ഗ്ലാസ്ഗോ∙ സമീപ കാലത്തെങ്ങും ഉണ്ടാകാത്ത വിധത്തിലുള്ള കനത്ത മഞ്ഞുവീഴ്ചയെ തുടർന്ന് ശനിയാഴ്ച റൺവേ അടച്ചിട്ട ഗ്ലാസ്ഗോ വിമാനത്താവളത്തിൽ സർവീസുകൾ പുനരാരംഭിച്ചു. റൺവേയിൽ വീണു കിടന്ന ഐസ് പൂർണമായി നീക്കം ചെയ്ത ശേഷമാണ് വിമാനത്താവളത്തിന്‍റെ പ്രവർത്തനം സാധാരണ നിലയിലാക്കിയത്. ഒറ്റരാത്രികൊണ്ട് വീണ മഞ്ഞ് സ്കോട്ലൻഡിലെ പ്രധാന വ്യാവസായിക നഗരമായ ഗ്ലാസ്ഗോയിലെ രാജ്യാന്തര വിമാനത്താവളത്തെ നിശ്ചലമാക്കുകയായിരുന്നു. യുകെയിലെ തന്നെ പ്രധാന വിമാനത്താവളങ്ങളിൽ ഒന്നാണ് ഇത്. നേരത്തെ ഗ്ലാസ്‌ഗോയിലേക്കുള്ള രണ്ട് വിമാനങ്ങൾ പ്രെസ്റ്റ്വിക്കിലേക്കും എഡിൻബറോയിലേക്കും വഴിതിരിച്ചു വിട്ടിരുന്നു. മഞ്ഞ ജാഗ്രത (യെല്ലോ അലർട്ട്) നിലവിലുള്ളതിനാൽ വീണ്ടും തടസ്സത്തിന് സാധ്യത ഉണ്ട്. നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നതിനെക്കാൾ കൂടിയ അളവിലുള്ള മഞ്ഞുവീഴ്ച സ്കോട്ലൻഡിലെ ഗതാഗത സംവിധാനത്തെയാകെ താളം തെറ്റിക്കുകയായിരുന്നു. അബർഡീൻ വിമാനത്താവളത്തിൽ നിർത്തിയിട്ടിരുന്ന ബ്രിട്ടിഷ് എയർവേയ്സിന്‍റെ വിമാനത്തിൽ വാഹനം വന്നിടിച്ചതിനെ തുടർന്ന് സർവീസ് റദ്ദാക്കി.
മഞ്ഞുമൂലം സിഗ്നലിങ് സംവിധാനങ്ങൾ തകരാറിലായതിനാൽ സ്കോട് റെയിലിന്‍റെ ഗ്ലാസ്ഗോ സെൻട്രലിൽ നിന്നുള്ള ചില ട്രെയിൻ സർവീസുകളും റദ്ദാക്കേണ്ടി വന്നു. തകരാർ പരിഹരിക്കാൻ ജീവനക്കാർ കഴിയുന്നത്ര വേഗത്തിൽ പ്രവർത്തിക്കുന്നുണ്ടെന്ന് റെയിൽ ഓപ്പറേറ്റർ അറിയിച്ചു. സ്കോട്ടിഷ് പ്രഫഷണൽ ഫുട്ബോൾ ലീഗിലെ (എസ്പിഎഫ്എൽ) 11 ഫുട്ബോൾ മത്സരങ്ങളാണ് മഞ്ഞുവീഴ്ച മൂലം ശനിയാഴ്ച മുടങ്ങിയത്.
പ്രതികൂല കാലാവസ്ഥയെ തുടർന്ന് യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസി വിവിധ പ്രദേശങ്ങളിൽ ശീത പ്രത്യാഘാത ആരോഗ്യ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. തണുത്ത കാലാവസ്ഥ ആരോഗ്യ സേവനങ്ങളെയും രോഗികളെയും ബാധിക്കാൻ സാധ്യതയുണ്ടെന്ന് ഏജൻസി മുന്നറിയിപ്പ് നൽകുന്നു.
ഈസ്റ്റ് മിഡ്‌ലാൻഡ്‌സ്, വെസ്റ്റ് മിഡ്‌ലാൻഡ്‌സ്, നോർത്ത് വെസ്റ്റ്, നോർത്ത് ഈസ്റ്റ്, യോർക്ക്ഷയർ, ഹംബർ എന്നിവിടങ്ങളിൽ ഡിസംബർ 5 വരെ ജാഗ്രതാ നിർദേശമുണ്ട്.2010നു ശേഷം നവംബർ, ഡിസംബർ മാസങ്ങളിലെ ഏറ്റവും കൂടിയ തണുപ്പും ഹിമപാതവുമാണ് സ്കോട്ലൻഡിൽ അനുഭവപ്പെടുന്നത്. ഗ്ലാസ്ഗോയിലും സ്കോട്ലന്റിന്‍റെ പടിഞ്ഞാറ് ഭാഗങ്ങളിലും മഞ്ഞുവീഴ്ച സംബന്ധിച്ച് അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു. ഒരാഴ്ചയിലേറെയായി രാത്രികാലങ്ങളിൽ താപനില മൈനസ് ഡിഗ്രിയാണ്. ഹൈലാൻഡ്‌സിലെ അയോനാച്ച് മോറിൽ മൈനസ് 8 ഡിഗ്രി സെൽഷ്യസ് വരെ താഴ്ന്നു. പടിഞ്ഞാറൻ ദ്വീപുകൾ, പ്രധാന ഭൂപ്രദേശത്തിന്‍റെ വടക്ക് പടിഞ്ഞാറൻ തീരം, ഓർക്ക്‌നി, ഷെറ്റ്‌ലൻഡ് എന്നിവിടങ്ങളിൽ രണ്ടാം മുന്നറിയിപ്പ് നിലവിലുണ്ട്.റോഡ്, ബസ്, റെയിൽ ശൃംഖലകൾ തടസ്സപ്പെടാൻ സാധ്യതയുണ്ട്. ഐസ് നീക്കാത്ത റോഡുകളിലും നടപ്പാതകളിലും സൈക്കിൾ പാതകളിലും ഐസ് പാച്ചുകൾ രൂപം കൊള്ളുന്നതിനാൽ ജാഗ്രതാ മുന്നറിയിപ്പുണ്ട്. അബർഡീനിലെ കോക്ക് ബ്രിഡ്ജിൽ എ 939 ലെ സ്നോ ഗേറ്റുകൾ അടച്ചതിനാൽ ഇതുവഴി വാഹനഗതാഗതം നിരോധിച്ചിരിക്കുകയാണ്.
ഈസ്റ്റ് ഡൺബാർട്ടൺഷെയറിൽ ഡിഫ്‌ഫ്രോസ് ചെയ്യുന്നതിനിടെ കാർ മോഷ്ടിക്കപ്പെട്ട സംഭവത്തിൽ സ്‌കോട്ലൻഡ് പോലീസ് മുന്നറിയിപ്പ് നൽകി. വീടിന് പുറത്ത് ആളില്ലാതെ കിടന്ന 7 വാഹനങ്ങൾ കണ്ടെത്തിയതായി ഉദ്യോഗസ്ഥർ പറഞ്ഞു. മഞ്ഞു മൂടിക്കിടക്കുന്ന കാറുകൾ ചൂടാക്കാനായി സ്റ്റാർട്ട് ചെയ്ത് നിർത്തിയിട്ട് ഉടമകൾ വീട്ടിലേക്ക് കയറിപ്പോകുന്നതാണ് മോഷ്ടാക്കൾക്ക് തുണയാകുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
















