മിലാൻ∙ ഇറ്റലിയിലെ ഏറ്റവും വലിയ മാഫിയയ്ക്ക് എതിരെയുള്ള വിചാരണയിൽ 200ലധികം പ്രതികൾക്ക് മൊത്തം 2,200 വർഷത്തിലേറെ തടവിന് ശിക്ഷ വിധിച്ചു. മൂന്ന് വർഷത്തെ വിചാരണയിൽ ‘എൻഡ്രാംഗെറ്റ'(Ndrangheta)യുമായി (ഇറ്റലിയിലെ ഏറ്റവും കുപ്രശസ്തമായ മാഫിയാ സംഘം) ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന വ്യക്തികൾക്കാണ് കോടതി ശിക്ഷ വിധിച്ചത്. കൊള്ളയടിക്കൽ മുതൽ ലഹരിമരുന്ന് കടത്ത് വരെയുള്ള കുറ്റകൃത്യങ്ങൾ ഇതിൽ ഉൾപ്പെടുന്നു.
ശിക്ഷിക്കപ്പെട്ടവരിൽ മുൻ ഇറ്റാലിയൻ സെനറ്ററും ഉൾപ്പെടുന്നു. വിധിക്കെതിരെ അപ്പീൽ നൽകുന്നതിന് പ്രതികൾക്ക് സാധിക്കുമെന്നും കോടതി പറഞ്ഞു.യൂറോപ്പിലെ ഏറ്റവും സ്വാധീനമുള്ള ക്രിമിനൽ സംഘടനകളിൽ ഒന്നാണ് ‘എൻഡ്രാംഗെറ്റ ‘. തെക്കൻ ഇറ്റലിയിലെ രാഷ്ട്രീയത്തിലും സമൂഹത്തിലും മാഫിയ്ക്കുള്ള സ്വാധീനം ഈ കേസിലൂടെ വ്യക്തമാക്കുന്നതായിട്ടാണ് റിപ്പോർട്ടുകൾ. പ്രാദേശിക ഉദ്യോഗസ്ഥരും വ്യവസായികളും രാഷ്ട്രീയക്കാരും ഉൾപ്പെടെയുള്ള വൈറ്റ് കോളർ ജോലി ചെയ്യുന്നവർ വ്യാപകമായി ഉൾപ്പെട്ട കേസിലെ ശിക്ഷാവിധി ഇറ്റാലിയൻ സ്ഥാപനങ്ങളിൽ സംഘടിത കുറ്റകൃത്യങ്ങളുടെ ദൂരവ്യാപകമായ സ്വാധീനം കാണിക്കുന്നതായി വിദഗ്ധർ പറഞ്ഞു.
മുൻ പ്രധാനമന്ത്രി സിൽവിയോ ബെർലുസ്കോണിയുടെ പാർട്ടിയായ ഫോർസ ഇറ്റാലിയയുടെ അഭിഭാഷകനും മുൻ സെനറ്ററുമായ ജിയാൻകാർലോ പിറ്റെല്ലിയാണ് ശിക്ഷിക്കപ്പെട്ടവരിൽ ഏറ്റവും ശ്രദ്ധേയനായ വ്യക്തി. മാഫിയ സംഘവുമായി ബന്ധം പുലർത്തിയതിന് പിറ്റെല്ലിക്ക് 11 വർഷത്തെ തടവ് ശിക്ഷയാണ് ലഭിച്ചിരിക്കുന്നത്.നിയമാനുസൃതമായ സമ്പദ്‌വ്യവസ്ഥയിലേക്കും സംസ്ഥാന സ്ഥാപനങ്ങളിലേക്കും നുഴഞ്ഞുകയറുന്നതിനുള്ള എൻഡ്രാംഗെറ്റയുടെ വിജയത്തിൽ നിർണായകമായത് സിവിൽ സർവീസുകാർ, വിവിധ വ്യവസായങ്ങളിലെ പ്രഫഷണലുകൾ, ഉയർന്ന റാങ്കിങ്ങിലുള്ള ഉദ്യോഗസ്ഥർ എന്നിവരുമായുള്ള ബന്ധമാണ്.
കേസിൽ നൂറിലധികം പ്രതികളെ കോടതി വെറുതെ വിട്ടു. സുരക്ഷയെ ഭയന്ന് കേസ് പരിഗണിക്കുന്ന ജഡ്ജിമാർക്ക് പൊലീസ് സംരക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്.കാലാബ്രിയയിലെ ദരിദ്രമായ പ്രദേശത്താണ് ‘എൻഡ്രാംഗെറ്റ’യുടെ ആസ്ഥാനമെന്ന് കരുതപ്പെടുന്നു. ലോകത്തിലെ ഏറ്റവും അപകടകരമായ ക്രിമിനൽ സംഘടനകളിലൊന്നായി ഇത് കണക്കാക്കപ്പെടുന്നു ‘എൻഡ്രാംഗെറ്റ’യുടെ കീഴിലാണ് യൂറോപ്പിലെ കൊക്കെയ്ൻ വിപണിയുടെ 80% വരെ നിയന്ത്രണമെന്നാണ് നിഗമനം.ഏകദേശം 60 ബില്യൻ ഡോളർ (49 ബില്യൺ പൗണ്ട്) ആണ് സംഘത്തിന്റെ വാർഷിക വിറ്റുവരവ്.
ലമേസിയ ടെർമെ പട്ടണത്തിന്റെ പ്രാന്തപ്രദേശത്തുള്ള ഒരു കോൾ സെന്ററിലാണ് വിചാരണ നടന്നത്. പ്രതികളെ പാർപ്പിക്കാനുള്ള സങ്കേതകളും 600 ഓളം അഭിഭാഷകരെയും 900 സാക്ഷികളെയും പാർപ്പിക്കാൻ പര്യാപ്തമായ ഉയർന്ന സുരക്ഷയുള്ള കെട്ടിടത്തെ കോടതി മുറിയാക്കി മാറ്റുകയായിരുന്നു. കൊലപാതകം, കൊള്ളയടിക്കൽ, ലഹരിമരുന്ന് കടത്ത്, ഓഫിസ് ദുരുപയോഗം, കള്ളപ്പണം വെളുപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്ക് എതിരെ പ്രധാനമായിട്ടും ചുമത്തിയിരിക്കുന്നത്.
മൂന്ന് വർഷത്തിലേറെയായി, നടക്കുന്ന വിചാരണയിൽ ‘എൻഡ്രാംഗെറ്റ’ തെക്കേ അമേരിക്ക, ഓസ്‌ട്രേലിയ എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്നത് എങ്ങനെയെന്ന് സൂചിപ്പിക്കുണ്ട്. മാഫിയ സംഘത്തിലെ അംഗങ്ങൾ പ്രാദേശിക സമ്പദ്‌വ്യവസ്ഥയിലേക്കും പൊതു സ്ഥാപനങ്ങളിലേക്കും ആരോഗ്യ സംവിധാനത്തിലേക്കും നുഴഞ്ഞുകയറി, പൊതു ടെൻഡറുകൾ കൃത്രിമം കാണിക്കുകയും പ്രാദേശിക ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകുകയും ചെയ്തതാണ് പ്രവർത്തനം ശക്തമാക്കുന്നത്.
1980-കൾക്ക് ശേഷമുള്ള ഇത്തരത്തിലുള്ള ഏറ്റവും വലിയ വിചാരണയിൽ ജഡ്ജിമാർ ആയിരക്കണക്കിന് മണിക്കൂർ സാക്ഷിമൊഴികൾ പരിശോധിക്കുന്നതിന് മാത്രം നീക്കിവച്ചിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു