കാര്‍ഗില്‍ സ്മരണയില്‍ രാജ്യം

2023-ൽ ഇന്ത്യ കാർഗിൽ വിജയ് ദിവസത്തിന്‍റെ 24-ാം വാർഷികം ആചരിക്കുകയാണ്. ജീവന്‍വെടിഞ്ഞും രാജ്യത്തെ കാത്ത പോരാളികള്‍ക്ക് മുന്നില്‍ ആദരവര്‍പ്പിക്കുകയാണ് രാജ്യം. ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്നത് ഏതു ശക്തിയായിരുന്നാലും തിരിച്ചടിക്കാൻ ഭാരതത്തിനു മടിയില്ലെന്നുള്ള മുന്നറിയിപ്പ് കൂടിയാണ് കാര്‍ഗില്‍ വിജയദിനം.കാർഗിലിലെ ടൈഗര്‍ ഹില്‍സിന് മുകളിലുയർന്ന മൂവർണക്കൊടി രാജ്യത്തിന്‍റെ സമ്പൂർണ്ണ വിജയത്തിന്‍റെ പൊന്‍തൂവല്‍ മാത്രമായിരുന്നില്ല, മറിച്ച്  പിന്നീടിങ്ങോട്ട് പത്താന്‍കോട്ട് ആക്രമണത്തിന് പകരം നടത്തിയ സര്‍ജ്ജിക്കല്‍ സ്ട്രൈക്കിന് വരെ ആത്മവിശ്വാസം നല്‍കിയതില്‍ ചെറിയ പങ്കല്ല വിജയദിവസത്തിന് . 

ഇന്ത്യയും പാകിസ്ഥാനും ചര്‍ച്ചകളിലൂടെ സമാധാനത്തിലേക്കു നടക്കാനൊരുങ്ങുമ്പോള്‍ പിന്‍വാതിലൂടെ നുഴഞ്ഞെത്തി ആഞ്ഞടിക്കുകയായിരുന്നു പാക് സൈന്യം. 1999 . ബസ് നയതന്ത്രവും പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയുടെ  ലാഹോര്‍ സന്ദര്‍ശനവുമൊക്കെയായി ഇന്ത്യ- പാക് ബന്ധത്തില്‍ ഒരു പുതിയ കാല്‍വെയ്പെന്ന് തോന്നിച്ച സമയം. സമാധാനത്തിന്‍റെ പുതിയ പാത ഒരുങ്ങുമ്പോള്‍ ചതിയുടെ കരുക്കള്‍ നീക്കുകയായിരുന്നു പട്ടാള മേധാവി പര്‍വ്വേസ് മുഷറഫിന്‍റെ ഗൂഢാസൂത്രണത്തിലൂടെ പാകിസ്ഥാന്‍പട്ടാളം.  അന്നത്തെ ചീഫ് ഓഫ് ജനറല്‍ സ്റ്റാഫ് ലഫ്റ്റനന്‍റ് ജനറല്‍ ജാവേദ് ഹസന്‍, റാവല്‍പിണ്ടി ആസ്ഥാനമായുള്ള പത്താം ബറ്റാലിയന്‍റെ കമാന്‍ഡര്‍ ആയിരുന്ന ലഫ്റ്റനന്റ് ജനറല്‍ മഹമ്മൂദ് അഹമ്മദ് എന്നിവരായിരുന്നു ഗൂഢാലോചനയിലെ പങ്കാളികള്‍. 

1998ലെ വര്‍ഷാന്ത്യം നവംബര്‍ -ഡിസംബര്‍ മാസത്തോടെയാണ്  പാകിസ്ഥാന്‍റെ ഓപ്പറേഷന്‍ ബാദര്‍ ആരംഭിക്കുന്നത്.  സര്‍വ്വ സജ്ജീകരണങ്ങളോടെയായിരുന്നു പാകിസ്ഥാന്‍റെ  കടന്നുകയറ്റം.  തീവ്രവാദികളുടെ വേഷത്തില്‍ പട്ടാളക്കാരെ അതിര്‍ത്തികടത്തി ഇന്ത്യന്‍ പ്രദേശത്ത് നിലയുറപ്പിച്ച പാകിസ്ഥാന് തര്‍ക്ക പ്രദേശമായ സിയാചിന്‍ മേഖലയുമായി ബന്ധിപ്പിക്കുന്ന ശ്രീനഗര്‍- കാര്‍ഗില്‍- ലെ ഹൈവേ ഉള്‍പ്പെടെ നിര്‍ണ്ണായക പ്രദേശങ്ങള്‍ അധീനതയിലാക്കുകയായിരുന്നു ലക്ഷ്യം. 

സാധാരണയായി ശൈത്യകാലത്ത് അതിര്‍ത്തിക്കപ്പുറവും ഇപ്പുറം ഇന്ത്യ- പാക് സൈനികര്‍ പരസ്പര ധാരണയോടുകൂടി പെരുമാറുകയായിരുന്നു പതിവ്. മഞ്ഞുരുകുമ്പോള്‍ അവര്‍ പോസ്റ്റുകളിലേക്ക് മടങ്ങുകയും ചെയ്യും. എന്നാല്‍ ഇത്തവണ അവര്‍ മടങ്ങിയില്ല. ഇന്ത്യന്‍ അധീനതയിലുള്ള കാര്‍ഗില്‍, ദ്രാസ് സ ബട്ടാനിക് മേഖലകളിലേയ്ക്ക് പാക് സൈനികരും ഭീകരരും നുഴഞ്ഞു കയറി. അതിര്‍ത്തിക്കിപ്പുറത്ത് ശക്തമായി നിലയുറപ്പിച്ച ശേഷമാണ് ഇന്ത്യയ്ക്ക് വിവരം ലഭിക്കുന്നത് തന്നെ. പ്രദേശത്തെ ആട്ടിടയന്മാരാണ് നുഴഞ്ഞുകയറ്റത്തെ കുറിച്ച് ഇന്ത്യന്‍ സൈന്യത്തെ അറിയിക്കുന്നത്. ഉയര്‍ന്നയിടങ്ങളില്‍ താവളമുറപ്പിയ പാക് നുഴഞ്ഞുകയറ്റക്കാര്‍ക്കെതിരെയുള്ള നടപടി കടുത്തതായി. ശത്രുക്കള്‍ക്കു പുറമെ പ്രകൃതിയോട് കൂടി മല്ലടിച്ചായിരുന്നു. ലോകത്തെ ഏറ്റവും ഉയര്‍ന്ന യുദ്ധഭൂമിയില്‍ ഇന്ത്യന്‍ സൈന്യം വിജയക്കൊടി പാറിച്ചത്. 

 

രണ്ടുമാസവും മൂന്ന് ആഴ്ചയും രണ്ട് ദീവസവും നീണ്ടു നിന്ന യുദ്ധം.  അതായത് 82 ദിവസം കൊണ്ടാണ് നുഴഞ്ഞുകയറ്റ പ്രദേശങ്ങളെല്ലാം തിരിച്ചുപിടിച്ചത്.  ഇന്ത്യയ്ക്ക് നഷ്ടപ്പെട്ടത് 527 ധീരജവാന്‍മാരെയാണ്. തങ്ങള്‍ക്ക് 450  സൈനികരെ നഷ്ടപ്പെട്ടുവെന്നായിരുന്നു പാകിസ്ഥാന്‍റെ അവകാശവാദം. എന്നാല്‍ യാഥാര്‍ത്ഥ്യം അതിനൊക്കെ ഏറെ മുകളിലായിരുന്നു.  ഇന്ത്യൻ ആക്രമണത്തിൽ ഭീകരനാശം ഏറ്റുവാങ്ങിയ പാകിസ്ഥാന്‍ സൈന്യം പക്ഷേ കാര്‍ഗില്‍ യുദ്ധത്തില്‍ തങ്ങളുടെ പങ്ക് നിഷേധിക്കുകയായിരുന്നു. കുറ്റം മുഴുവനും പാകിസ്ഥാന്‍  തീവ്രവാദികളിലായിരുന്നു ചാര്‍ത്തിയത്. എന്നാല്‍  പില്‍ക്കാലത്ത് കാര്‍ഗില്‍ യുദ്ധത്തിന്‍റെ യഥാര്‍ത്ഥ സൂത്രധാരന്‍മാര്‍ പാകിസ്ഥാന്‍ സൈന്യമാണെന്നു തെളിയുകയുമുണ്ടായി. 

കാര്‍ഗിലില്‍ ഭീകര വാദം നടപ്പാക്കി തിരിച്ചടി ഏറ്റുവാങ്ങിയ പാകിസ്ഥാനെ  ലോകരാജ്യങ്ങള്‍ക്ക് മുന്നില്‍  ഒറ്റപ്പെടുത്തിയ വഴിത്തിരിവായി മാറുകയായിരുന്നു കാര്‍ഗില്‍ യുദ്ധം. കാർഗിലിൽ വിജയക്കൊടി നാട്ടിയ ജൂലൈ 26 ഇന്ത്യ പിന്നീട് വിജയ് ദിവസ് എന്ന പേരില്‍ ഇന്ത്യ ആചരിക്കാന്‍ തുടങ്ങി. കാര്‍ഗിലില്‍ രാജ്യത്തിന് നഷ്ടമായ 527 ധീര ജവാന്‍മാര്‍ക്ക് പ്രണാമങ്ങള്‍ അര്‍പ്പിച്ച് എല്ലാവർഷവും രാജ്യം ആ ഓര്‍മ്മ പുതുക്കുന്നു.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads– ൽ Join ചെയ്യാം