നോർത്താംപ്റ്റൺ∙ കേരള ഗവണ്മെന്റിന്റെ മലയാളം മിഷൻ പദ്ധതിയുടെ ഭാഗമായി എവിടെയെല്ലാം മലയാളിയുണ്ടോ അവിടെല്ലാം മലയാളം എന്ന സന്ദേശവുമായി യുകെ യിലെ നോർത്തംപ്റ്റണിൽ ‘കേരള അക്കാദമി നോർത്താന്‍റ്സ്’ 2023-24 അധ്യയന വർഷത്തെ ക്ലാസുകൾക്ക് നവംബർ 1ന് നോർത്താംപ്ടൺ സെന്റ് ആൽബൻസ് ഹാളിൽ കേരള പിറവിദിനത്തിൽ തുടക്കംകുറിച്ചു.
റജിസ്റ്റർ ചെയ്ത ഇരുപതോളം കുട്ടികൾ അവരുടെ രക്ഷിതാക്കളോട് ഒപ്പം വളരെയധികം ഭാഷാ തൃഷണയോടെയാണ് സ്‌കൂളിൽ എത്തിയത്. ആദ്യ ക്ലാസ്സ് മലയാളം മിഷൻ യുകെ ചാപ്റ്റർ സെക്രട്ടറിയും, കവൻട്രി മലയാളം സ്കൂളിലെ പ്രധാന അധ്യാപകനുമായ എബ്രഹാം കുര്യൻ നേതൃത്വം നൽകി. കുഞ്ഞുണ്ണി മാഷിന്റെ കവിതകളോടേ ആദ്യ ദിനം തന്നെ കുട്ടികൾക്ക് ഭാഷാ പഠനം ആസ്വാദ്യകരമാക്കി മാറ്റാൻ എബ്രഹാം കുര്യന് സാധിച്ചു.
ചടങ്ങിൽ പങ്കെടുത്ത രക്ഷിതാക്കളും ക്ലാസുകൾ കേട്ടിരിക്കുകയും അവരുടെ സന്തോഷം അധ്യാപകരെ അറിയിക്കുകയും ചെയ്തു. തികച്ചും വ്യത്യസ്തമായ ഒരു പഠനരീതിയാണ് മലയാളം മിഷൻ ഇതിനായി രൂപകല്പന ചെയ്തിട്ടുള്ളത്. സ്കൂൾ ചെയർമാനും ലോക കേരള സഭ അംഗവും ആയ അഡ്വ. ദിലീപ് കുമാർ മാതാപിതാക്കളോടും വിദ്യാർഥികളോടും ഈ അധ്യയന വർഷ ക്ലാസുകൾ സുഗമമായി നടത്തികൊണ്ടുപോകുവാൻ സഹകരണം അഭ്യർത്ഥിച്ചു.സ്കൂൾ മാനേജർ ആന്റോ കുന്നിപറമ്പിൽ സ്വാഗതം ആശംസിച്ച ചടങ്ങിൽ ചെയർമാനും ലോക കേരള സഭാ അംഗവുമായ ദിലീപ് കുമാർ അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ പ്രധാന അധ്യാപിക സൂസൻ ജാക്സൺ കുട്ടികളുമായി നടത്തിയ ഇന്ററാക്ടീവ് സെഷൻ വേറിട്ട അനുഭവം സമ്മാനിച്ചു. അധ്യാപകരായ രമേഷ് കോൽക്കാട്ടിൽ രത്നദാസൻ, നിവി ദിലീപ് എന്നിവർ ഇന്ററാക്ടീവ് സെഷൻ കൂടുതൽ സർഗ്ഗത്മകമാക്കി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു