ലണ്ടൻ ∙ ചാൻസിലർ ജറമി ഹണ്ട് അടുത്തയാഴ്ച പാർലമെന്റിൽ അവതരിപ്പാക്കാനിരിക്കുന്ന ഓട്ടം സ്റ്റേറ്റ്മെന്റിൽ (ശരത്കാല സാമ്പത്തിക നയം) പിന്തുടർച്ചാവകാശ നികുതിയിലും (ഇൻഹെറിറ്റൻസ് ടാക്സ്) ബിസിനസ് ടാക്സിലും ഇളവുകൾ അനുവദിച്ചേക്കുമെന്ന് സൂചന. ഇക്കാര്യത്തിൽ നയപരമായ തീരുമാനം ആയിട്ടില്ലെങ്കിലും സാമ്പത്തിക വിദഗ്ധരുടെ നിഗമനങ്ങളെ തള്ളാൻ കഴിഞ്ഞ ദിവസത്തെ ബിബിസി അഭിമുഖത്തിൽ ചാൻസിലർ തയാറായില്ല.
നിലവിൽ 325,000 പൗണ്ടാണ് ഇൻഹെറിറ്റൻസ് ടാക്സിന്റെ ത്രഷ്ഹോൾഡ്. അതായത് മാതാപിതാക്കൾ മക്കൾക്ക് കൈമാറുന്ന വീടിന് 325,000 പൗണ്ട് കുറച്ച്, ബാക്കിവരുന്ന തുകയുടെ 40 ശതമാനം പിന്തുടർച്ചാവകാശ നികുതി നൽകണം. ഈ തുക 325,000ൽ നിന്നും 500,000 പൗണ്ടായി വർധിപ്പിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. ഭാര്യയ്ക്കോ ഭർത്താവിനോ സിവിൽ പാർട്നർക്കോ കൈമാറുന്ന പ്രോപ്പർട്ടിയെ ഇൻഹെറിറ്റൻസ് ടാക്സിൽനിന്നും ഒഴിവാക്കാനുള്ള സാധ്യതയും മുന്നിൽ കാണുന്നവരുണ്ട്. ചാരിറ്റികൾക്കായി നീക്കിവയ്ക്കുന്ന പ്രോപ്പർട്ടികളെയും ഇത്തരത്തിൽ നികുതി പരിഗണനയിൽ നിന്നും പൂർണമായും ഒഴിവാക്കിയേക്കുമെന്നാണ് റിപ്പോർട്ടുകൾ.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു