ന്യൂയോര്‍ക്ക്: റഷ്യന്‍ കൂലിപ്പട്ടാള മേധാവിയായിരുന്ന യിവ്ജെനി പ്രിഗോഷിനെ ആസൂത്രിതമായി വധിക്കുക തന്നെയായിരുന്നു എന്ന സൂചനയുമായി യുഎസ് അധികൃതര്‍. പ്രിഗോഷിന്‍ സഞ്ചരിച്ച വിമാനം തകര്‍ന്നത് വിമാനത്തിനുള്ളില്‍ തന്നെയുണ്ടായ സ്ഫോടനം കാരണമാണെന്നാണ് യുഎസ് നല്‍കുന്ന വിവരം. പ്രിഗോഷിനെ ലക്ഷ്യമിട്ട് വിമാനത്തിനകത്തുതന്നെ സ്ഫോടനം നടത്തിയിരിക്കാനാണ് സാധ്യതയെന്ന് പേരുവെളിപ്പെടുത്താത്ത യു.എസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
also read.. പുളിങ്കുന്ന് സബ് റജിസ്‌ട്രാർ ഓഫിസ് കെട്ടിടം പണി അവസാനഘട്ടത്തിലേക്ക്
വിമാനം റഷ്യന്‍ സൈന്യം വെടിവച്ചിട്ടതാണെന്ന് പ്രിഗോഷിന്‍ നേതൃത്വം നല്‍കിയിരുന്ന വാഗ്നര്‍ ഗ്രൂപ്പ് അടക്കമുള്ളവര്‍ നേരത്തെ ആരോപണം ഉന്നയിച്ചിരുന്നു. എന്നാല്‍, മിസൈല്‍ തൊടുത്തുവിട്ട് വിമാനം തകര്‍ക്കാനുള്ള സാധ്യതയെ കുറിച്ച് അനുമാനിക്കാവുന്ന ഒരു തെളിവുമില്ലെന്നാണ് യുഎസ് പ്രതിരോധ വകുപ്പിന്റെ വിലയിരുത്തല്‍.
ബുധനാഴ്ച വിമാനം മോസ്കോയില്‍നിന്ന് പറന്നുയര്‍ന്ന ഉടന്‍ തന്നെ തകര്‍ന്നുവീഴുകയായിരുന്നു. പ്രിഗോഷിന്‍ അടക്കം പത്തു പേരാണ് വിമാനത്തിലുണ്ടായിരുന്നത്. മൂന്നു പേര്‍ ജീവനക്കാരായിരുന്നു. ബാക്കി എല്ലാവരും വാഗ്നര്‍ ഗ്രൂപ്പ് അംഗങ്ങളും. വാഗ്നര്‍ ഗ്രൂപ്പിലെ രണ്ടാമന്‍, ലോജിസ്ററിക് തലവന്‍, പ്രിഗോഷിന്റെ സുരക്ഷാ ഉദ്യോഗസ്ഥന്‍ എന്നിവരും ഇതില്‍ ഉള്‍പ്പെടുന്നു.
തങ്ങളുടെ സുരക്ഷയെ കുറിച്ച് അതിശ്രദ്ധാലുക്കളായ വാഗ്നര്‍ സംഘത്തിലെ ഏറ്റവും ഉന്നതരായ ഉദ്യോഗസ്ഥര്‍ എല്ലാവരും ഒരേ വിമാനത്തില്‍ എങ്ങനെ സഞ്ചരിച്ചുവെന്നതും സെന്റ് പീറ്റേഴ്സ് ബര്‍ഗിലേക്കുള്ള യാത്രയുടെ ലക്ഷ്യവും അജ്ഞാതമാണ്.
എന്നാല്‍, പ്രിഗോഷിന്‍ വിമാനാപകടത്തില്‍ മരിച്ച സംഭവത്തില്‍ പങ്കില്ലെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിന്റെ വക്താവ് ദിമിത്രി പെസ്കോവ് പറഞ്ഞു.
പ്രിഗോഷിന്റെ മരണം വാഗ്നര്‍ കൂലിപ്പടയെ അസ്ഥിരമാക്കുമെന്ന് യു.കെ. പ്രതിരോധ മന്ത്രാലയം വിലയിരുത്തുന്നു. ചുറുചുറുക്കും സാഹസികതയും കൈമുതലുള്ള, ലക്ഷ്യം കാണാന്‍ അങ്ങേയറ്റം ക്രൂരത ചെയ്യാന്‍ മടിയില്ലാത്തയാളുമായ പ്രിഗോഷിന് ഒത്ത പിന്‍ഗാമിയെ ലഭിക്കാന്‍ സാധ്യത വിരളമാണെന്നും ബ്രിട്ടീഷ് അധികൃതര്‍.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,