ലണ്ടന്‍∙ ബ്രിട്ടനിലെ ആഭ്യന്തരമന്ത്രി സുവെല്ല ബ്രേവര്‍മാനെ പുറത്താക്കി. പ്രധാനമന്ത്രി ഋഷി സുനകാണ് നടപടിയെടുത്തത്. പലസ്തീന്‍ അനുകൂല മാര്‍ച്ചിനെ പൊലീസ് കൈകാര്യം ചെയ്യുന്നതിനെക്കുറിച്ച് കഴിഞ്ഞയാഴ്ച നടത്തിയ അഭിപ്രായപ്രകടനമാണ് നടപടിക്കിടയാക്കിയത്. പലസ്തീന്‍ അനുകൂല റാലികളിലെ ചില തീവ്രവാദ ഘടകങ്ങള്‍ക്ക് നേരെ മെട്രോപൊളിറ്റന്‍ പൊലീസ് മൃദുസമീപനമാണ് സ്വീകരിക്കുന്നതെന്ന് ബ്രിട്ടിഷ് ദേശീയ മാധ്യമങ്ങളിൽ ഒന്നിലെ ലേഖനത്തില്‍ ബ്രേവര്‍മാന്‍ വിമര്‍ശിച്ചിരുന്നു. ഇതിനു പിന്നാലെ സുവെല്ലയെ പുറത്താക്കണമെന്ന സമ്മര്‍ദ്ദം ഋഷി സുനകിന് മേല്‍ ശക്തമായിരുന്നു.
പലസ്തീന്‍ അനുകൂല മാര്‍ച്ചുകള്‍ക്ക് നേരെ പൊലീസ് ഇരട്ട നിലപാട് സ്വീകരിക്കുന്നവെന്നാണ് ശനിയാഴ്ച പലസ്തീന്‍ അനുകൂല റാലിക്ക് മുമ്പ് പ്രസിദ്ധീകരിച്ച ലേഖനത്തില്‍ കുറ്റപ്പെടുത്തിയിരുന്നത്. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ ഭാവി നേതാവായിട്ടാണ് ഇന്ത്യന്‍ വംശജയായ സുവെല്ല ബ്രേവര്‍മാനെ കണക്കാക്കപ്പെടുന്നത്.
മുമ്പും വിവാദ പ്രസ്താവനകള്‍ നടത്തിയിട്ടുള്ള നേതാവാണ് സുവെല്ല ബ്രേവര്‍മാന്‍. ബ്രിട്ടനിലെ തെരുവുകളില്‍ പലസ്തീന്‍ പതാകകള്‍ പ്രദര്‍ശിപ്പിക്കപ്പെട്ടതിന് പൊലീസ് മേധാവിമാര്‍ക്ക് ബ്രേവര്‍മാന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. പലസ്തീന്‍ പതാക പ്രദര്‍ശിപ്പിക്കുന്നത് നിയമപരമല്ലെന്നും, ഭീകരതയ്ക്ക് നല്‍കുന്ന പിന്തുണയായി കണക്കാക്കുമെന്നുമായിരുന്നു മുന്നറിയിപ്പ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു