സൗത്താംപ്ടൻ∙ സൗത്താംപ്ടണിലെ ക്രിസ്മസ് മാർക്കറ്റ് നവംബർ പതിനാറിന് തുറന്നു. പാട്ടും പരിപാടികളും ആയി അതിഗംഭീര മാർക്കറ്റാണ് ഇത്തവണ കൗൺസിൽ ഒരുക്കിയരിക്കുന്നത്. യൂകെയിലെ ഏറ്റവും ഉയരം കൂടിയ ഫെറിസ് വീൽ സൗത്താംപ്ടൺ ക്രിസ്മസ് മാർക്കറ്റിന്റെ പ്രത്യേകതകളിൽ ഒന്ന് മാത്രം. ടൂറിസ്റ്റുകൾക്കും നിവാസികൾക്കും ഒരുപോലെ ആകർഷണീയമാണ് ന്യൂ ഇയർ വരെയുള്ള ഈ ആഘോഷങ്ങൾ. ഒരു വർഷത്തെ ഏറ്റവും വലിയ വാണിജ്യോത്സവമായ ബ്ലാക്ക് ഫ്രൈഡേ സെയിലും നവംബറിലാണ്. വസ്ത്രങ്ങൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ, കോസ്‌മെറ്റിക്‌സും തന്നെയാണ് ഇതിൽ പ്രധാനം. നിരവധി ബ്രാൻഡുകൾ കിഴിവുകൾ പ്രഖ്യാപിച്ചിട്ടുമുണ്ട്.
നവംബർ ആദ്യ ആഴ്ച തന്നെ ലണ്ടനിലെ പ്രധാന ക്രിസ്മസ് മാർക്കറ്റുകൾ എല്ലാം തുറന്നിരുന്നു. വിൻചെസ്റ്റർ കത്തീഡ്രലിനോട് ചേർന്നുകിടക്കുന്ന വിൻചെസ്റ്റർ മാർക്കറ്റും വളരെ പ്രശസ്തമാണ്. കത്തീഡ്രലിന്റെ നിർമിതി പ്രൗഢഗംഭീരവും ആയിരത്തിൽപരം വർഷങ്ങൾ പഴക്കമുള്ളതുമാണ്. പലതരം വീഞ്ഞും , ചുറോസും, ചീസും ഒക്കെ സ്റ്റാളുകളിൽ കൗതുകങ്ങളാണ്. കരകൗശല വസ്തുക്കളും വസ്ത്രങ്ങളും ഒരുപാടുണ്ട്. കോലിൽ കോർത്ത മാർഷ്‌മെല്ലോയും ചെസ്ററ്നട്ട് ചുട്ടതുമൊക്കെ കുട്ടികളുടെ പ്രിയപെട്ടവയെല്ലാം ഉണ്ട്.
ബ്രിട്ടീഷ് പ്രധാന മന്ത്രിയായ ഋഷി സുനകിന്റെ ജന്മസ്ഥലം കൂടെയാണ് സൗത്താംപ്ടൺ. അദ്ദേഹം ദീപാവലി ആഘോഷിക്കാൻ സൗത്താംപ്ടൺ ക്ഷേത്രത്തിൽ എത്തിയിരുന്നത് വാർത്തയായിരുന്നു. ടൈറ്റാനിക് യാത്ര തുടങ്ങിയതും ഈ തുറമുഖത്തു നിന്ന് ആയിരുന്നു . ലണ്ടനിലെ പ്രധാന ക്രിസ്മസ് കൗതുകങ്ങളിലൊന്ന് ഹൈഡ് പാർക്കിലെ വിന്റർ വണ്ടർലാൻഡ് തന്നെയാണ്. ആയിരങ്ങളാണ് ദിനവും അത് കാണാൻ എത്തുന്നത്. സൗത്ത് ബാങ്ക് വിന്റർ മാർക്കറ്റും കോവെന്റ് ഗാർഡൻ ക്രിസ്മസ് വില്ലേജുമെല്ലാം ലണ്ടൻ എന്ന നഗരത്തെ ഒന്നുകൂടെ മോടി പിടിപ്പിക്കാൻ എത്തിയിട്ടുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു