ഗാസ: വടക്കൻ ഗസ്സയിൽ വ്യാപക നശീകരണവും കൂട്ടക്കൊലയും നടത്തിയ ഇസ്രായേൽ, തെക്കൻ ഗസ്സയിലേക്കും വ്യോമാക്രമണം വ്യാപിപ്പിക്കുന്നു. വെടിനിർത്തൽ അവസാനിച്ചതിനുപിന്നാലെ, ആളുകൾ സുരക്ഷിതമെന്ന് കരുതിയിരുന്ന തെക്കൻ ഗസ്സ ലക്ഷ്യമിട്ട് ഇസ്രായേൽ ആക്രമണം ശക്തമാക്കിയിരുന്നു.
ഇന്നലെ രാത്രി ഖാൻ യൂനിസിന്റെ കിഴക്കൻ പ്രദേശങ്ങളിലും തീരപ്രദേശങ്ങളിലുമാണ് കൂടുതൽ ആക്രമണങ്ങൾ നടന്നത്. നിരവധി വീടുകൾ നശിപ്പിച്ചു. കൃഷിഭൂമിക്ക് നേരെയും വ്യാപക അക്രമം അരങ്ങേറി. വടക്കൻ ഗസ്സയിൽ നടന്നതിന് സമാനമായി തെക്കൻ ഗസ്സയിലും കരയാക്രമണത്തിന് വഴിയൊരുക്കുന്നതിനാണ് ഈ നീക്കമെന്ന് കരുതുന്നതായി അൽജസീറ റിപ്പോർട്ട് ചെയ്യുന്നു.
തെക്ക് ഭാഗത്തും തങ്ങളുടെ സൈനികനീക്കം വിപുലീകരിക്കുമെന്ന് അധിനിവേശ സേന നേരത്തെ പ്രഖ്യാപിച്ചിരുന്നു. കരസേനയ്ക്ക് മുന്നോട്ട് പോകാൻ വഴിയൊരുക്കുന്നതിനാണ് ഇപ്പോഴുള്ള ശ്രമമെന്ന് കരുതുന്നു. ഗസ്സയുടെ വടക്കും തെക്കുമായി ഇന്നലെ ഇരുനൂറിലേറെ കേന്ദ്രങ്ങൾ ലക്ഷ്യമിട്ടതായി ഇസ്രായേൽ പറഞ്ഞിരുന്നു. ദക്ഷിണ ഗസ്സ നഗരമായ ഖാൻ യൂനുസിൽ ജനങ്ങളോട് കൂടുതൽ തെക്കോട്ട് ഒഴിഞ്ഞുപോകാനാവശ്യപ്പെട്ട് ഇസ്രായേൽ ആകാശത്തുനിന്ന് ലഘുലേഖകൾ വിതരണം ചെയ്തതും തെക്കൻ ഗസ്സയും നശിപ്പിക്കാനുള്ള മുന്നൊരുക്കമായി കരുതുന്നു.
ആയിരക്കണക്കിന് ജനങ്ങൾ ദക്ഷിണ ഗസ്സയിലെ നാസർ ഹോസ്പിറ്റലിൽ അഭയം തേടി. ശുജാഇയ മേഖലയിൽ വീടുകൾക്കുമേൽ ബോംബിട്ട് നിരവധി പേരെ കൊലപ്പെടുത്തി. അതിർത്തി ക്രോസിങ് നഗരമായ റഫയിലും ആക്രമണം നടത്തി.തങ്ങളുടെ ചുറ്റും ആളുകൾ കൊല്ലപ്പെട്ടു കൊണ്ടിരിക്കുകയാണെന്ന് ഇന്തോനേഷ്യയിൽ നിന്നുള്ള സന്നദ്ധപ്രവർത്തകൻ ഫിക്രി റഫിയുൽ ഹഖ് പറഞ്ഞു. ഇസ്രായേൽ സൈന്യം നശിപ്പിച്ച ഇന്തോനേഷ്യൻ ഹോസ്പിറ്റലിലെ ജീവനക്കാരനായിരുന്ന റഫിയുൽ ഹഖ്, ഇപ്പോൾ സൗത്ത് ഗസ്സയിലെ സർക്കാർ സ്‌കൂളിൽ അഭയാർഥികൾക്കൊപ്പം കഴിയുകയാണ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു