മുറിവുണങ്ങാതെ മണിപ്പൂര്‍: അശാന്തിയുടെ താഴ്വരയിലെ ദീന വിലാപങ്ങള്‍

അശാന്തിയുടെ പടുകുഴിയിലേക്ക് പതിച്ച ഒരു ദേശം. അരാജകത്വവും ഭയവും തിമിര്‍ത്താടുന്ന കണ്ണും മനസുമായി ഒരു ജനതയും. അതാണ് ഇന്ന് മണിപ്പൂര്‍.  25 വര്‍ഷം കൊണ്ട് ഇന്ത്യയുടെ മണിമുത്തായി മാറുമെന്ന് പ്രധാനമന്ത്രി  നരേന്ദ്രമോദി പ്രഖ്യാപിച്ച മണിപ്പൂര്‍.. സ്ത്രീ ശാക്തീകരണമെന്നും സ്ത്രീ സുരക്ഷയെന്നും ഇന്ത്യയുടെ മകൾ എന്നുമൊക്കെ നാഴികയ്ക്ക് നാല്പത് വട്ടം  ഘോര ഘോരം വിളിച്ചോതുന്ന  ഭരണാധികാരികളേ …രാഷ്ട്രീയ മേലാളന്മാരെ … ലജ്ജിച്ച് തല താഴ്ത്തുക.. നിങ്ങൾ  തലയിൽ ചുമക്കുന്നുവെന്ന് അഭിമാനിക്കുന്ന  പെൺമക്കളെ അക്രമ വെറിപൂണ്ട കാട്ടാളക്കൂട്ടം പട്ടാപ്പകൽ പച്ചയ്ക്ക് പരസ്യമായി പിച്ചിച്ചീന്തിയിരിക്കുന്നു.. കൊന്നു കൊലവിളിച്ചിരിക്കുന്നു. 

 ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമെന്നും ശ്രീകോവിലെന്നുമൊക്കെ വിശേഷിപ്പിക്കുന്ന ഇന്ത്യയിലാണ് ഇത് നടക്കുന്നത് എന്നതാണ് ഏറ്റവും വലിയ വൈരുദ്ധ്യാത്മകത. അതോ മണിപ്പൂര്‍ ഇന്ത്യയുടെ ഭാഗമല്ലേ..?അക്രമത്തിന്‍റെയും വെറുപ്പിന്‍റെയും മണിപ്പൂരില്‍ എന്താണ് സംഭവിക്കുന്നതെന്ന് ഇനിയും ഭരണകൂടം തിരിച്ചറിയാത്തതോ നിശബ്ദത പാലിക്കുന്നതോ .?. മണിപ്പൂരില്‍  സ്ത്രീകളെ നഗ്നരാക്കി നടത്തിയ വാര്‍ത്തകളും ദൃശ്യങ്ങളും  കണ്ട് ഞെട്ടിത്തരിച്ചിരിക്കുകയാണ് രാജ്യവും ലോകവും . ഇപ്പോഴിതാ അതേ ദിവസം ഇംഫാലില്‍ മറ്റ് രണ്ട് യുവതികളെ പീഡീപ്പിച്ച് കൊലപ്പെടുത്തി എന്ന വാര്‍ത്തയും പുറത്ത് വന്നിരിക്കുന്നു.  അതും ജോലിസ്ഥലത്ത് നിന്ന് പിടിച്ചിറക്കി കൂട്ട ബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തി എന്ന വാര്‍ത്ത. കൂകി വിഭാഗത്തില്‍ പെട്ട യുവതികള്‍ തന്നെയാണ് അതിക്രൂരതയ്ക്ക് ഇരയായിരിക്കുന്നത്. ഭരണകൂടവും പൊലീസുമൊക്കെ നോക്കുകുത്തികളായി മാറിയപ്പോള്‍ എവിടെ അവസാനമെന്നോ ആര് നീതി തരുമെന്നോ അറിയാത്ത നിസഹായാവസ്ഥയിലാണ് അവര്‍. 


          
           
മണിപ്പൂരിന്‍റെ മക്കളെ തൊട്ടവർക്ക് മാപ്പ് നൽകില്ലെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി സംഭവത്തോട് പ്രതികരിച്ചത് എന്നാൽ മണിപ്പൂരിൽ സംഘർഷം തുടങ്ങി സ്ഫോടനാത്മകമായ തലത്തിലേക്ക് എത്തി  79 ദിവസം കഴിഞ്ഞിട്ടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്‍റെ മൗനവ്രതം അവസാനിപ്പിക്കുന്നത്. അതിന് മുൻപ് വരെ മണിപ്പൂർ വിഷയത്തിൽ എന്തെങ്കിലും പ്രതികരിക്കാനോ  പ്രതിപക്ഷത്തിന്‍റെ ചോദ്യത്തിന് ഉത്തരം പറയാനോ പ്രധാനമന്ത്രി തയ്യാറായില്ല എന്നതാണ് ശ്രദ്ധേയം. കലാപവും ആഭ്യന്തര യുദ്ധവും തുടങ്ങി ഇത്രയും ദിവസം പിന്നിട്ടിട്ടും മണിപ്പൂരിന്‍റെ പെ മക്കളുടെ മാനം തെരുവിൽ വലിച്ചറിയപ്പെടേണ്ടിവന്നു പ്രധാനമന്ത്രിക്ക് വാ തുറക്കാൻ.
          
                       
പ്രാകൃത നടപടികൾ ചെയ്തത് ആരായാലും ഏത് വിഭാഗക്കാരായാലും അവർക്ക് മരണ ശിക്ഷ ഉറപ്പാക്കും എന്നാണ് മുഖ്യമന്ത്രി ബീരേൻ സിംഗ് പ്രഖ്യാപിച്ചത്.  മണിപ്പൂരിലെ സംഭവ വികാസങ്ങളെ എക്കാലത്തും അസ്വീകാര്യമായ നടപടിയെന്ന് പരാമർശിച്ച സുപ്രീംകോടതി , വിഷയത്തിൽ കേന്ദ്രസർക്കാർ കൃത്യമായ ഇടപെടൽ നടത്തിയില്ലെങ്കിൽ പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും കോടതി ഇടപെടുമെന്നും മുന്നറിയിപ്പ് നൽകി.  എന്നാൽ വിഷയത്തിൽ സുപ്രീംകോടതി ഇടപെട്ടതിനെക്കുറിച്ച് ആരാഞ്ഞപ്പോൾ മുഖ്യമന്ത്രി ബീരേൻ സിംഗിന്‍റെ മറുപടി ഇത്തരത്തിൽ സമാനമായ ആയിരക്കണക്കിന് സംഭവങ്ങൾ ഉണ്ടായി എന്നാണ്. വലിയ വിവാദത്തിലേക്കാണ് ഈ പ്രസ്താവന സംസ്ഥാന സർക്കാരിനെ കൊണ്ട് എത്തിച്ചിരിക്കുന്നത്. അക്രമം തുടങ്ങി ആഴ്ചകളും മാസങ്ങളും പിന്നിട്ടിട്ടും അതിനെ പിടിച്ചു കെട്ടാൻ സാധിക്കാത്തത് കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സമ്പൂർണ്ണ പരാജയം എന്ന് വേണം കണക്കാക്കാൻ ..180ലേറെ പേർക്ക് മൂന്നു മാസത്തെ അക്രമത്തിനിടയിൽ ജീവൻ നഷ്ടപ്പെടേണ്ടി വന്നു . നിരവധി പേർക്ക് പരിക്കേറ്റു . ഒരുപാട് ആളുകൾക്ക് തങ്ങളുടെ വീടും കൃഷിയും ഒക്കെ നഷ്ടമായി. കൈയ്യിൽ കിട്ടിയതും കുഞ്ഞു ളേയും നെഞ്ചോട് ചേർത്ത് അവർ അയൽ സംസ്ഥാനങ്ങളിലേക്ക് അടക്കം പായുകയാണ്. ജീവൻരക്ഷ കരുതി മാത്രം.


  
മെയ് നാലിനാണ് രണ്ട് പെൺകുട്ടികൾ നഗ്നരായി നിരത്തിലൂടെ നടത്തപ്പെടുകയും അതിൽ ക്രൂരമായി കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്തത്. എന്തുകൊണ്ട് ഈ വാർത്ത ഇത്രയും വൈകി പുറത്തുവന്നു. കാരണം മണിപ്പൂരിൽ അക്രമം ആരംഭിച്ചതിന്‍റെ പിറ്റേദിവസം മുതൽ തന്നെ ഇൻറർനെറ്റിന്‍റെ സേവനം റദ്ദാക്കിയിരുന്നു യാതൊരു വിധത്തിലുള്ള ആശയ വിനിമയവും ജനങ്ങൾക്ക് പുറത്തോട്ട് സാധ്യമായിരുന്നില്ല . പിന്നീട് ഒരാഴ്ചയ്ക്കിപ്പുറമാണ് ഇൻറർനെറ്റ് സേവനങ്ങൾ പുനസ്ഥാപിച്ചത് . അതോടുകൂടി ഈ വീഡിയോ ഷെയർ ചെയ്യപ്പെട്ട് പുറത്തുവരികയായിരുന്നു.

മണിപ്പൂരിന്‍റെ ഭൂപ്രകൃതിയിൽ 90ശതമാനവും മലനിരകളാണ്. ബാക്കി പത്ത് ശതമാനമേ വരുന്നുള്ളൂ താഴ്വരകൾ.  ഇവിടെ താമസിക്കുന്ന ജനങ്ങൾക്കും പ്രത്യേകതയുണ്ട്.  ജനസംഖ്യയിലെ 57 ശതമാനം വരുന്ന മെയ്തീ വിഭാഗം ഈ പത്ത് ശതമാനം  താഴ്വരയിലാണ് താമസിക്കുന്നത്. ബാക്കി നാഗ കുക്കി പിന്നെ അവരുടെ താഴെയുള്ള മറ്റ് സഖ്യ സമുദായങ്ങൾ ഇവയെല്ലാം കൂടി 42 ശതമാനം വരും. താഴ്വരകളിൽ താമസിക്കുന്ന നീതി വിഭാഗത്തിന് ഈ കുന്നുകളിൽ സ്ഥലം വാങ്ങാൻ താമസിക്കാനോ സാധ്യമല്ല അതിന് സർക്കാരിന്‍റെ പ്രത്യേക അനുമതി ആവശ്യമാണ്.ആ സമയത്താണ് മണിപ്പൂർ ഹൈക്കോടതി സംസ്ഥാന സർക്കാരിന് ഒരു നിർദ്ദേശം നൽകുന്നത്. നീതി വിഭാഗക്കാരെ കൂടി പട്ടികവർഗ്ഗ പട്ടികയിൽ പരിഗണിക്കുക എന്നതായിരുന്നു നിർദ്ദേശം. നിലവിൽ നാഗ -കുകി വിഭാഗക്കാരും അവരുടെ സബ് സമുദായങ്ങളും മാത്രമായിരുന്നു. മെയ്തി വിഭാഗക്കാർ . പ്രധാനമായും ഭയപ്പെട്ടിരുന്നത് മറ്റൊന്നായിരുന്നു. അയൽരാജ്യങ്ങളായ ബംഗ്ലാദേശിൽ നിന്നും മ്യാൻമറിൽ നിന്നുമൊക്കെ കുടിയേറ്റക്കാർ മണിപ്പൂരിലെ കുന്നുകളിലേക്ക് കടന്നു കയറി നാഗ -കുക്കിവിഭാഗങ്ങളുമായി .ബന്ധപ്പെട്ട് ഭൂരിപക്ഷം ആയി മാറുന്നു. ഇതോടെ തങ്ങള്‍ അടിച്ചമര്‍ത്തപ്പെടുമെന്ന് അവര്‍ ഭയക്കുന്നു. മെയ്തെ വിഭാഗക്കാര്‍ സംവരണ ആനുകൂല്യങ്ങള്‍ നല്‍കുന്നതിനെ കുറിച്ചുള്ള ഹൈക്കോടതി സര്‍ക്കാരിനോട് അഭിപ്രായമാരാഞ്ഞപ്പോഴേക്കും മണിപ്പൂര്‍ കത്തിത്തുടങ്ങി. ഇനിയും നിരവധി കടമ്പകള്‍ കടക്കേണ്ടിയിരുന്ന ഒരു വിഷയത്തെ ലാഘവത്തോടെ കണ്ട് കൈകാര്യം ചെയ്ത രീതി ശരിയായില്ലെന്നും ആരോപണം ശക്തമാണ്. 

           

മണിപ്പൂരിലെ വംശീയ സംഘർഷം ഇത്രയും രൂക്ഷമായതിനു പിന്നിൽ വലിയൊരു പങ്ക് ശതമാനം കുറ്റം കേന്ദ്രസർക്കാരിന് തന്നെയാണ്. സംസ്ഥാന സർക്കാരിന്‍റെ കയ്യിൽ നിന്ന് ആഭ്യന്തരവകുപ്പ് ആർട്ടിക്കിൾ 344 പ്രകാരം കേന്ദ്രസർക്കാർ ഏറ്റെടുത്തിട്ടുണ്ടായിരുന്നു. അവിടെ പ്രസിഡൻഷ്യൽ ഭരണം കൊണ്ടുവന്നു. ആർമി , ബി എസ് എഫ് , പാരാ കമാൻഡോ , സിആർപിഎഫ് തുടങ്ങി എല്ലാ സായുധസേനകളെയും മണിപ്പൂരിൽ വിന്യസിച്ചിട്ടും കേന്ദ്രത്തിന് മണിപ്പൂരിലെ സ്ഥിതിഗതികൾ നിയന്ത്രിക്കാനായില്ലെങ്കിൽ പിന്നെ എന്താണ് രാജ്യത്തിന്‍റെ അവസ്ഥ എന്നത് ഇന്ത്യയിലെ ഓരോ പൗരന്‍റെയും ഉള്ളിൽ ഉയര്‍ന്ന് വരുന്ന ചോദ്യമാണിത്

ഏത് യുദ്ധങ്ങളിലും സംഘർഷങ്ങളിലും എന്നും ഏറ്റവും അധികം ബലിയാടുകളായി മാറിയിരുന്നത് സ്ത്രീകളും കുട്ടികളും തന്നെയാണ്. സംഘർഷത്തിനിടയിൽ സ്ത്രീ പീഢനങ്ങളും കൂട്ടബലാത്സംഗവും ആയുധമായി പണ്ടേ ഉപയോഗിച്ചിരുന്നു. 1947ലെ ഇന്ത്യാ വിഭജനം, 1971ലെ ബംഗ്ലദേശ് സ്വാതന്ത്ര്യയുദ്ധം, 1984ലെ സിഖ് വിരുദ്ധ കലാപം, ശ്രീലങ്കയിലെ ആഭ്യന്തരയുദ്ധം, 2002ലെ ഗുജറാത്ത് കലാപം… വീണ്ടും നാണംകെട്ട ആ ചരിത്രം ആവർത്തിക്കുകയാണ്.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads– ൽ Join ചെയ്യാം