ഇന്ത്യയിൽ നിന്ന് ഇറക്കുമതി ചെയ്ത ചുമയ്ക്കുള്ള മരുന്ന് കഴിച്ച് ഗാംബിയയിൽ 70 കുട്ടികൾ മരിച്ച സംഭവത്തിൽ ഇന്ത്യൻ സർക്കാരിനെതിരെയും ഇന്ത്യൻ സ്ഥാപനമായ മെയ്ഡൻ ഫാർമസ്യൂട്ടിക്കൽസിനെതിയും കേസെടുക്കാൻ ഗാംബിയൻ പ്രത്യേക അന്വേഷണ സമിതിയുടെ ശുപാർശ. ഗാംബിയൻ പ്രസിഡന്‍റ് അദാമ ബാരോയുടെ പ്രത്യേക നിർദ്ദേശപ്രകാരം രൂപീകരിച്ച സമിതിയിൽ മെഡിക്കൽ രംഗത്തെ വിദഗ്ധർ അടക്കം അംഗങ്ങളാണ്. ചുമയ്ക്കുള്ള മരുന്ന് കുടിച്ച് കുഞ്ഞുങ്ങൾ മരിച്ച സംഭവത്തിൽ മെയ്ഡൻ ഫാർമസ്യൂട്ടിക്കൽസ് കുറ്റക്കാരനാണെന്ന് സമിതി കണ്ടെത്തിയിട്ടുണ്ട്. മരുന്ന് കമ്പനി കുറ്റക്കാരാണെന്ന് കണ്ടെത്തി സമർപ്പിക്കുന്ന അഞ്ചാമത്തെ റിപ്പോട്ടാണ് ഇത്. നേരത്തെ ഗാംബിയൻ സർക്കാർ നൽകിയ നാല് റിപ്പോർട്ടുകൾ അംഗീകരിക്കാൻ ഇന്ത്യൻ ഗവൺമെന്‍റ് വിസമ്മതിച്ചിരിക്കെയാണ് അഞ്ചാമത്തെ റിപ്പോർട്ട് ഗാംബിയൻ സർക്കാർ തയ്യാറാക്കി ശുപാർശ നൽകിയിരിക്കുന്നത്. 2022 നവംബറിലാണ് പ്രത്യേക സമിതി അന്വേഷണം ആരംഭിച്ചത്. 2023 മാർച്ചിൽ സമിതി റിപ്പോർട്ടും സമർപ്പിച്ചു. ഈ മാസം ജൂലൈ 21ന് റിപ്പോർട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
മരുന്ന് ഇറക്കുമതി ചെയ്ത അറ്റ്ലാന്റിക് ഫാർമസ്യൂട്ടിക്കൽസ് , മരുന്ന് ഉല്പാദകരായ മെയ്ഡൻ ഫാർമസ്യൂട്ടിക്കൽസ്, ഇന്ത്യാ ഗവൺമെന്‍റ് എന്നിവർക്കെതിരെ ഉടൻ നിയമനടപടി സ്വീകരിക്കാനുള്ള സാധ്യത നീതിന്യായ മന്ത്രാലയം മുഖേന ഗാംബിയ സർക്കാർ ഉടൻ ആരായണമെന്ന് ടാസ്‌ക് ഫോഴ്‌സിന്‍റെ റിപ്പോർട്ടിൽ ആവശ്യപ്പെടുന്നു. എന്തായാലും ശുപാർശകൾ സർക്കാർ അംഗീകരിച്ചു കഴിഞ്ഞു. അന്താരാഷ്ട്ര തലത്തിലുള്ള ഒരു മുൻ നിര സ്ഥാപനത്തിലെ നിയമ വിദഗ്ദ്ധരുമായി ഇത് സംബന്ധിച്ച ഗാംബിയൻ സർക്കാർ ബന്ധപ്പെട്ടു കഴിഞ്ഞുവെന്നാണ് സൂചന. എന്നാൽ ഇതുവരെയും ഇന്ത്യക്ക് എതിരെ നിയമ നടപടി സ്വീകരിക്കുന്ന കാര്യത്തിൽ ഗാംബിയൻ സർക്കാർ പരസ്യ പ്രസ്താവന നടത്തിയിട്ടില്ല.
കടുത്ത വിഷലിപ്ത രാസവസ്തുക്കളായ ഡൈഥലീൻ ഗ്ലൈക്കോൾ , എഥിലീൻ ഗ്ലൈക്കോൾ എന്നിവ മെയ്ഡൻ ഫാർമസ്യൂട്ടിക്കൽസ് കയറ്റുമതി ചെയ്ത ചുമ മരുന്നിൽ കണ്ടെത്തിയതായ റിപോർട്ടുകൾ സ്ഥിരീകരിച്ചിരുന്നു. 2022 സെപ്റ്റംബറിൽ സ്വിറ്റ്സർലൻഡ് ആസ്ഥാനമായുള്ള ഒരു ലാബിലേക്ക് ലോകാരോഗ്യ സംഘടന പരിശോധനയ്ക്കായി സാമ്പിളുകൾ അയച്ചിരുന്നു. ആ പരിശോധനയിൽ വൃക്കയുടെ പ്രവർത്തനങ്ങളെ അതിവേഗം സാരമായി ബാധിക്കുന്ന ഈ രാസഘടകങ്ങൾ വളരെ ഉയർന്ന അളവിൽ അടങ്ങിയിരിക്കുന്നതായി സ്ഥിരീകരിച്ചു.
എന്നാൽ നൽകിയ ഒരു അഭിമുഖത്തിൽ കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ ഈ റിപ്പോർട്ടുകളെല്ലാം തള്ളുകയായിരുന്നു . ഡയേറിയ ബാധിച്ച കുട്ടികൾക്ക് ചുമയുടെ മരുന്ന് വലിയ തോതിൽ നൽകിയതാണ് മരണത്തിലേക്ക് നയിച്ചത് എന്നായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം. അമേരിക്കയിലെ സിഡിസി കമ്പനിയുടെയും ഗാംബിയൻ പാർലമെൻററി കമ്മിറ്റിയുടെയും റിപ്പോർട്ടുകൾ തള്ളുകയായിരുന്നു മൻസൂഖ് മാണ്ഡവ്യ.
മരണ കാരണത്തെ കുറിച്ച് വിദഗ്ദ്ധർ :-
എന്നാൽ പ്രസിഡന്റ് നിയോഗിച്ച പ്രത്യേക സമിതി എന്തുകൊണ്ട് കുട്ടികളുടെ മരണ കാരണം ഡയറിയ മൂലമല്ല എന്ന് വിശദീകരിക്കുന്നു. കഴിഞ്ഞവർഷം നവംബറിൽ പുറത്തിറക്കിയ റിപ്പോർട്ട് പ്രകാരം കുഞ്ഞുങ്ങളുടെ മരണകാരണം ഈ കോളി ബാക്ടീരിയയും അതേ തുടർന്നുള്ള ഡയേറിയയും ആണെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത് . ഈ റിപ്പോർട്ട് പരാമർശിച്ച ഇന്ത്യൻ സർക്കാർ ലോകാരോഗ്യ സംഘടനയ്ക്ക് തങ്ങൾ ഇതിൽ ഉത്തരവാദിയല്ല എന്ന് കാണിച്ച് കത്തെഴുതുകയും ചെയ്തിരുന്നു.
എന്നാൽ ഈ റിപ്പോർട്ടിനെ ചോദ്യം ചെയ്ത പുതിയ സമിതി അന്ന് മരുന്നു കയറ്റുമതിയുമായി ബന്ധപ്പെട്ടിരുന്ന എല്ലാ ഉദ്യോഗസ്ഥരുടെയും മൊഴിയെടുത്തു . കമ്മിറ്റിയുടെ കണ്ടെത്തൽ ഇപ്രകാരമാണ്. 2022 ജൂലൈ മാസത്തിനും ഒക്ടോബർ മാസത്തിനിടയിൽ ഗാംബിയയിലെ അഞ്ചുവയസ്സു വയസ്സിൽ താഴെയുള്ള 70 കുട്ടികളുടെ മരണത്തിന് കാരണം ഇന്ത്യയിലെ ഫാർമസ്യൂട്ടിക്കൽസിൽ നിന്ന് ഉത്പാദിപ്പിച്ച് അറ്റ്ലാൻറിക് ഫാർമസിയൂട്ടിക്കൽസ് വഴി ഗാംഭീയിലേക്ക് ഇറക്കുമതി ചെയ്ത ചുമയ്ക്കുള്ള നാല് മരുന്നുകളാണ് . ഇവയിൽ കടുത്ത വിഷ പദാർത്ഥങ്ങൾ അടങ്ങിയ രാസവസ്തുക്കൾ കണ്ടെത്തിയിട്ടുണ്ട് . ഇവ ഉപയോഗിച്ചത് മൂലം കുട്ടികളുടെ വൃക്ക ഉണ്ടായ ഗുരുതര തകരാറാണ് മരണത്തിലേക്ക് നയിച്ചത് എന്നാണ്.
ഗവേഷണത്തിൽ പങ്കെടുത്ത ഗാംബിയിലെ ശിശുരോഗ വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത് വൃക്കകൾ മാത്രമല്ല പല കുട്ടികളിലും മുഴുവൻ ആന്തരിക അവയവങ്ങളുടെ പ്രവർത്തനത്തെയും മരുന്ന് ബാധിച്ചതായിട്ടാണ്. ഇത് സംബന്ധിച്ച് പഠനങ്ങൾ അമേരിക്കയും ബ്രിട്ടനും നൈജീരിയയും സൗത്താഫ്രിക്കയും അടങ്ങുന്ന രാജ്യങ്ങളിൽ നിന്നുള്ള വിദഗ്ധർ പരിശോധിച്ചുവെന്നും പറയുന്നു.
റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ നാലു മരുന്നുകളും വിപണിയിൽ നിന്ന് പിൻവലിച്ചതോടെ മരണനിരക്കിൽ കുറവുണ്ടായി എന്നും ഗവേഷകർ പറയുന്നു. എന്നാൽ ഈ കോളി ബാക്ടീരിയ ബാധയും വയറിളക്കവും ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടികൾ വരുന്ന ഉപയോഗിച്ചവരെല്ലെന്നും വെള്ളപ്പൊക്കം രൂക്ഷമായ ഗാംബിയയുടെ വടക്കൻ ഭാഗത്തുനിന്ന് ഉള്ളവരാണ് റിപ്പോർട്ട് സ്വീകരിക്കുന്നു. പിന്നീട് ലോകാരോഗ്യ സംഘടനയും ഇവരുടെ കണ്ടെത്തലുകൾ സ്ഥിരീകരിക്കുകയും ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തു.
മെയ്ഡൻസ് ഫാർമസ്യൂട്ടിക്കൽസിന് ഇന്ത്യൻ ഗവൺമെന്‍റിന്‍റെ ക്ലീൻചിറ്റ് :-
എന്നാൽ ചുമയുടെ മരുന്നു കഴിച്ച് കുട്ടികൾ മരിച്ച സംഭവം പുറം ലോകമറിഞ്ഞ് ഒക്ടോബർ മുതൽ തന്നെ മരുന്നു കമ്പനിയായ മെയ്ഡന്‍ ഫാർമസിയൂട്ടിക്കൽസ് എതിർവാദവുമായി രംഗത്ത് എത്തിയിരുന്നു. തങ്ങളുടെ മരുന്നിൽ മനുഷ്യ ശരീരത്തിന് ഹാനികരമായ ഒരു വസ്തുക്കളും അടങ്ങിയിട്ടില്ല എന്ന് അവർ ആവർത്തിച്ച് പറഞ്ഞു. സംഭവത്തിന്‍റെ പശ്ചാത്തലത്തിൽ ഇന്ത്യൻ ഗവൺമെൻറ് പ്രത്യേക വിദഗ്ധ സമിതി രൂപീകരിച്ച ഇതേക്കുറിച്ച് പഠനം നടത്തി റിപ്പോർട്ട് തയ്യാറാക്കി. റിപ്പോർട്ടിൽ മെയ്ഡൻ ഫാർമസ്യൂട്ടിക്കൽസിന് ഗുഡ് വിൽ ആണ് നൽകിയിരുന്നത്. എന്നാൽ കുട്ടികളുടെ മരണകാരണം ഈ കോളി ബാക്ടീരിയ ബാധയും തുടർന്നുള്ള വയറ്റിളക്കവും മൂലമാണെന്ന് ഒരിടത്തും റിപ്പോർട്ടിൽ പരാമർശിച്ചിട്ടില്ല.
ഇന്ത്യൻ ഗവൺമെൻറ് ഈ റിപ്പോർട്ട് പ്രസിദ്ധപ്പെടുത്തിയില്ല എന്നു മാത്രമല്ല ലോകാരോഗ്യ സംഘടന ഇത് തള്ളുകയും ചെയ്തു. പിന്നീട് ഇന്ത്യൻ സർക്കാർ ഗാംബിയിലെ ആരോഗ്യമന്ത്രാലയവുമായി ഇത് സംബന്ധിച്ച ചർച്ചകൾ നടത്തിയെങ്കിലും അതിന്റെ വിശദാംശങ്ങൾ പുറത്തുവിട്ടില്ല. മാത്രമല്ല ഇന്ത്യൻ സർക്കാർ 23 ടെസ്റ്റുകൾ നടത്തിയെന്നും അതിൽ നാലെണ്ണം മാത്രമാണ് പരാജയപ്പെട്ടത് എന്നും മൻസൂർ മാണ്ഡവ്യ ഒരു അന്താരാഷ്ട്ര വാർത്ത ഏജൻസിക്ക് നൽകിയ ശബ്ദ സന്ദേശത്തിൽ പറയുന്നു. എന്നാൽ കേന്ദ്ര ആരോഗ്യ മന്ത്രിയുടെ വാദം തെറ്റാണെന്നും പരിശോധിച്ച 23 സാമ്പിളുകളും ഒരേ ബാച്ചിൽപ്പെട്ട മരുന്നല്ല എന്നും ആരോപണം ഉയരുന്നുണ്ട്.
അറ്റ്ലാൻറിക് ഫാർമയുടെ പങ്ക് :-
ഇറക്കുമതിക്കു മുമ്പ് തങ്ങളുടെ ഉദ്യോഗസ്ഥർ മെയ്ഡൻ ഫാർമസ്യൂട്ടിക്കൽസില്‍ അനൌദ്യോഗികമായ സന്ദര്‍ശനം നടത്തിയതിനപ്പുറം മരുന്നുകളെ കുറിച്ചുള്ള വിശദമായ പരിശോധന നടത്തിയിട്ടില്ലെന്ന് അറ്റ്ലാന്‍റിക് ഫാർമസ്യൂട്ടിക്കൽസ് പ്രത്യേക സമിതിയോട് തുറന്നു സമ്മതച്ചു. ഇന്ത്യൻ ഡ്രഗ് റെഗുലേറ്റർ, മെയ്ഡൻ ഫാർമസ്യൂട്ടിക്കൽസിന് നൽകിയ നല്ല മാനുഫാക്ചറിംഗ് പ്രാക്ടീസ് സർട്ടിഫിക്കറ്റ് മാത്രമാണ് പരിഗണിച്ചതെന്നും അവര്‍ പറഞ്ഞു. മെയ്ഡൻ ഫാർമസ്യൂട്ടിക്കൽസിന് എന്തെങ്കിലും മുൻകാല നെഗറ്റീവ് റെക്കോർഡ് ഉണ്ടോ എന്ന് പരിശോധിക്കേണ്ടത് അനവാര്യമായിരുന്നു എന്ന് അറ്റ്ലാന്‍റിക് ഫാര്‍മസ്യൂട്ടിക്കല്‍സ് സമ്മതിച്ചു. 2015ൽ കമ്പനിയുടെ നിലവാരമില്ലാത്ത ഉൽപ്പന്നങ്ങൾ ഗുജറാത്ത് കേരള സര്‍ക്കാരുകള്‍ നിരോധിച്ച് അറിയിപ്പുകള്‍ നല്കിയിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം