യൂറോവിഷൻ ഗാനമത്സര ജേതാവ് ജമാല റഷ്യയുടെ വാണ്ടഡ് ലിസ്റ്റിൽ

മോസ്കോ∙ യുക്രെയ്ൻ യൂറോവിഷൻ ഗാനമത്സര വിജയിയായ ജമാലയെ റഷ്യ പിടികിട്ടാപുള്ളിയായി (വാണ്ടഡ് ലിസ്റ്റ്)  പ്രഖ്യാപിച്ചതായി സ്റ്റേറ്റ് മീഡിയ റിപ്പോർട്ട് ചെയ്യുന്നു. റഷ്യൻ സായുധ സേനയെക്കുറിച്ച് വ്യാജ വിവരങ്ങൾ പ്രചരിപ്പിച്ചതായി ആരോപിച്ചാണ് നടപടി. ഗായികയുടെ യഥാർത്ഥ പേര് സൂസന ജമാലഡിനോവ എന്നാണ്. റഷ്യയുടെ യുക്രെയ്ൻ  അധിനിവേശത്തെതിനെതിരെ ജമാല തുറന്നടിച്ചിരുന്നു.

റഷ്യൻ മനുഷ്യാവകാശ വെബ്‌സൈറ്റായ മീഡിയസോണയുടെ റിപ്പോർട്ട് പ്രകാരം കഴിഞ്ഞ മാസമാണ് ജമാലയെ വാണ്ടഡ് ലിസ്റ്റിൽ ഉൾപ്പെടുത്തിയത്. പട്ടികയുടെ വിശദാംശങ്ങൾ തിങ്കളാഴ്ച മാത്രമാണ് മാധ്യമശ്രദ്ധ നേടിയതെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 2022-ൽ ഉക്രേനിയൻ പട്ടണമായ ബുച്ചയിൽ നടന്ന അതിക്രമങ്ങളെക്കുറിച്ച് ‘വ്യാജ’ വിവരങ്ങൾ പോസ്റ്റ് ചെയ്തതിന്റെ പട്ടികയിൽ ജമാലയുണ്ടെന്ന് റഷ്യൻ ബ്രേക്കിങ് ന്യൂസ് ടെലിഗ്രാം ചാനൽ ഷോട്ട് അവകാശപ്പെട്ടു.

നിലവിൽ ഓസ്‌ട്രേലിയയിൽ കഴിയുന്ന ജമാല സിഡ്‌നി ഓപ്പറ ഹൗസിന് മുന്നിൽ തന്റെ ഫൊട്ടോയും അതിനെക്കുറിച്ചുള്ള ഒരു ലേഖനത്തിന്റെ ലിങ്കും പോസ്റ്റ് ചെയ്തുകൊണ്ടാണ് പട്ടികയിൽ ഇടംനേടിയ വാർത്തയോട് പ്രതികരിച്ചത്. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ റഷ്യയുടെ അധിനിവേശത്തെ തുടർന്ന് 40 കാരിയായ യുവതി കുടുംബത്തോടൊപ്പം യുക്രെയ്നിൽ നിന്ന് പലായനം ചെയ്തത്.1944 എന്ന ഗാനത്തിലൂടെയാണ് ജമാല 2016 ൽ യൂറോവിഷൻ പുരസ്കാരം സ്വന്തമാക്കിയത്. 2014 ൽ യുക്രെയ്നിൽ നിന്ന് ക്രിമിയൻ പെനിൻസുല റഷ്യ അനധികൃതമായി പിടിച്ചടക്കിയതിനെക്കുറിച്ചുള്ള വ്യക്തമായ സന്ദേശമുള്ള ഗാനമായിരുന്നു 1944.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു 

Latest News