യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടം നേടിയിട്ടുള്ള ഗ്വാട്ടിമാലയിലെ ആന്റിഗ്വ പട്ടണം ഒരു ചിത്രം പോലെ മനോഹരമാണ്. തലസ്ഥാനമായ ഗോട്ടിമാല പട്ടണത്തേക്കാൾ ചെറുതാണെങ്കിലും വൃത്തിയുള്ളതും സുരക്ഷിതവുമാണ് ആന്റിഗ്വ. മഴവിൽ നിറങ്ങളിലെ കൊളോണിയൽ കെട്ടിടങ്ങൾ, ചരിത്രമുറങ്ങുന്ന പള്ളികളും കോൺവെന്റുകളും , വിനോദ സഞ്ചാരികളെ കാത്തിരിക്കുന്ന റസ്റ്റോറന്റുകളും കഫേകളും . പ്രകൃതിയെയും യാത്രകളെയും സ്നേഹിക്കുന്ന ഏതൊരാൾക്കും മനം കവരുന്നതെല്ലാം ഇവിടെയുണ്ട് … ആന്റിഗ്വ എന്ന ഗ്വാട്ടിമാലയുടെ മണിമുത്ത്.
പക്ഷേ ആൻറിഗ്വ സ്ഥിതി ചെയ്യുന്നത് എവിടെയെന്നറിഞ്ഞാൽ അല്പമൊന്നമ്പരക്കും.. നാല് സജീവമായ അഗ്നി പർവ്വതങ്ങളാൻ ചുറ്റപ്പെട്ട്.. അഗ്വ, ഫ്യൂഗോ, അക്കാറ്റെനാംഗോ, പകായ എന്നീ അഗ്‌നി പർവ്വതങ്ങൾക്ക് സമീപം സജീവ ഭൂകമ്പ സാധ്യത കൂടിയുള്ള മേഖലയിൽ. 1773-ൽ ഉണ്ടായ ഭൂകമ്പ പരമ്പരയിൽ ഈ ചെറു നഗരം തകർന്ന് തരിപ്പണമായിരുന്നു . അന്ന് ഏറ്റവുമധികം നാശനഷ്ടം നേരിട്ടത് 1545ൽ പണികഴിപ്പിച്ചു എന്ന് കരുതപ്പെടുന്ന മനോഹരമായ ഒരു കത്രീഡൽ ആയിരുന്നു. അതായത് 200 വർഷം പഴക്കമുള്ള പുരാതന പള്ളി. ഇന്നും അതിന്റെ മേൽക്കൂര ആകാശത്തേക്കു തുറന്നു കിടക്കുന്നു. സൈഡ് ചാപ്പലുകളിൽ കൂട്ടിയിട്ടിരിക്കുന്ന തൂണുകളുടെയും കൊത്തുപണികളുടെയും തകർന്ന അവശിഷ്ടങ്ങൾക്കിടയിൽ പ്രാവുകൾ കൂടുകൂട്ടുകയാണ്.
ഒരു സമയത്ത് നഗരത്തെ തന്നെ ചാരമാക്കിയ ആ അഗ്നി പർവ്വതങ്ങൾ ഇന്ന് ആന്റിഗ്വ നിവാസികളുടെ പ്രിയ മിത്രങ്ങളാണ്. അവർക്ക് അതിജീവനത്തിന്റെ മാർഗ്ഗം കണ്ടെത്തി തരുന്നവ . കണക്കറ്റ നാശം വിതച്ച അതേ അഗ്നിപർവ്വതങ്ങൾ ഇന്ന് പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളാണ്. ലോകത്തിലെ ഏറ്റവും സജീവമായ, 3,768 മീറ്റർ ഉയരമുള്ള വോൾക്കൻ ഡി ഫ്യൂഗോ അഥവാ അഗ്നിപർവ്വതങ്ങളുടെ അഗ്നിപർവ്വതം ഇന്ന് വിനോദ സഞ്ചാരികളുടെ ഏറ്റവും വലിയ ആകർഷണമാണ്. 2002 മുതൽ ഇത് നിരന്തരം പൊട്ടിത്തെറിക്കുന്നു. ഓരോ 15-30 മിനിറ്റിലും ജ്വലിക്കുന്ന ലാവ ബോംബുകളും ചാര മേഘങ്ങളും അഗ്നി പർവ്വതം പുറത്തേക്ക് ചീറ്റുന്നു..
തൊട്ടടുത്തുള്ള അക്കാറ്റെനാം ഗോ അഗ്നിപർവ്വതം മറ്റൊരു സുന്ദര അത്ഭുത കാഴ്ചയാണ്. രാതി ആകാശത്തേക്ക് പൂക്കുറ്റിയും മത്താപ്പും പോലെ തീ തുപ്പുന്ന കാഴ്ച വിനോദ സഞ്ചാരികൾക്ക് ഏറെ അടുത്ത് നിന്ന് കാണാം. അക്കാറ്റെനാംഗോയിലേക്ക്
പ്രാദേശിക ടൂർ കമ്പനികൾ ഓവർനൈറ്റ് ക്യാമ്പിംഗ് വാഗ്ദാനം ചെയ്യുന്നുണ്ട് ..
ആന്റിഗ്വ പട്ടണത്തിൽ നിന്ന് 50 കിലോമീറ്റർ മാത്രം അകലെയുള്ള പകായയാണ് വിനോദ സഞ്ചാരികളെ ആകർഷിക്കുന്ന മറ്റൊരു കേന്ദ്രം. 2021 വരെ സജീവമായിരുന്ന പകായ ഇപ്പോൾ പൊട്ടിത്തെറിക്കാറോ തീ തുപ്പാറോ ഇല്ല.. നേരത്തെ പകായയിൽ നിന്ന് ഒഴുകിയിറങ്ങിയ ലാവകൾ ഉണങ്ങി ഒട്ടിപ്പിടിച്ചിരിക്കുന്നു. പുതുതായി ഉണങ്ങിയ ലാവാ പാതയിൻ ചവിട്ടി നടക്കുന്നത് വിനോദ സഞ്ചാരികൾക്ക് ഏറെ രസകരമാണ്.
അതിസുന്ദരമായ ചില പകൽ കാഴ്ചകൾ കൊണ്ട് സമ്പന്നമാണ് ആന്റിഗ്വ .ആന്റിഗ്വയിലെ ഏറ്റവും പ്രശസ്തമായ ഇടമാണ് സാന്താ കാറ്റലീന കമാനം. ഒരു കാനറി-മഞ്ഞ നിറമാണ് സാന്താ കാറ്റലീന കമാനത്തിന് . 1694ലാണ് ഇത് നിർമ്മിച്ചതെന്ന് കരുതപ്പെടുന്നു. സാന്താ കാറ്റലീന കോൺവെന്റിലെ കന്യാസ്ത്രീകൾക്ക് അവരുടെ കോൺവെന്റിൽ നിന്ന് തെരുവിന്റെ മറുവശത്തുള്ള സ്കൂളിലേക്ക് പൊതുനിരത്തിൽ കാണപ്പെടാതെ കടന്നുപോകാൻ നിർമ്മിച്ചതാണത്രേ ഈ കമാനം. ഇന്ന് ഗ്വാട്ടിമാലയിലെ പ്രതീകാത്മക സ്മാരകമാണ് ഇത്.
ആന്റിഗ്വയുടെ ഹൃദയമിടിപ്പായി കണക്കാക്കുന്ന സ്ഥലമാണ് സെൻട്രൽ പാർക്ക്. പാർക്കിന്റെ നാല് വശങ്ങളിലും കോളനി ഭരണത്തിന്റെ അവശേഷിപ്പുകളായ മനോഹര കെട്ടിടങ്ങളാണ്. ഗ്വാട്ടിമാലയുടെ സംസ്കാരങ്ങളുടെ കൂട്ടായ്മയെ കുറിച്ചുള്ള മനോഹര ചിത്രം ഇവിടെ കാണാം. ചില ദേശക്കാർ അങ്ങനെയാണ്. തങ്ങൾക്കുണ്ടാകുന്ന നിർഭാഗ്യങ്ങളെ കഠിന പ്രയത്നത്തിലൂടെയും മനശക്തിയിലൂടെയും അതിജീവിക്കും.. പിന്നീട് അവിടെ കയ്യൊപ്പ് പതിപ്പിച്ച് ഭാഗ്യ സൂചകമാക്കും.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം