ലണ്ടൻ ∙ യുകെ വെസ്റ്റ്മിഡ്‌ലാൻഡ്സിന് സമീപം വോൾവർഹാംപ്ടണിൽ 19 വയസ്സുകാരൻ കൊല്ലപ്പെട്ട സംഭവത്തിൽ 12 വയസ്സുള്ള രണ്ട് ആൺകുട്ടികൾക്ക് എതിരെ കേസെടുത്തു. ഷോൺ സീസഹായ് എന്ന 19 കാരനാണ് ഈസ്റ്റ് പാർക്കിലെ ലാബർണം റോഡിൽ കൊല്ലപ്പെട്ടത്. സംഭവം നടന്ന ഉടനെ ആംബുലൻസ് എത്തിയെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞിരുന്നില്ല.
നിയമപരമായ കാരണത്താൽ പേര് വെളിപ്പെടുത്താൻ കഴിയാത്ത രണ്ട് ആൺകുട്ടികൾക്ക് എതിരെ ഷോൺ സീസാഹായുടെ കൊലപാതകത്തിനും കത്തികൾ കൈവശം വച്ചതിനും കേസെടുത്തിട്ടുണ്ടെന്ന് വെസ്റ്റ്മിഡ്‌ലാൻഡ് പൊലീസ് അറിയിച്ചു. ഇവരെ ഇന്ന് ബർമിങാം മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും. സംഭവം നടന്ന ഈസ്റ്റ് പാർക്കിൽ പൊലീസ് പട്രോളിങ് തുടരുകയാണ്. കൊലപാതകത്തിലേക്ക് നയിച്ച സംഭവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.
യുകെയിൽ നടക്കുന്ന അക്രമ സംഭവങ്ങൾ കൗമാരക്കാരിലും യുവാക്കളിലും വലിയതോതിൽ സ്വാധീനം ചെലുത്തുന്നതിനെ കുറിച്ചുള്ള പഠന റിപ്പോർട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു . ഇതനുസരിച്ച് കൗമാരപ്രായക്കാരിൽ പകുതിയും ആക്രമത്തിന് സാക്ഷികളോ ഇരകളോ ആയിട്ടുണ്ടെന്ന ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.
കത്തി കൊണ്ടുള്ള കുറ്റകൃത്യങ്ങൾ, ഭീഷണിപ്പെടുത്തൽ, സംഘട്ടനങ്ങൾ തുടങ്ങിയ ഗുരുതര കുറ്റകൃത്യങ്ങളിലാണ് കൗമാരക്കാർ ഉൾപ്പെടെയുള്ളവർ ഉൾപ്പെടുകയോ സാക്ഷികളാവുകയോ ചെയ്യുന്നത്. അക്രമ സംഭവങ്ങളിൽ ഉൾപ്പെട്ടതിന്റെ പേരിൽ കഴിഞ്ഞ 12 മാസത്തിനിടെ 3,58,000 കൗമാരക്കാർക്കാണ് ശാരീരികമായി പരുക്കേറ്റത്. ഇംഗ്ലണ്ടിലെയും വെയിൽസിലെയും മാത്രം കണക്കുകൾ ആണിത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു