ലണ്ടൻ∙ വൃദ്ധയായ ഇന്ത്യൻ വനിതയെ നാടുകടത്താനുള്ള നീക്കത്തിൽ ബ്രിട്ടനിൽ പ്രതിഷേധം. 2019 മുതൽ പഞ്ചാബ് സ്വദേശിനിയായ ഗുർമിത് കൗറിനെ നാടുകടത്താനുള്ള ശ്രമത്തിലാണ് ബ്രിട്ടൻ. നാടുകടത്തലിനെതിരെ ഇംഗ്ലണ്ടിലെ വെസ്റ്റ് മിഡ്‌ലാൻഡ്സ് മേഖലയിൽ നിന്നും വൻ പ്രതിഷേധമാണ് ഉയരുന്നത്. പ്രതിഷേധക്കാർ 65,000-ത്തിലധികം ഒപ്പുകൾ ശേഖരിച്ച് ഓൺലൈനായി നാടുകടത്തലിനെതിരെ നിവേദനം നൽകിയിരുന്നു.
78 കാരിയായ ഗുർമിത് കൗർ 2009ലാണ് യുകെയിൽ എത്തിയത്. വിധവായ ഗുർമിതിന് പഞ്ചാബിൽ നിലവിൽ ആരുമില്ല. അതിനാൽ തന്നെ യുകെയിലെ സ്മെത്ത്വിക്കിലെ പ്രാദേശിക സിഖ് സമൂഹം ഗുർമിത് കൗറിന്‍റെ സംരക്ഷണം ഏറ്റെടുത്തതായി പ്രതിഷേധക്കാർ പറയുന്നു. ഗുർമിതിന് വേണ്ടി പ്രതിഷേധക്കാർ സമൂഹമാധ്യമങ്ങളിലും പ്രചാരണം നടത്തുന്നുണ്ട്.
2009 ൽ ഒരു വിവാഹത്തിൽ പങ്കെടുക്കുന്നതിനായിട്ടാണ് ഗുർമിത് കൗർ ബ്രിട്ടണിലെത്തുന്നത്. തുടക്കത്തിൽ മകനോടൊപ്പമായിരുന്നു താമസം. പിന്നീട് കുടുംബവുമായി അകന്നതോടെ അപരിചിതരുടെ ദയയിലാണ് ഗുർമിത് കഴിയുന്നത്. പഞ്ചാബിൽ ഇപ്പോൾ കുടുംബം ഇല്ലെന്നും അതു കൊണ്ട് യുകെയിൽ തന്നെ താമസിക്കാൻ ഗുർമിത് അപേക്ഷിച്ചെങ്കിലും അധികൃതർ അപേക്ഷ നിരസിച്ചു. പഞ്ചാബിലെ സ്വന്തം ഗ്രാമത്തിലെ ആളുകളുമായി ഗുർമിത് കൗർ ഇപ്പോഴും സമ്പർക്കം പുലർത്തുന്നുണ്ടെന്നും അവിടെയുള്ള ജീവിതവുമായി വീണ്ടും പൊരുത്തപ്പെടാൻ കഴിയുമെന്നും യുകെ ഹോം ഓഫിസ് പറയുന്നു.
‘‘ ഗുർമിതിന് പഞ്ചാബിൽ പൊളിഞ്ഞ വീടുണ്ട്, മേൽക്കൂരയില്ല, 11 വർഷമായി പോയിട്ടില്ലാത്ത ഗ്രാമത്തിൽ ഭക്ഷണവും മറ്റും കണ്ടെത്തേണ്ടിവരും. പ്രായമതിനാൽ ഇതിനും പ്രയാസമുണ്ട്. ഇത് അവരെ സാവധാനം കൊല്ലുന്ന പോലെയാണ് ’’ – ബ്രഷ്‌സ്ട്രോക്ക് കമ്മ്യൂണിറ്റി പ്രോജക്ടിന്റെ ഇമിഗ്രേഷൻ ഉപദേഷ്ടാവും വീസ അപ്പീൽ പ്രക്രിയയിലൂടെ ഗുർമിത് കൗറിനെ സഹായിക്കുന്ന സൽമാൻ മിർസ അഭിപ്രായപ്പെട്ടു.
അതേസമയം, വ്യക്തിഗത കേസുകളിൽ അഭിപ്രായം പറയാൻ കഴിയില്ലെങ്കിലും, എല്ലാ അപേക്ഷകളും അവയുടെ വ്യക്തിഗത യോഗ്യതയും നൽകിയ തെളിവുകളുടെ അടിസ്ഥാനത്തിലും ശ്രദ്ധാപൂർവ്വം പരിശോധിച്ചാണ് തീരുമാനം എടുക്കുന്നതെന്ന് ഹോം ഓഫിസ് വക്താവ് പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു