ട്രിപ്പൊളി: ഉത്തരാഫ്രിക്കന്‍ രാജ്യമായ ലിബിയയിലുണ്ടായ മിന്നല്‍പ്രളയത്തില്‍ രണ്ടായിരത്തിലധികം പേര്‍ മരിച്ചതായി സൂചന. ഇതിനോടകം ആയിരത്തിലധികം പേരുടെ മൃതശരീരം കണ്ടെടുത്തതായി അധികൃതര്‍ അറിയിച്ചു. കൃത്യമായ മരണസംഖ്യ ഊഹിക്കുന്നതിനേക്കാള്‍ ഭീമമാകാനിടയുണ്ടെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.
കിഴക്കന്‍ ലിബിയന്‍ നഗരമായ ഡെര്‍ണയിലാണ് മിന്നല്‍പ്രളയമുണ്ടായത്. നഗരത്തിന്റെ ഒട്ടുമിക്കയിടങ്ങളിലും നീക്കം ചെയ്യാതെ മൃതശരീരങ്ങള്‍ കിടക്കുകയാണെന്നും ആ കാഴ്ച ഭീകരമാണെന്നും ഡെര്‍ണ സന്ദര്‍ശനത്തിനുശേഷം മടങ്ങിയെത്തിയ വ്യോമയാനമന്ത്രിയും എമര്‍ജന്‍സി കമ്മിറ്റി അംഗവുമായ ഹിഷേം സ്‌കിയൗട്ട് പറഞ്ഞു. ആയിരത്തിലധികം മൃതദേഹങ്ങള്‍ കണ്ടെടുത്തതായും അന്തിമകണക്ക് ഭീമമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നഗരത്തിന്റെ 25 ശതമാനത്തോളം അപ്രത്യക്ഷമായതായും നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നതായും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.
ഗ്രീസ്, ബള്‍ഗേറിയ തുടങ്ങിയ രാജ്യങ്ങളില്‍ നാശം വിതച്ച ശേഷം ഡെര്‍ണയില്‍ ആഞ്ഞടിച്ച ഡാനിയേല്‍ ചുഴലിക്കാറ്റാണ് പേമാരിയ്ക്കും മിന്നല്‍പ്രളയത്തിനും കാരണമായത്. ഞായറാഴ്ചയാണ് ഡാനിയേല്‍ മെഡിറ്ററേനിയന്‍ ഭാഗത്തെത്തിയത്.
ആയിരക്കണക്കിനാളുകളെ കാണാതായിട്ടുണ്ടെന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം. ഡെര്‍ണയിലെ അണക്കെട്ടുകള്‍ തകര്‍ന്നതാണ് പ്രളയദുരന്തത്തിന് ഇടയാക്കിയതെന്ന് കിഴക്കന്‍ ലിബിയയുടെ ഭരണം നിയന്ത്രിക്കുന്ന ലിബിയന്‍ നാഷണല്‍ ആര്‍മി(എല്‍എന്‍എ)യുടെ വക്താവ് അഹമദ് മിസ്മറി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. സമീപപ്രദേശങ്ങളേയും പ്രദേശവാസികളേയും പ്രളയം കടലിലേക്ക് ഒഴുക്കിയതായി മിസ്മറി കൂട്ടിച്ചേര്‍ത്തു. 5000-6000 പേരെ കാണാതായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എല്‍എന്‍എയുടെ ഏഴ് അംഗങ്ങള്‍ പ്രളയത്തില്‍പ്പെട്ട് മരിച്ചതായും മിസ്മറി അറിയിച്ചു.
പുതിയതും ഭീതിജനകവുമായ ഒരു ലോകം’: കിമ്മും പുടിനും റഷ്യയിൽ വീണ്ടും കണ്ടുമുട്ടുന്നു
ലിബിയയില്‍ നിന്ന് സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോദൃശ്യങ്ങള്‍ ദുരന്തത്തിന്റെ വ്യാപ്തി വ്യക്തമാക്കുന്നു. ഒലിച്ചുപോയ റോഡുകളും തകര്‍ന്നുവീണ കെട്ടിടാവശിഷ്ടങ്ങളും ദൃശ്യങ്ങളില്‍ കാണാം. കാറുകള്‍ ആളില്ലാതെയും ആളുകള്‍ മുകളില്‍ കയറിയിരുന്നും ഒഴുകിപോകുന്നത് കാണാം. പത്തടിയോളം ജലനിരപ്പുയര്‍ന്നതായി ജനങ്ങള്‍ പറയുന്നു. പ്രളയം രാത്രിയിലായതിനാലാണ് മരണസംഖ്യ ഇത്രയും കൂടാനിടയാക്കിയതെന്നാണ് നിഗമനം.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















