മുംബൈ: ബോക്സ് ഓഫീസിൽ കുതിച്ച് സൽമാൻ ചിത്രം ‘ടൈഗർ 3’, ആദ്യദിനം 42.25 കോടി രൂപയാണ് ചിത്രം നേടിയതെങ്കിൽ ദീപാവലി ദിനത്തിൽ റെക്കോർഡ് കളക്ഷനാണ് ചിത്രത്തിന് ലഭിച്ചത്. റെക്കോർഡ് കളക്ഷൻ ലഭിച്ചതോടെ ദീപാവലി ദിനത്തിൽ ഏറ്റവും കൂടുതൽ പണം നേടിയ ഹിന്ദി ചിത്രമെന്ന നേട്ടവും ‘ടൈഗർ 3’ സ്വന്തമാക്കി.
ചിത്രം റിലിസായി രണ്ടാം ദിനത്തിൽ തന്നെ നൂറ് കോടി ക്ലബിലെത്താനും ‘ടൈഗർ 3’ക്ക് കഴിഞ്ഞു. സൽമാന്റെ കരിയറിലെ മികച്ച ആദ്യദിന കളക്ഷൻ നേടുന്ന ചിത്രവും ഇത് തന്നെയാണ്.ഇന്ത്യയിൽ 5,500 സ്ക്രീനിലും വിദേശത്ത് 3400 സ്ക്രീനുകളിലുമാണ് ടൈഗർ 3 റിലീസ് ചെയ്തത്. തിങ്കളാഴ്ച ഉച്ചവരെ ആഗോള തലത്തിൽ 94 കോടിയാണ് സിനിമ സ്വന്തമാക്കിയത്. 42.30 നേടിയ ‘ഭാരത്’ ആയിരുന്നു ഇതിന് മുൻപ് ഏറ്റവും കൂടുതൽ ആദ്യദിന കളക്ഷൻ നേടിയ സൽമാൻ ചിത്രം. ‘പ്രേം രഥൻ ധൻ പായോ’ ആണ് മൂന്നാമത്.നാലാമത് ‘സുൽത്താനും’ അഞ്ചാമത് ‘ടൈഗർ സിന്ദാഹേ’യുമാണ്.
ആദിത്യ ചോപ്രയുടെ തിരക്കഥയിൽ മനീഷ് ശർമ്മയാണ് സംവിധാനം. ‘ടൈഗർ സിന്ദാ ഹേ’, ‘വാർ’, ‘പഠാൻ’ എന്നീ സിനിമകളുടെ കഥാപശ്ചാത്തലത്തിന് ശേഷം നടക്കുന്ന സംഭവങ്ങളാണ് ചിത്രം പറയുന്നത്. ഇമ്രാൻ ഹാഷ്മിയാണ്
പ്രതിനായകൻ. അശുതോഷ് റാണ, രേവതി, റിദ്ദി ദോഗ്ര, രൺവീർ ഷൂരേ എന്നിവരാണ് മറ്റ് അഭിനേതാക്കൾ.ഷാരൂഖ് ഖാൻ, ഹൃത്വിക് റോഷൻ എന്നിവരുടെ അതിഥി വേഷങ്ങളും സിനിമയുടെ കളക്ഷൻ നേട്ടത്തിൽ നിർണായകമായി.