‍, സ്‌കോട്ട്‌ലൻഡ്, നോര്‍ത്തേണ്‍ അയര്‍ലൻഡ് എന്നിവിടങ്ങളിലാണ് മഞ്ഞ ജാഗ്രത നിലനില്‍ക്കുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു