ട്വിറ്ററിന്‍റെ കിളി പോയി.. പകരം X എന്ന ഇംഗ്ലീഷ് അക്ഷരമാണ് പുതിയ ലോഗോയില്‍. ഇതോടെ ലോകത്തിലെ ഏറ്റവും പ്രശസ്തമായ ബ്രാൻഡ് നാമങ്ങളിൽ ഒന്നാണ് ഓർമ്മയാകുന്നത്. കറുപ്പ് പശ്ചാത്തലത്തില്‍ വെളുത്ത നിറത്തിലാണ് എക്സ് എന്ന എഴുത്ത്. ബാങ്കിംഗ് ഉള്‍പ്പെടെ നിരവധി സേവനങ്ങള്‍ ഉള്‍പ്പെടുത്തിയാണ് പുതിയ പരിഷ്ക്കരണം. കഴിഞ്ഞ ദിവസം എക്സ് ലോഗോയുടെ ചിത്രം മസ്ക് ട്വീറ്റ് ചെയ്തിരുന്നു അതിന് ശേഷമാണ് ഇന്നത്തെ പ്രഖ്യാപനം. ഇലോണ്‍മസ്കും സിഇഒ ലിന്‍ഡാ യാക്കാരിനോയും ചേര്‍ന്നാണ് പുതിയ ലോഗോ ട്വിറ്റര്‍ അക്കൌണ്ടിലൂടെ പുറത്തിറക്കിയത്. ലൈറ്റ് , ക്യാമറ, എക്സ് എന്ന അടിക്കുറിപ്പില്‍ സാന്‍ഫ്രാന്‍സിസ്കോയിലെ ഓഫീസ് കെട്ടിടത്തിന് മുകളില്‍ ലോഗോ പ്രൊജക്ട് ഉള്‍പ്പെടുത്തിയാണ് യാക്കാരിനോ ട്വീറ്റ് ചെയ്തിരിക്കുന്നത്.
വലിയ മാറ്റമാണ് നടപ്പാക്കുന്നതെന്നും ആശയങ്ങളും സേവനങ്ങളും അവസരങ്ങളും ഒത്തുചേരുന്ന ഇടമായി എക്സ് മാറുമെന്ന് ഇലോണ്‍ മസ്ക് പ്രത്യാശ പ്രകടിപ്പിച്ചു. മാറ്റങ്ങള്‍ ഇലോണ് മസ്ക് അവകാശപ്പെടുന്നുണ്ടെങ്കിലും മാറ്റത്തിനെതിരെ വിമർശനവുമായി നിരവധി ഉപയോക്താക്കൾ രംഗത്തെത്തി. എന്തായാലും ചൈനയിലെ വീചാറ്റ് മാതൃകയിൽ പണമിടപാടും, മെസേജിങ്ങും, വീഡിയോയും എല്ലാം ഒത്തു ചേരുന്നൊരു സൂപ്പർ ആപ്പാണ് മസ്ക് കണക്കുകൂട്ടുന്നത്. ആപ്പിൾ, ഗൂഗിൾ ആപ്പ് സ്റ്റോറുകളിൽ പേര് മാറ്റം എങ്ങനെ നടപ്പാക്കുമെന്നാണ് ഉപയോക്താക്കള്‍ കാത്തിരിക്കുന്നത്.
അമിത ഡേറ്റാ സ്ക്രാപ്പിംഗിനെ തുടര്‍ന്നുള്ള പ്രശ്നപരിഹാരമമെന്ന നിലയില്‍ സ്വന്തമായി അക്കൌണ്ട് ഇല്ലാത്തവര്‍ക്ക് ട്വിറ്റര്‍ വെബ് പ്ലാറ്റ്ഫോമില്‍ ബ്രൌസ് ചെയ്യാനാകില്ലെന്ന് ഇലോണ്‍ മസ്ക് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ചില വലിയ കമ്പനികളും കോര്‍പ്പറേഷനുകളും ട്വിറ്ററില്‍ അക്കൌണ്ട് ഇല്ലാതെ സ്ക്രാപിംഗ് നടത്തുന്നുണ്ടെന്നും ഇത് സാധാരണ ഉപയോക്താക്കളുടെ സേവനത്തെ പ്രതികൂലമായി ബാധിക്കുന്നുവെന്നും മസ്ക് പറഞ്ഞു.
ഇലോണ്‍ മസ്‌ക് ട്വിറ്റര്‍ ഏറ്റെടുത്ത ശേഷം നിരവധി മാറ്റങ്ങളാണ് ഈ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമില്‍ സംഭവിച്ചത്. ഇതിന് പുറമെയാണ് ഇപ്പോള്‍ പേരും ലോഗോയിലുമുണ്ടായ പരിഷ്‌കരണം. പോയവര്‍ 44 ബില്യണ്‍ ഡോളറിനാണ് ഇലോണ്‍ മസ്ക് ട്വീറ്റര്‍ വാങ്ങിയത്.
‘ലാരി ദ ബേർഡ് എന്നായിരുന്നു ട്വിറ്ററിലെ ആ നീലക്കിളിയുടെ പേര്. കുഞ്ഞിച്ചിറകും കൂര്‍ത്ത വാലും ചെറുതായി തുറന്ന ചുണ്ടുകളുമുള്ള ലോകത്തിന്‍റെ പ്രിയപ്പെട്ട കിളിയാണ് അങ്ങനെ പറന്നകന്നത്. അമേരിക്കന്‍ ബാസ്കറ്റ് ബോള്‍ ചാമ്പ്യനായ ലാരി ബേഡിനോടുള്ള ആദരമായിട്ടായിരുന്നു ട്വിറ്റര്‍ സഹസ്ഥാപകനായ അമേരിക്കന്‍ സംരംഭകന്‍ ക്രിസ്റ്റഫര്‍ ഇസാക് സ്റ്റോണ്‍ ആ പേരിട്ടത്. അദ്ദേഹം തന്നെയായിരുന്നു ആ ഡിസൈന്‍ ചെയ്തതും.
ട്വിറ്റര്‍ ലോഗോ ചരിത്രം
2006ല്‍ ജൂലൈയിലാണ് ട്വിറ്റര്‍ തുടങ്ങുന്നത്. ട്വിറ്റര്‍ എന്ന നീലനിറത്തില്‍ ഇംഗ്ലീഷ് അക്ഷരങ്ങള്‍ ഉരുട്ടി എഴുതിയതായിരുന്നു ആദ്യ ലോഗോ. ആ നീല തീം കളര്‍ നാല് വര്‍ഷം നീണ്ടു നിന്നു. 2010ലാണ് ആദ്യ നീലക്കിളി എത്തുന്നത്. കിളിക്കൊഞ്ചല്‍ പോലെ വേഗത്തിലുള്ള കുഞ്ഞു മെസേജ് ട്വീറ്റ് എന്നറിയപ്പെട്ടു. ട്വിറ്റര്‍ എന്ന പേരിനൊപ്പം കിളിക്ക് തലയില്‍ തൂവലും വളര്‍ന്നു. 2012ല്‍ കിളിയുടെ തലയിലെ തൂവലുകല പൊഴിച്ച് മാര്‍ട്ടിന്‍ ഗ്രേസര്‍ എന്ന ആര്‍ട്ടിസ്റ്റ് കിളിക്ക് പൂര്‍ണ്ണത നല്‍കി. ട്വിറ്റര്‍ കൂടുതല്‍ ജനപ്രിയമാകുന്നത് അപ്പോഴാണ്. കിളി ട്വീറ്ററിന്‍റെ പ്രതീകമായി . വര്‍ഷങ്ങള്‍ക്കിപ്പുറം കിളി കൂടൊഴിഞ്ഞ് പറന്നകിന്നിരിക്കുന്നു.