ലണ്ടൻ∙ ലാഫിങ് ഗ്യാസ് അഥവാ ചിരിപ്പിക്കുന്ന വാതകം എന്നറിയപ്പെടുന്ന നൈട്രസ് ഓക്സൈഡ് കൈവശം വയ്ക്കുന്നതും ഉപയോഗിക്കുന്നതും നിയമവിരുദ്ധമാക്കി ബ്രിട്ടൻ. ഡോക്ടർമാരുടെ നിർദേശപ്രകാരമല്ലാതെ ഇത് ഉപയോഗിക്കുകയോ കൈവശം സൂക്ഷിക്കുകയോ ചെയ്യുന്നത് ഇനിമുതൽ ക്രിമിനൽ കുറ്റമാകും. ഇന്നു മുതൽ സി-ക്ലാസ് ഡ്രഗ്ഗിന്റെ ഗണത്തിലാക്കിയ നൈട്രസ് ഓക്സൈഡ് അനധികൃതമായി കൈവശം വച്ചാൽ രണ്ടുവർഷം വരെ തടവും കനത്ത പിഴയും ശിക്ഷ ലഭിക്കും. സാമൂഹിക സുരക്ഷയും ഉപയോക്താക്കളുടെ ആരോഗ്യ സുരക്ഷയും പരിഗണിച്ചാണ് ഈ കനത്ത നടപടിയെന്നാണ് സർക്കാർ വിശദീകരണം.
മെഡിസിൻ വ്യവസായത്തിൽ വേദനസംഹാരിയുടെ ഗണത്തിലാണ് ഇതിനെ ഉൾപ്പെടുത്തിയിരിക്കുന്നത്. എന്നാൽ ടെൻഷനകറ്റാനും സുഖവിശ്രമത്തിനുമായി ചെറുപ്പക്കാർ ധാരളമായി ഇത് ഉപയോഗിക്കുന്നത് ബ്രിട്ടനിൽ പതിവായി മാറിയതോടെയാണ് ഇത് സൃഷ്ടിക്കുന്ന ആരോഗ്യപ്രശ്നങ്ങളിലേക്ക് സർക്കാരിന്റെ ശ്രദ്ധ തിരിഞ്ഞത്. 16നും 24നും മധ്യേ പ്രായമുള്ള യുവാക്കളാണ് ഇതിന്റെ ഉപയോക്താക്കളിൽ ഏറെയെന്നും പഠനങ്ങൾ കണ്ടെത്തി. ഇതിന്റെ അമിത ഉപയോഗം മൂലം ആശുപത്രികളിൽ അഡ്മിറ്റാകുന്നവരുടെ എണ്ണവും ഏറെക്കൂടുതലാണ്.
നൈട്രസ് ഓക്സൈഡിന്റെ അമിത ഉപയോഗം നാഡീവ്യൂഹവുമായും സ്പൈനൽ കോഡുമായും ബന്ധപ്പെട്ട നിരവധി പ്രശ്നങ്ങളിലേക്കാണ് യുവാക്കളെ കൊണ്ടെത്തിക്കുന്നത്. കയ്യ്-കാലുകളിലെ സെൻസേഷൻ നഷ്ടപ്പെടുക, അമിതമായ ഉറക്കം, തലവേദന, വയർ സംബന്ധമായ അസുഖങ്ങൾ എന്നിവയ്ക്കെല്ലാം ഇവ കാരണമാകുന്നതായി പഠനങ്ങൾ തെളിയിക്കുന്നുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു