ധൻബാദ്: മുൻ നഗരസഭ മേയര്‍ നീരജ് സിങ്ങിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസില്‍ ധൻബാദ് ജയിലില്‍ കഴിയുന്ന യു.പി ഗുണ്ടാസംഘ തലവൻ അമൻ സിങ്ങ് ഞായറാഴ്ച ജയിലില്‍ വെടിയേറ്റ് കൊല്ലപ്പെട്ടു. അടുത്തിടെ ബൈക്ക് മോഷണക്കേസില്‍ പുട്ട്കി പൊലീസ് സ്റ്റേഷനില്‍ നിന്ന് ജയിലിലെത്തിയ സുന്ദര്‍ മഹ്തോയാണ് പ്രതിയെന്ന് ധൻബാദ് പൊലീസും ജില്ല ഭരണകൂടവും തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാല്‍ കുറ്റകൃത്യത്തിന് ഉപയോഗിച്ച ആയുധങ്ങള്‍ ഇതുവരെ കണ്ടെടുത്തിട്ടില്ല.
അമൻ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ഏഴ് വെടിയുണ്ടകളില്‍ രണ്ടെണ്ണം തലയിലും ഒന്ന് ഇടതു കണ്ണിലും നാലെണ്ണം വയറ്റിലുമാണ് പതിച്ചത്. അമനെ ധൻബാദിലെ എസ്.എൻ.എം.എം.സി.എച്ചിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല. 2021 മെയ് മാസത്തില്‍ ഉത്തര്‍പ്രദേശിലെ മിര്‍ജാപൂര്‍ പൊലീസ് അമനെ അറസ്റ്റ് ചെയ്യുകയും ധൻബാദ് പൊലീസിന് കൈമാറുകയും ചെയ്തിരുന്നു.
സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. കൊലപാതകത്തിലേക്ക് നയിച്ച കാരണം വ്യക്തമല്ലെങ്കിലും ജയില്‍ തടവുകാര്‍ക്കിടയില്‍ എന്തെങ്കിലും കലഹമുണ്ടായിട്ടുണ്ടോ എന്ന് പ്രാഥമിക അന്വേഷണം പൂര്‍ത്തിയാക്കിയ ശേഷം വിശദാംശങ്ങള്‍ അറിയിക്കുമെന്ന് പൊലീസ് വ്യക്തമാക്കി. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ അഡീഷണല്‍ കലക്ടര്‍ വിനോദ് കുമാറിന്റെ നേതൃത്വത്തില്‍ എ.ഡി.എം കമലകാന്ത് ഗുപ്ത, എ.സ്പി അജിത് കുമാര്‍ എന്നിവരടങ്ങിയ മൂന്നംഗ മജിസ്ട്രേറ്റ് അന്വേഷണ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. കൂടാതെ ജുഡീഷ്യല്‍ അന്വേഷണവും നടത്തുമെന്ന് ഡെപ്പ്യൂട്ടി കമ്മീഷണര്‍ രഞ്ജൻ പറഞ്ഞു.
Read also:നല്ല ഭരണം കാഴ്ച വച്ചാല്‍ ഭരണവിരുദ്ധ വികാരം ഉണ്ടാകില്ല: പ്രധാനമന്ത്രി
ജയിലിനുള്ളില്‍ ആയുധം കടത്തിയതെങ്ങനെയെന്ന് ഇനിയും വ്യക്തമായിട്ടില്ല. ഒരാഴ്ച മുമ്പ് ജയിലിനുള്ളില്‍ പരിശോധന നടന്നിരുന്നുവെന്നും കുറ്റകരമായ ഒന്നും കണ്ടെത്തിയിട്ടില്ലെന്നും ധൻബാദ് പൊലീസ് പറഞ്ഞു. ജയിലിനുള്ളില്‍ വെച്ച് താൻ കൊല്ലപ്പെട്ടേക്കുമെന്ന ആശങ്ക അമൻ ജയില്‍ അധികൃതരോട് നേരത്തെ പറഞ്ഞിരുന്നുവെന്ന് അന്വേഷണത്തില്‍ വ്യക്തമായി. പൊലീസ് ഉദ്യോഗസ്ഥര്‍ കോടതിക്ക് മുമ്ബാകെ ഹാജരാകാത്തതിനെ തുടര്‍ന്ന് മറ്റൊരു കേസില്‍ ഇയാളെ നേരത്തെ കുറ്റവിമുക്തനാക്കിയിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു