ലണ്ടൻ ∙ ബ്രിട്ടനിലെ ചാൾസ് രാജാവിന്റെ പിറന്നാൾ ദിനത്തിൽ ആരോഗ്യപ്രവർത്തകർക്ക് ആദരം. പിറന്നാൾ ദിനത്തോട് അനുബന്ധിച്ച് ബക്കിങ്ഹാം കൊട്ടാരത്തിൽ സംഘടിപ്പിച്ച വിരുന്നിൽ പങ്കെടുത്തും ചാൾസിനെ നേരിൽ കണ്ടും മലയാളികളായ നഴ്സുമാരും. ഏകദേശം മുപ്പതോളം മലയാളി നഴ്സുമാർക്കാണ് യുകെയുടെ വിവിധ എൻഎച്ച്എസ് ട്രസ്റ്റുകളിൽ നിന്നും ക്ഷണം ലഭിച്ചത്. എൻഎച്ച്എസ് ആശുപത്രികളിൽ നഴ്സുമാർ നല്‍കുന്ന സേവനം അമൂല്യമാണെന്ന് വിശേഷിപ്പിച്ചാണ് ചാള്‍സ് രാജാവിന്റ ആദരം തേടിയെത്തിയത്.
യുകെയിൽ എത്തിയ വിവിധ രാജ്യങ്ങളിൽ നിന്നുള്ള നഴ്സുമാർ, മിഡ്വൈഫുമാർ എന്നിവർ ഉൾപ്പെടുന്ന നൂറുകണക്കിന് ആളുകൾ വിരുന്നിൽ പങ്കെടുത്തു. ചാൾസുമായി സംസാരിക്കാൻ ഉള്ള അവസരവും അവർക്ക് ലഭിച്ചു. വിരുന്നിനിടയില്‍ ഇന്ത്യ, ഫിലിപ്പയിൻസ്, കെനിയ, പോളണ്ട് എന്നിവ ഉൾപ്പടെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള നഴ്സുമാരുടെ സംഘത്തെ ചാൾസ് മൂന്നാമൻ രാജാവ് പ്രത്യേകം കണ്ടു സംസാരിച്ചു.
രാഷ്ട്രത്തലവനുമായുള്ള കൂടിക്കാഴ്ച വളരെ സവിശേഷം ആയിരുന്നുവെന്നും അതിലുപരി രാഷ്ട്രത്തിന്റെ ഹൃദയമായി മാറുന്ന കഠിനാധ്വാനികളായ സഹപ്രവർത്തകരെ കാണാൻ കഴിഞ്ഞതിൽ കൂടുതൽ സന്തോഷം ഉണ്ടെന്നും ലണ്ടൻ യൂണിവേഴ്സിറ്റി കോളജ് ഹോസ്പിറ്റലിലെ സീനിയർ നഴ്‌സായ ബിജോയ് സെബാസ്റ്റ്യൻ പറഞ്ഞു.
ബ്രിട്ടനിലെ രാജകുടുംബാംഗത്തെ നേരിൽ കാണുന്നത് ആദ്യമായാണെന്നും രാജ്യത്തെ ലക്ഷകണക്കിന് ആരോഗ്യ പ്രവർത്തകരുടെ പ്രതിനിധികളിൽ ഒരാളായി ചാൾസ് രാജാവിന്റെ പിറന്നാൾ ചടങ്ങുകളിൽ പങ്കെടുക്കാൻ കഴിഞ്ഞതിൽ അതിയായ സന്തോഷം ഉണ്ടെന്നും എക്‌സീറ്ററിലെ റോയൽ ഡെവൺ ആൻഡ് എക്‌സീറ്റർ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ വാർഡ് മാനേജർ ലീന ചാക്കോ പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു