കേംബ്രിജ് ∙ പ്രതിപക്ഷ നേതാവ് വി. ഡി. സതീശന് ആംഗ്ലിയാ റസ്കിൻ യൂണിവേഴ്സിറ്റിയിൽ സ്വീകരണവും,”സോഷ്യൽ ജസ്റ്റിസ് ആൻഡ് പൊളിറ്റിക്കൽ ഇക്വാലിറ്റി” എന്ന വിഷയത്തിൽ സെമിനാറും സംഘടിപ്പിക്കുന്നു. യു കെയിലെ ഇന്ത്യൻ വർക്കേഴ്സ് യൂണിയൻ, ആംഗ്ലിയ റസ്കിൻ യൂണിവേഴ്സിറ്റി സ്റ്റുഡന്റസ് യൂണിയനുമായി സഹകരിച്ച് നടത്തുന്ന സെമിനാറും, ചർച്ചയും നവംബർ 18 നാണ് ക്രമീകരിച്ചിരിക്കുന്നത്.
ഇന്ത്യൻ നാഷനൽ കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസ് മെമ്പറും, കേംബ്രിഡ് ഡപ്യൂട്ടി മേയറും, ഇന്ത്യൻ വർക്കേഴ്സ് യൂണിയൻ കോഓർഡിനേറ്ററുമായ അഡ്വ. ബൈജു തിട്ടാല സമ്മേളനത്തിൽ അധ്യക്ഷത വഹിക്കും. 18-ന് ശനിയാഴ്ച ഉച്ചക്ക് 12:30 ന് ആംഗ്ലിയാ റസ്കിൻ യൂണിവേഴ്സിറ്റി സ്റ്റുഡൻസ് ഹാളിൽ വച്ച് ആരംഭിക്കുന്ന പരിപാടിയിൽ മുഖ്യാതിഥിയായി എത്തുന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശനൊടൊപ്പം, കേംബ്രിഡ് എംപിയും, ഷാഡോ മിനിസ്റ്ററുമായ ഡാനിയേൽ ഷേഷ്ണർ, കേംബ്രിജ് ആൻഡ് പീറ്റർബറോ കമ്പൈൻഡ് ഡപ്യൂട്ടി മേയർ കൗൺസിലർ അന്നാ സ്മിത്ത്, പ്രശസ്ത എഴുത്തുകാരിയും സോഷ്യൽ ആക്ടിവിസ്റ്റുമായ ഷാഹിദ റഹ്‍മാൻ എന്നിവർ സംസാരിക്കും.
ജനാധിപത്യത്തിന് ലോകോത്തര മാതൃക നൽകിയ ഇന്ത്യൻ നാഷനൽ കോൺഗ്രസിന്റെ പ്രസക്തിയും, നെഹ്രുവിയൻ ആശയങ്ങളും കാഴ്ചപ്പാടും ചർച്ചയാവുമ്പോൾ കാലിക ഭരണ വീഴ്ചകളിൽ, വർഗ്ഗീയ ദ്രുവീകരണ നയങ്ങളും, ജനാധിപത്യ മൂല്യ ശോഷണവും, പൊതുമുതൽ സ്വകാര്യവൽക്കരിക്കൽ അടക്കം വിഷയങ്ങൾ ചർച്ചയിൽ അലയടിക്കും.
ആംഗ്ലിയ റസ്കിൻ യൂണിവേഴ്സിറ്റിയിൽ സംഘടിപ്പിക്കുന്ന സമ്മേളനത്തിലേക്ക് ഏവരെയും സസ്നേഹം സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു. സ്റ്റുഡൻസ് യൂണിയനുമായി സഹകരിച്ചു നടത്തുന്ന സമ്മേളനം ഏറെ പ്രാധാന്യത്തോടെയാണ് ജനാധിപത്യ വിശ്വാസികൾ നോക്കിക്കാണുക. ഏവർക്കും റജിസ്ട്രേഷൻ നടപടികളില്ലാതെ തന്നെ വന്ന് പങ്കെടുക്കാവുന്നതാണ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു