മിൽട്ടൻ കെയ്ൻസ് ∙ ഇംഗ്ലീഷ് നാഷനൽസ് ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ സിംഗിൾസിലും, ഡബിൾസിലും, മിക്സഡ് ഡബിൾസിലും സ്വർണ്ണമെഡലുകൾ തൂത്തുവാരി നിഖിൽ ദീപക് പുലിക്കോട്ടിൽ. മിൽട്ടൺ കെയ്ൻസിൽ വെച്ച് നടന്ന 2023 നാഷനസ് ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിലാണ് നിഖിൽ തന്റെ അജയ്യത വീണ്ടും തെളിയിച്ചത്. നവംബർ 18, 19 തീയതികളിലായി നടന്ന ദേശീയ ബാഡ്മിന്റൺ ടൂർണ്ണമെന്റിലും, കഴിഞ്ഞ രണ്ടുവർഷവും സിംഗിൾസ് ചാമ്പ്യനായിരുന്ന നിഖിലിൽ ഈ വിജയത്തോടെ ഹാട്രിക് നേട്ടം സ്വന്തമാക്കിയിരിക്കുകയാണ്.
യു 13 സിംഗിൾസിൽ ഗോൾഡ് നേടിയ നിഖിൽ ദീപക് ഡബിൾസിൽ ഏറ്റിന്നെ ഫാനുമായി ( ഹോങ്കോങ് താരം) ചേർന്നുണ്ടാക്കിയ പാർട്ണർഷിപ്പിലും, മിക്സഡ് ഡബിൾസ്സിൽ വേദൻഷി ജെയിനുമായി (നോർത്ത് ഇന്ത്യൻ) കൈകോർത്തും സ്വർണ്ണ മെഡലുകൾ തൂത്തുവാരുക ആയിരുന്നു. 2022 ൽ സ്ലോവാനിയയിൽ വെച്ച് നടന്ന ബാഡ്മിന്റൻ ചാമ്പ്യൻഷിപ്പിൽ U13 കാറ്റഗറിയിൽ സിംഗിൾസിൽ ബ്രോൺസ് കരസ്തമാക്കുകയും, ഡബിൾസിൽ നിഖിൽ, ഏറ്റിന്നെ ഫാനുമായി ചേർന്ന് സ്വർണ്ണം നേടിയിരുന്നു . ലണ്ടനിൽ താമസിക്കുന്ന ദീപക്-ബിനി പുലിക്കോട്ടിൽ ദമ്പതികളുടെ ഇളയ മകനാണ് നിഖിൽ ദീപക് പുലിക്കോട്ടിൽ. പിതാവ് ദീപക് എൻഎച്ച്എസി ൽ ബിസിനസ് ഇന്റലിജൻസ് മാനേജറായും, അമ്മ ബിനി ദീപക് എൻഎച്ച്എസി ൽ പീഡിയാട്രിക് ഫിസിയോതെറാഫിസ്റ്റ് ആയും ജോലി ചെയ്തു വരികയാണ്. നിഖിലിന്റെ ജ്യേഷ്‌ഠ സഹോദരൻ സാമൂവൽ പുലിക്കോട്ടിലും, ഇംഗ്ലണ്ടിലെ ബാഡ്മിന്റൻ കളിക്കളങ്ങളിൽ ശ്രദ്ധേയനാണ്. U 16 കാറ്റഗറിയിൽ സിംഗിൾസിൽ 10 ആം റാങ്കും ഡബിൾസിൽ 5 ആം റാങ്കും ഉള്ള സാമൂവൽ 11 –ാം വർഷ വിദ്യാർഥിയാണ്.
അപ്മിനിസ്റ്റർ കൂപ്പർ ആൻഡ് കോബോൺ സ്ക്കൂളിൽ വിദ്യാർത്ഥികളാണ് നിഖിലും, സാമുവലും. 8 ആം ക്ലാസ്സിൽ പഠിക്കുന്ന നിഖിൽ പഠനത്തിൽ ഉന്നത നിലവാരം പുലർത്തുന്നതോടൊപ്പം സ്കൂൾ തലത്തിലുള്ള ഇതര ആക്റ്റിവിറ്റികളിലും സജീവവും, മിടുക്കനുമാണ്. നിഖിലിന്റെ കായിക മികവ് മുൻ തലമുറകളുടെ സ്പോർട്സ് രംഗത്തുള്ള പിന്തുടർച്ച കൂടിയാണെന്നാണ് കുടുംബാംഗങ്ങളുടെ വിലയിരുത്തൽ. നിഖിലിന്റെ മുതുമുത്തച്ഛൻ ഒക്കുറു അക്കാലത്തെ പേരുകേട്ട ഒരു ബോൾ ബാഡ്മിന്റൺ കളിക്കാരനായിരുന്നു. മുത്തച്ഛൻ വിന്നി ജൂനിയർ സ്റ്റേറ്റ് ബാസ്കറ്റ് ബോൾ താരവും, ഷട്ടിൽ ബാഡ്മിന്റൺ കളിയിൽ പ്രശസ്തനുമായിരുന്നു. അഖിലിന്റെ പിതാവും നല്ലൊരു കളിക്കാരനാണ്. ചെറുപ്പം മുതലേ ബാഡ്മിന്റൺ ട്രെയിനിങ് തുടങ്ങിയിട്ടുള്ള നിഖിൽ OPBC ക്ലബ്ബിൽ റോബർട്ട് ഗോല്ഡിങ് എന്ന മുൻ ഇംഗ്ലണ്ട് ദേശീയ താരത്തിന്റെ കീഴിലാണ് പരിശീലനം നടത്തുന്നത്. ഇംഗ്ലണ്ട് ദേശീയ ബാഡ്മിന്റൺ ടൂർണമെന്റുകളിൽ തുടർച്ചയായി ഗോൾഡ് മെഡൽ കരസ്ഥമാക്കിയതിന്റെ മികവിൽ ഈ വർഷത്തെ അണ്ടർ 13 ഇംഗ്ലണ്ട് ടീമിലേക്കും നിഖിലിന് സെലക്ഷൻ ലഭിച്ചിട്ടുണ്ട്.
ഇംഗ്ലണ്ടിൽ ബാഡ്മിന്റൺ കായിക രംഗത്ത് രാജീവ് ഔസേഫിലൂടെ മലയാളി താരത്തിളക്കത്തിനു തുടക്കം കുറിച്ച ദേശീയ തലത്തിലും, രാജ്യാന്തര രംഗത്തും അറിയപ്പെടുന്ന ഒരു ബാഡ്മിന്റൺ താരമാവണം എന്നാണ് ഈ മിടുമിടുക്കന്റെ വലിയ അഭിലാഷം. അതിനു ശക്തമായപിന്തുണയും പ്രോത്സാഹനവുമായി കുടുംബവും, സ്‌ക്കൂളും, കോച്ചും ഒപ്പം മലയാളി സമൂഹവും ഉണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു