മനുഷ്യൻ മനുഷ്യനു തന്നെ മാപ്പ് നൽകാനാകാത്ത ആ ദിവസങ്ങൾ….78വർഷം മുൻപ് ഓഗസ്റ്റിലെ ആ രണ്ടു ദിനങ്ങൾ … 6, 9 . യുദ്ധക്കൊതി തീരാത്ത അമേരിക്കയെന്ന ലോക ശക്തി അങ്ങേയറ്റത്തെ പ്രതികാരവാഞ്ജയോടെ ജപ്പാനു മേൽ വർഷിച്ച ‘ചെറുപയ്യനും’ ‘തടിയനും’.. കൺചിമ്മുന്ന നേരത്തിനുള്ളിൽ ജപ്പാനിലെ ആ രണ്ട് നഗരങ്ങളെ, ഹിരോഷിമയേയും നാഗസാക്കിയെയും ഭസ്മതുല്യമാക്കിയ Little boy ഉം Fatmanഉം….
78 കൊല്ലം മുൻപ് രണ്ടാം ലോകമഹായുദ്ധത്തിൽ ജപ്പാനെ അപ്പാടെ തകർത്തെറിഞ്ഞ് അമേരിക്ക അണുബോംബ് വർഷിച്ചതിന്‍റെ ഓർമ്മ ദിനങ്ങള്‍ . 1945 ഓഗസ്റ്റ് ആറിന് അമേരിക്ക ജപ്പാനുമേൽ വർഷിച്ചത് അനാധികാലത്തോളം ഒരു ജനതയുടെ ദുരിതമായി മാറിയ ആ ചെറിയ പയ്യനെയാണ്. ഒന്നരലക്ഷത്തോളം മനുഷ്യജീവനുകളാണ് നൊടിയിടയ്ക്കുള്ളിൽ ചിന്നഭിന്നമായത്. അണുവികിരണം ഏൽപ്പിച്ച ആഘാതം തലമുറകളിൽ നിന്ന് തലമുറകളിലേക്ക് നീണ്ടു. ഇന്നും തുടർന്നു കൊണ്ടേയിരിക്കുന്നു.. ലിറ്റിൽ ബോയ് എന്ന ആ അണുവായുധം ഏൽപ്പിച്ച പ്രഹരത്തിൽ ഹിരോഷിമ ഏതാണ്ട് അപ്പാടെ തകർന്നടിഞ്ഞു. ലോകമാനവികതയ്ക്ക് മേൽ അമേരിക്കനടത്തിയ നരകവർഷം എന്നാണ് പിന്നീട് വിശേഷിപ്പിക്കപ്പെട്ടത്.
ലിറ്റിൽ ബോയ് എന്ന അതിവികൃതിപ്പയ്യൻ :-
ഹിരോഷിമ നഗരം അടങ്ങുന്ന ബ്രോഡ്‌ലാൻഡ് ദ്വീപ്. 1589 കണ്ടെത്തിയ ഈ ദ്വീപിന്റെ തലവര മാറ്റിയത് രണ്ടാം ലോകമഹായുദ്ധം ആണ്. ഹവായിലെ പേൾ ഹാർബർ നാവികത്താവളം ആക്രമണത്തിന്റെ ആക്രമണത്തിലൂടെ തങ്ങളെ പേടിപ്പിച്ച സഖ്യകക്ഷികളിലെ പ്രധാനിയായിരുന്ന ജപ്പാനെ മുട്ടുകുത്തിക്കാൻ അമേരിക്ക കണ്ടെത്തിയ ഏറ്റവും ക്രൂരമായ മാർഗ്ഗമായിരുന്നു അണുവായുധ പ്രയോഗം. ഭൗതിക ശാസ്ത്രത്തിലെ അതികായനായ ആൽബർട്ട് ഐൻസ്റ്റീൻ 1939 ൽ അന്നത്തെ അമേരിക്കൻ പ്രസിഡന്‍റ് റൂസ് വെൽറ്റിനയച്ച ഒരു കത്താണ് അണുബോംബ് നിർമിക്കാനുള്ള പദ്ധതിയിലേക്ക് വഴിതിരിച്ചുവിട്ടത്.
1945 ജൂലൈ 25-ന് അമേരിക്കൻ വ്യോമസേനയുടെ പസഫിക് മേഖലാ കമാൻഡർ ജനറലായ കാൾ സ്പാർട്സിന് ജപ്പാനിലെ രണ്ടു നഗരങ്ങളിൽ ആറ്റംബോംബ് പ്രയോഗിക്കാനുള്ള നിർദ്ദേശം ലഭിക്കുകയായിരുന്നു. 40,000-ത്തോളം ജാപ്പനീസ് സൈനികർ ഉൾപ്പെടുന്ന സെക്കൻഡ് ജനറൽ ആർമിയുടെ ആസ്ഥാന മന്ദിരം സ്ഥിതിചെയ്യുന്ന, ജപ്പാനിലെ സമുദ്രത്തോട് ചേർന്ന് കിടക്കുന്ന നഗരമായ ഹിരോഷിമാ നഗരത്തെയാണ് ആദ്യം തിരഞ്ഞെടുത്തത്. തിരഞ്ഞെടുത്തത്. ജനറൽ പോൾടിബ്റ്റ്‌സ് പറപ്പിച്ച അമേരിക്കൻ വ്യോമസേനയുടെ ബി-29 ബോംബർ വിമാനമായ എനോള ഗേയിൽ നിന്നാണ് ബോംബ് പ്രയോഗിച്ചത്.
read more തീരാത്ത നൊമ്പരമായി ആൻ മരിയ ജോസ്: ഇടുക്കിയിൽ കുർബാനക്കിടെ ഹൃദയാഘാതം സംഭവിച്ച 17കാരി അന്തരിച്ചു
ലിറ്റിൽ ബോയി എന്നായിരുന്നു ബോംബിന്റെ പേര്. യുറേനിയം 235 ഐസോടോപ്പിനെ ലെഡ് കൊണ്ട് ആവരണം ചെയ്തു നിർമ്മിച്ച ഈ ബോംബിന് 12,500 ടൺ ടി.എൻ.ടി.യുടെ പ്രഹര ശേഷിയുണ്ടായിരുന്നു. സൂര്യനു തുല്യം ഉയർന്നുപൊങ്ങിയ തീജ്വാലകൾ ഹിരോഷിമാ നഗരത്തെ ചാമ്പലാക്കി. പർവതസമാനമായ പുക കൂൺ ആകൃതിയിൽ 40,000 അടി ഉയരത്തിൽവരെ ഉയർന്നു പൊങ്ങി. 1000 അടി ഉയരംവരെ പൊടിപടലങ്ങൾ ചുഴറ്റിയടിച്ചു. ഹിരോഷിമ നഗരത്തെ ഏതാണ്ട് പൂർണ്ണമായും നശിപ്പിച്ച സ്ഫോടനത്തിൽ 1,40,000-ത്തോളം പേരാണ് ദാരുണമായി കൊല്ലപ്പെട്ടത്. ബോംബ് വർഷത്തിന്റെ റേഡിയേഷൻ പിന്നെയും പതിറ്റാണ്ടുകളോളം ജപ്പാനെ വേട്ടയാടി. റേഡിയേഷൻ അതിപ്രസരത്തിൽ 3,90,000 മുതൽ 5,140,000 വരെ ആളുകൾക്ക് പിൽക്കാലത്ത് ജീവൻ നഷ്ടമായി. അതിലും ഇരട്ടിയാളുകൾ രോഗം ബാധിച്ച് ദുരിത ജീവിതം നയിക്കുന്നു.
കൂട്ടക്കുരുതിയുടെ ഓർമ്മയിൽ ഹിരോഷിമയോടൊപ്പം തന്നെ ചേർത്തു വായിക്കേണ്ട ജപ്പാനിലെ മറ്റൊരു നഗരം നാഗസാക്കി. 1945 ഓഗസ്റ്റ് 9ന് രാവിലെ ജപ്പാനിലെ നാഗസാക്കിയിൽ അമേരിക്ക രണ്ടാമത്തെ അണുബോംബ് വർഷിച്ചു. ഹിരോഷിമയിൽ ഓഗസ്റ്റ് 6ന് അണുബോംബ് ആക്രമണം നടത്തി ദിവസങ്ങളുടെ ഇളവേളയിലാണ് നാഗസാക്കിയിലും ദുരന്തം തീർത്തത്. 4630 കിലോടണ്‍ ഭാരവും ഉഗ്ര സ്ഫോടക ശേഷിയുള്ള ‘ഫാറ്റ് മാന്‍’ എന്നറിയപ്പെട്ട പ്ലൂട്ടോണിയം ബോംബ് ആണ് നാഗസാക്കിയെ അഗ്നിക്ക് ഇരയാക്കിയത്. ബ്രിഗേഡിയര്‍ ജനറല്‍ ചാള്‍സ സ്വിനിയാണ് വിമാനം പറപ്പിച്ചിരുന്നത്. കോക്കുറ നഗരത്തിലുള്ള ജപ്പാന്‍റെ ആയുധസംഭരണശാലയായിരുന്നു ലക്ഷ്യം.
അണുവായുധം ഉണ്ടാക്കുന്ന വിപത്ത് എത്രമാത്രം വിനാശകരമാണ് എന്നതിന്‍റെ ഏറ്റവും വലിയ സാക്ഷ്യങ്ങളാണ് ഈ നഗരങ്ങൾ . സ്ഫോടനത്തിനുശേഷം ആകെ ബാക്കിയായ നഗരത്തിലെ ഇൻഡസ്ട്രിയൽപ്രമോഷൻ ഹാൾ ഇന്ന് ലോക പൈതൃക കേന്ദ്രമാണ്. യുദ്ധഭീകരതയുടെ അടയാളമായി ഇന്നും ആ കെട്ടിടത്തിന്‍റെ തൂണുകൾ തകർന്ന നിലയിൽ അതു പോലെ തന്നെ സംരക്ഷിക്കപ്പെടുന്നു. ഹിരോഷിമ സമാധാനം മെമ്മോറിയൽ എന്ന പേരിൽ സംരക്ഷിക്കപ്പെടുന്ന കെട്ടിടത്തിനു മുന്നിൽ എല്ലാ വർഷവും ഇതേദിവസം ലോക മനസ്സ് തന്നെ ഒന്നിച്ചു കൂടുന്നു. ലോകരാഷ്ട്രങ്ങളിൽ നിന്നുള്ള വിശിഷ്ടാതിഥികളും അവർക്കൊപ്പം ഓർമ്മ ദിനത്തിൽ പങ്കുചേരുന്നു. ഇനിയൊരു ലോകയുദ്ധവും യുദ്ധക്കടതികളും ഉണ്ടാകരുത് എന്ന പ്രാർത്ഥനയോടെ അവർ ആ ഓർമ കെട്ടിടത്തിനു മുന്നിൽ തലകുനിച്ചു നിൽക്കുന്നു. യുദ്ധം എത്ര ഭീകരമാണെന്ന് ആ കെട്ടിട അവശിഷ്ടങ്ങൾ നമ്മളോട് വിളംബരം ചെയ്യുന്നു.
അണുവായുധങ്ങൾ കൈവശം വച്ച് കയ്യാങ്കളി നടത്തുകയും വില പേശല്‍ നടത്തുകയും ഒക്കെ ചെയ്യുന്ന ലോകത്തിലെ ഓരോ രാജ്യങ്ങൾക്കും ഓരോ ജനതയ്ക്കും ഓരോ മനുഷ്യനും ഉള്ള ഓർമ്മപ്പെടുത്തലാണ് ഹിരോഷിമയും നാഗസാക്കിയും.
ലോകത്തിന്‍റെ മുക്കിലും മൂലയിലും കലാപങ്ങളും, രാജ്യങ്ങൾ തമ്മിലുള്ള സംഘർഷങ്ങളും പൊട്ടിപ്പുറപ്പെടുമ്പോൾ ലോകം പേടിസ്വപ്നമായി തന്നെ ഓർക്കുകയാണ് ഈ രണ്ടു നഗരങ്ങളെ .യുദ്ധം സമാധാനത്തിലേക്കുള്ള വഴിയാണെന്ന് പ്രഖ്യാപിക്കുന്ന ചിലർക്കെങ്കിലും ഉള്ള മറുപടിയാണ് ഹിരോഷിമയും നാഗസാക്കിയും.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം