കടുത്ത പ്രതിഷേധത്തിനിടെ സുപ്രീം കോടതിയുടെ അധികാരങ്ങൾ വെട്ടിക്കുറക്കുന്ന നിർണായക ബിൽ നിയമമാക്കി ഇസ്രയേൽ പാർലമെന്റ്. യുക്തിരഹിതമെന്ന് കരുതുന്ന സർക്കാർ നടപടികളെ അസാധുവാക്കാനുള്ള സുപ്രീം കോടതിയുടെ അധികാരം, നിയമം എടുത്തുകളയുന്നു. കോടതികളുടെ അധികാരം നിയന്ത്രിക്കാൻ ലക്ഷ്യമിട്ടുള്ള സർക്കാർ നടപടികളുടെ പരമ്പരയിൽ ആദ്യത്തേതാണ് ഇത്.
കഴിഞ്ഞ കുറെ വർഷങ്ങൾക്കിടെ ഇസ്രായേലിലെ രാഷ്ട്രീയ തീരുമാനങ്ങളിൽ കോടതികൾ കൂടുതലായി ഇടപെടുന്നത് രാഷ്ട്രീയ ഭരണകൂടത്തിന് അസഹിഷ്ണുത ഉണ്ടാക്കിയിരുന്നു. ഈ സാഹചര്യത്തിൽ കോടതിയുടെ അമിത ഇടപെടൽ കുറയ്ക്കുന്നതിന്റെ ഭാഗമായാണ് പുതിയ നടപടികൾ . അധികാരത്തിലെ അസന്തുലിതാവസ്ഥ പരിഹരിക്കാൻ ഈ നടപടികൾ ആവശ്യമാണെന്ന് സർക്കാർ വാദിക്കുന്നു. പ്രതിപക്ഷം ബഹിഷ്കരിച്ചതോടെ മൂന്നാമത്തെയും അവസാനത്തെയും വോട്ടെടുപ്പ് ഭരണപക്ഷം ഐകകണ്ഠേനെയാണ് പാസാക്കിയത് .
പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള വലതുപക്ഷ സർക്കാരിനെ വോട്ടെടുപ്പിൽ നിന്ന് തടയുന്നതിനായി പ്രസിഡന്റിന്റെ നേതൃത്വത്തിൽ അവസാനവട്ടം വരെ ചർച്ച നടത്തിയെങ്കിലും ഫലം കണ്ടില്ല . കോടതികളുടെ അധികാരം വെട്ടിക്കുറയ്ക്കാനുള്ള നീക്കം രാഷ്ട്രീയ അടിയന്തരാവസ്ഥയിൽ കൊണ്ടെത്തിക്കുമെന്ന് പ്രസിഡന്റ് ഇസാഗ് ഹെർസോഗ് മുന്നറിയിപ്പ് നൽകി.
അതേസമയം സർക്കാരിന്റേത് ഫാസിസ്റ്റ് നടപടി ആണെന്ന് പ്രതിപക്ഷം പ്രതികരിച്ചു. രാജ്യത്തെ ന്യൂനപക്ഷങ്ങൾക്കു മേൽ ഭൂരിപക്ഷത്തിന്റെ അധിനിവേശം തുടരുന്നതിനുള്ള തന്ത്രമാണ് ഭരണപക്ഷം ആവിഷ്കരിക്കുന്നതെന്ന് അവർ ആരോപിക്കുന്നു. ജനാധിപത്യ രാജ്യത്തിന്റെ നാല് തൂണുകൾ എന്ന നിലയിൽ കോടതികളുടെ അധികാരത്തിലുള്ള അനാവശ്യ ഇടപെടൽ രാഷ്ട്രീയമായി ഇസ്രയേലിനെ തകർക്കുമെന്ന് നിരീക്ഷണ സംഘങ്ങൾ മുന്നറിയിപ്പ് നൽകുന്നു.
പുതിയ ഭേദഗതി നിയമത്തിനെതിരെ സുപ്രീംകോടതിയിൽ അപ്പീൽ നൽകാനാണ് ഇസ്രയേലി രാഷ്ട്രീയ നിരീക്ഷക സംഘത്തിന്റെ അടുത്ത നീക്കം. എന്നാൽ രാജ്യത്തെ ഭൂരിപക്ഷത്തോടൊപ്പം നീങ്ങേണ്ടത് ഭരണകൂടത്തിന്റെ പ്രതിബദ്ധതയാണെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ന്യായികരിച്ചു. പേസ് മേക്കർ സർജറിക്കു ശേഷം നേരെ പാർലമെന്റിലേക്കാണ് നെതന്യാഹു എത്തിയത്.
എന്തായാലും ബിൽ പാർലമെന്റ് നിയമമാക്കിയതോടെ ഇസ്രയേൽ ഇതുവരെ കണ്ട ഏറ്റവും വലിയ പ്രതിഷേധത്തിനാണ് വഴി വച്ചിരിക്കുന്നത്. അന്തിമവോട്ടെടുപ്പിന് മണിക്കൂറുകൾക്കു മുൻപ് പാർലമെന്റിനു പുറത്ത് പ്രതിഷേധക്കാർക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിക്കുകയും നൂറുകണക്കിന് പേര് അറസ്റ്റ് ചെയ്ത നീക്കുകയും ചെയ്തു. പതിനായിരക്കണക്കിന് പ്രക്ഷോഭകർ ടെൽ അവീവിൽ നിന്ന് ജെറുസലേമിലേക്ക് 70 കിലോമീറ്ററിലേറെ സഞ്ചരിച്ച് പ്രതിഷേധ മാർച്ച് നടത്താൻ എത്തിയിരുന്നു..
എന്തായാലും വിവാദ പരാമർശങ്ങൾ വലിയ രീതിയിലുള്ള ജനകീയ ധ്രുവീകരണവും ആഭ്യന്തര പ്രതിസന്ധിയും ഉണ്ടാക്കുമെന്നാണ് അന്താരാഷ്ട്ര നിരീക്ഷകരുടെ വിലയിരുത്തൽ. പ്രതിസന്ധിയുടെ ആഴം കൂട്ടിക്കൊണ്ട്, ഇസ്രായേലിന്റെ ആക്രമണ, പ്രതിരോധ ശക്തികളിൽ നിർണായകമായ വ്യോമസേനയിലെ പൈലറ്റുമാർ ഉൾപ്പെടെ ആയിരക്കണക്കിന് റിസർവിസ്റ്റുകൾ തങ്ങളുടെ സേവനങ്ങളിൽ നിന്ന് പിന്മാറിക്കഴിഞ്ഞു.
ഇസ്രായേലിന്റെ സൈനിക സന്നദ്ധതയെ ഇത്തരം വിയോജിപ്പുകൾ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കയും ഉയരുന്നു. ഇസ്രായേൽ സുരക്ഷാ സേനകളുടെ മുൻ മേധാവികൾ, ചീഫ് ജസ്റ്റിസുമാർ, പ്രമുഖ നിയമ, ബിസിനസ്സ് വ്യക്തികൾ എന്നിവരും സർക്കാരിന്റെ പരിഷ്കാരങ്ങൾക്കെതിരെ ശബ്ദമുയർത്തിയിട്ടുണ്ട്. സർക്കാർ നീക്കങ്ങളെ ഇസ്രായേലിന്റെ മുഖ്യ സഖ്യ കക്ഷിയായ യുഎസ് പ്രസിഡന്റ് ജോ ബൈഡനും വിമർശിച്ചു. നെതന്യാഹു തന്റെ ഏറ്റവും വ്യക്തമായ അഭിപ്രായങ്ങളിൽ “വിഭജനകരമായ” പരിഷ്കാരങ്ങൾ മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ടു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം