ലണ്ടൻ ∙ വിവിധ രാജ്യങ്ങളിൽനിന്നുള്ള വ്യാവസായിക ഉൽപന്നങ്ങളെ ലോകവിപണിക്കു പരിചയപ്പെടുത്തുന്ന ലണ്ടൻ ബിസിനസ് ഷോയിൽ ശ്രദ്ധേയ സാന്നിധ്യമായി ആലപ്പുഴയിലെ കയർ ഉൽപന്നങ്ങളും. ആലപ്പുഴ കലവൂരിലെ ‘ഡ്യൂറോഫൈബർടെക്സ്’ കമ്പനിയാണ് കയറുകൊണ്ടുള്ള വ്യത്യസ്ത ഉൽപന്നങ്ങൾ രണ്ടു ദിവസത്തെ രാജ്യാന്തര ബിസിനസ് ഷോയിൽ അവതരിപ്പിച്ച് ശ്രദ്ധ നേടിയത്. കയർ കാർപെറ്റ്, ഡോർ മാറ്റ്, യോഗ മാറ്റ്, റഗ്ഗ്, തുടങ്ങി വ്യത്യസ്തയിനം കയർ ഉൽപന്നങ്ങളാണ് കമ്പനിക്കുള്ളത്. ഇതു കൂടാതെ ചണം കൊണ്ടും നാച്വറൽ റബർ കൊണ്ടുമുള്ള സമാനമായ ഉൽപന്നങ്ങൾ കമ്പനി വിപണിയിൽ ഇറക്കുന്നു. ആലപ്പഴ കലവൂർ ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലാണ് 1962ൽ ആരംഭിച്ച കമ്പനിയുടെ പ്രവർത്തനം.
ബ്രിട്ടനിലും യൂറോപ്പിലും ഇപ്പോൾതന്നെ ഡ്യൂറോഫൈബർടെക്സിന്റെ ഉൽപന്നങ്ങൾ ലഭ്യമാണ്. തുടർച്ചയായ മൂന്നാം വർഷമാണ് കമ്പനി ഈ ബിസിനസ് മേളയിൽ പങ്കാളികളാകുന്നത്. കമ്പനിയെ പ്രതിനിധീകരിച്ച് എത്തിയ മാനേജിംങ് ഡയറക്ടർ ബിജു ജോൺ പറമ്പിൽ വിവിധ രാജ്യങ്ങളിൽനിന്നുള്ള സംരംഭകരുമായും വാണിജ്യ പ്രതിനിധികളുമായും കൂടിക്കാഴ്ച നടത്തി. ഈസ്റ്റ് ലണ്ടനിലെ എക്സ്ൽ ഇന്റർനാഷണൽ കൺവൻഷൻ സെന്ററിൽ കഴിഞ്ഞ ബുധൻ, വ്യാഴം ദിവസങ്ങളിലായിരുന്നു വിവിധ രാജ്യങ്ങളിൽ നിന്നുള്ള 750 സംരംഭകർ പങ്കെടുത്ത ബിസിനസ് ഷോ. മേളയോടനുബന്ധിച്ച് നടത്തിയ മാസ്റ്റർ ക്ലാസുകളിൽ ഇരുന്നൂറ് മാനേജ്മെന്റ് വിദഗ്ധരും സംരംഭകരും അനുഭവങ്ങളും ബിസിനസ് രഹസ്യങ്ങളും പങ്കുവയ്ക്കാനെത്തി. രണ്ടുദിവസം കൊണ്ട് 25,000 പേരാണ് ബിസിനസ് ഷോ കാണാനെത്തിയത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു