തിരുവനന്തപുരം: കേരളം ഭൂപരിഷ്കരണ നിയമം ലംഘിച്ച് കൈവശം വച്ചിരിക്കുന്ന ഭൂമി തിരിച്ചു പിടിച്ച് ഭൂരഹിതർക്ക് വിതരണം ചെയ്യാനുള്ള സർക്കാർ നീക്കത്തിന് തിരിച്ചടി. ഇതുവരെ കണ്ടെത്തിയ 830 . 274 ഏക്കർ (336 ഹെക്ടർ) ഭൂമി തിരികെ പിടിക്കാനായിരുന്നു സർക്കാർ തീരുമാനിച്ചത്. കൊട്ടിഘോഷിച്ച് പ്രഖ്യാപിച്ച പദ്ധതിക്ക് തുരങ്കം വയ്ക്കുകയാണ് റവന്യു വകുപ്പിലെ തന്നെ ചില ഉദ്യോഗസ്ഥർ. കേന്ദ്ര- സംസ്ഥാന സർക്കാരുകളിൽ സ്വാധീനമുള്ള രാഷ്ട്രീയ നേതാക്കളിൽ ചിലരെ കൂട്ടുപിടിച്ചാണ് ഭൂവുടമകൾ തന്ത്രം മെനയുന്നത്. റവന്യു വകുപ്പ് ഭരിക്കുന്ന സിപിഐക്കും മന്ത്രിക്കും നടപടികളുടെ മെല്ലെപോക്കിൽ അതൃപ്തിയുള്ളതായിട്ടാണ് അറിവ്. വൻകിട ഭൂവുടമകളുടെ തണ്ടപ്പേർ ആധാറുമായി ബന്ധപ്പെടുത്തിയാൽ 1664 വില്ലേജുകളിലും ഇവർക്കുള്ള ഭൂമിയുടെ വിവരം ലഭിക്കും. ഇത് അധികഭൂമി പിടിച്ചെടുക്കുന്നതിന്റെ ഗതിവേഗം വർധിപ്പിക്കും. ആധാറും തണ്ടപ്പേരുമായി ഭൂവുടമകളെ ബന്ധിപ്പിക്കുന്നതിനുള്ള നടപടികൾക്കാണ് ചിലർ തുരങ്കം വച്ച് നിർത്തിവയ്ക്കാൻ ശ്രമിക്കുന്നത്.
കേരള ഭൂപരിഷ്കരണ ചട്ടപ്രകാരം രണ്ടോ അഞ്ചോ അംഗങ്ങളുള്ള ഒരു കുടുംബത്തിന് 15 ഏക്കറിൽ കൂടുതൽ ഭൂമി കൈവശം വെക്കാനാകില്ല. അഞ്ചിൽ കൂടുതൽ അംഗങ്ങൾ കുടുമ്ബത്തിലുണ്ടെങ്കിൽ 20 ഏക്കർ വരെ അനുവദിക്കും. കമ്പനികൾക്ക് 25 ഏക്കർ വരെയാണ് പരിധി. ഈ പരിധി ലംഘിച്ച് കൈവശം വച്ച് ഭൂവുടമകളിൽ ചിലരുടെ തണ്ടപ്പേർ ആധാറുമായി ബന്ധിപ്പിച്ച് അടുത്തിടെയാണ് 830 . 274 ഏക്കർ ഭൂമി കണ്ടെത്തിയത്. സാധാരണ ഗതിയിൽ ഭൂവുടമകൾ അധിക ഭൂമി മറ്റു വില്ലേജുകളിൽ ബിനാമികളുടെ പേരിലേക്ക് മറിച്ച് വിൽക്കുന്ന രേഖകൾ ഉണ്ടാക്കുകയും ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും അതിനു മുൻകാല രേഖയാക്കി തട്ടിപ്പുനടത്തുകയുമാണ് ചെയ്തു വരുന്നത്.
ഭൂവുടമക്ക് കോടതിയിൽ പോകാൻ സാവകാശം ലഭിക്കുകയും ഏകപക്ഷീയമായി സ്റ്റേ സമ്പാദിക്കുവാൻ സമയം നൽകുകയും ചെയ്യുന്നു. ക്രമേണ ഭൂമി പിടിച്ചെടുക്കൽ നീക്കം അവസാനിക്കുന്നു. ഇതിനാണ് ഇപ്പോൾ പിടി മുറുക്കിയത്. അത് തകർക്കാനാണ് ആസൂത്രിത നീക്കവുമായി തൽപരകക്ഷികൾ രംഗത്തു വന്നത്. ബിനാമി പേരിലുള്ള വസ്തുക്കൾവരെ പുതിയ തീയതി ഉപയോഗിച്ച് കണ്ടെത്താനാകുന്നു എന്നതാണ് ശ്രദ്ധേയം.
തോട്ടങ്ങൾ, വിദ്യാഭ്യാസസ്ഥാപനങ്ങൾ, മറ്റു സ്ഥാപനങ്ങൾ എന്നിവ മുൻപ് പറഞ്ഞ ഭൂപരിധിയിൽ നിന്ന് ഒഴുവാക്കപ്പെട്ടിട്ടുണ്ട്. അതിന്റെ മാറാ പിടിച്ചും ഭൂപരിധിനിയമത്തെ മറികടക്കാൻ ശ്രമം നടത്തി വരുന്നു.
മുൻപ് അധികഭൂമി കണ്ടെത്താൻ ശ്രമിച്ചപ്പോഴെല്ലാം ആ പദ്ധതികളെ എങ്ങുമെത്താതിരിക്കാൻ ശ്രമിച്ച കേന്ദ്രങ്ങൾ തന്നെയാണ് ഇപ്പോഴും രംഗത്തുള്ളതെന്നാണ് വിവരം.
ഒരു ഭൂവുടമയുടെ പേരിലുള്ള എല്ലാ ഭൂമിയുടെയും വിവരങ്ങൾ ശേഖരിച്ച് അധികഭൂമി കണ്ടെത്തി താലൂക്ക് ലാന്റ് ബോർഡിന് റിപ്പോർട് ചെയ്യും.
തുരുവനന്തപുരം, കോഴിക്കോട്, എറണാകുളം, മലപ്പുറം എന്നി നാലു സോണൽ ലാന്റ് ബോർഡുകൾ സ്ഥാപിക്കുകയും അതിന്റെ ചുമതല അതാതു ജില്ലാ ഡെപ്യൂട്ടി കളക്റ്റർമാരെ ഏൽപ്പിക്കുകയും ചെയ്തതോടെയാണ് 830 . 274 ഏക്കർ ഭൂമി ഉടൻ കണ്ടെത്താൻ കഴിഞ്ഞത്. നടപടികൾ വേഗത്തിലാക്കിയ സർക്കാരിന്റെ അഭിമാന പദ്ധതിയിൽ ഉദഘോഷിച്ച ഒന്നിനാണ് ചിലർ ശവമഞ്ചം ഒരുക്കാനിറങ്ങി തിരിച്ചിരിക്കുന്നത്.
സർക്കാർ കൃത്യമായി ഇടപെട്ടുകൊണ്ട് അധിക ഭൂമി കണ്ടെത്താനുള്ള നടപടികൾ ത്വരിതപ്പെടുത്തുകയും തണ്ടപ്പേർ രേഖ ഭൂവുടമകളുടെ ആധാറുമായി ബന്ധിപ്പിക്കുന്ന നടപടികൾ വേഗത്തിലാക്കുകയും ചെയ്യണമെന്നാണ് റവന്യു ജീവനക്കാരിൽ സാമൂഹ്യബോധമുള്ളവരുടെ നിലപാട്. സർക്കാർ ഇടപെട്ടേമതിയാകുവെന്നാണ് അവർ പറയുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം