കോഴിക്കോട്: തൊട്ടിൽപ്പാലത്ത് 19 കാരി വിദ്യാർഥിനിയെ തട്ടിക്കൊണ്ട് പോയി മുറിയിൽ പൂട്ടിയിട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിലെ പ്രതി കുണ്ടതോട് സ്വദേശി യു.കെ ജുനൈദി(25)നായി പോലീസ് അന്വേഷണം ഊർജിതമാക്കി. അന്വേഷണ സംഘം പ്രതിക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിപ്പിച്ചു. പ്രതി വിദേശത്തേക്ക് കടക്കാതിരിക്കാനാണ് പോലീസ് നടപടി.
നാദാപുരം ഡി വൈ എസ് പി വി.വി.ലതിഷിന്റെ മേൽനോട്ടത്തിലാണ് അന്വേഷണം ഊർജിതമാക്കിയത്. തൊട്ടിൽ പാലം എസ്ഐ യ്ക്കാണ് അന്വേഷണ ചുമതല. പ്രതി പെൺകുട്ടിയുടെ നഗ്നചിത്രങ്ങളും വീഡിയോയും പകർത്തിയതായാണ് പൊലീസ് പറയുന്നത്.
സ്വകാര്യ കോളജിൽ പഠിക്കുന്ന പെൺകുട്ടിയെ ബുധനാഴ്ച്ച വൈകിട്ടോടെയാണ് ഹോസ്റ്റലിൽ നിന്നും കാണാതാവുന്നത് . വീട്ടുകാർ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും കഴിയാതെ വന്നതോടെ സഹപാഠികളോട് വിവരം തേടുകയായിരുന്നു. ആൺസുഹൃത്തിനൊപ്പം വൈകിട്ടോടെ ബൈക്കിൽ പോയി എന്ന വിവരമാണ് ലഭിച്ചത്. തുടർന്ന് കുടുംബം പോലീസിൽ പരാതി നൽകി.
പോലീസ് സൈബർ സെല്ലിൻ്റെ സഹായത്തോടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ലൊക്കേഷൻ കുണ്ടുതോടാണെന്ന് കണ്ടെത്തി. ഇതുപ്രകാരം പോലീസ് സംഘം സ്ഥലത്തെത്തിയപ്പോൾ കുണ്ടുതോട് ടൗണിന് സമീപമുള്ള വീട്ടിലെ രണ്ടാം നിലയിൽ പെൺകുട്ടിയെ കണ്ടെത്തുകയായിരുന്നു.നാട്ടുകാരുടെ സഹായത്തോടെ പൂട്ട് പൊളിച്ചാണ് പൊലിസ് പെൺകുട്ടിയെ രക്ഷപ്പെടുത്തിയത്. വൈദ്യ പരിശോധനയിൽ പെൺകുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് പൊലിസ് പറഞ്ഞു.
പൊലീസ് സ്ഥലത്തെത്തുന്നതിന് ഒരു മണിക്കൂർ മുമ്പാണ് പ്രതി രക്ഷപെട്ടത്. സംഭവത്തിൽ പെൺകുട്ടിയുടെ മൊഴി പ്രകാരം ഐപിസി 376 ബലാത്സംഗത്തിനിരയാക്കിയതിനും, തട്ടിക്കൊണ്ട് പോയതിനും, ഭീഷണിപ്പെടുത്തി നഗ്ന ചിത്രങ്ങളും, വീഡിയോകളും പകർത്തിയതിനും പോലീസ് ജുനൈദിനെതിരെ കേസ് രജിസ്റ്റർ ചെയ്തു. പ്രതിയുടെ വീട്ടിൽനിന്ന് അഞ്ച് ഗ്രാം എംഡിഎംഎയും പോലീസ് കണ്ടെത്തിയിരുന്നു. എംഡിഎംഎ കണ്ടെത്തിയ സംഭവത്തിലും പൊലീസ് ജുനൈദിനെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം