പുതുപ്പള്ളിയിൽ സ്വന്തമായൊരു വീട് ഒടുവിൽ ഉമ്മന്‍ ചാണ്ടിയുടെ ആഗ്രഹം മാത്രമായി. സ്വന്തം മണ്ണിൽ വീടെന്ന സ്വപ്നം പൂവണിയാതെയാണ് ഉമ്മൻചാണ്ടിയെന്ന ജനനായകന്റെ മടക്കം. കുടുംബവീതമായി പുതുപ്പള്ളി കവലയ്ക്കുസമീപം ലഭിച്ച ഭൂമിയിലാണ് എട്ടുമാസംമുമ്പ് വീടിന്റെ നിർമാണം തുടങ്ങിയത്. ഈ വീടിന്റെ മുറ്റത്തുനിന്നാണ് പുതുപ്പള്ളിയിലെ സ്വന്തം ഇടവകപ്പള്ളിയിലേക്കുള്ള അദ്ദേഹത്തിന്റെ അന്ത്യയാത്ര.
പുതുപ്പള്ളി സ്വന്തമാണെങ്കിലും സ്വന്തം പേരില്‍ പുതുപ്പള്ളിയില്‍ ഉമ്മൻ ചാണ്ടിക്കു വീടില്ലായിരുന്നു. വീടുപണി തുടങ്ങിയപ്പോഴേക്കും അദ്ദേഹത്തിന്റെ രോഗം കാര്യമായി അലട്ടിത്തുടങ്ങി. വീടിന്റെ കോൺക്രീറ്റ് തൂണുകൾ മാത്രമാണ് ഇതുവരെ പൂർത്തിയായത്. എം.എൽ.എ. ഓഫീസ് ഉൾപ്പെടെയുള്ള വീടാണിത്. തിരുവനന്തപുരത്തുനിന്ന് ശനി, ഞായർ ദിവസങ്ങളിൽ പുതുപ്പള്ളിയിലെത്തുന്ന ഉമ്മൻചാണ്ടി കോട്ടയത്ത് സർക്കാർ ഗസ്റ്റ് ഹൗസിലാണ് അന്തിയുറങ്ങിയിരുന്നത്.
പുതുപ്പള്ളിയുടെ സ്വന്തം ഉമ്മൻ ചാണ്ടിയെ പുതുപ്പള്ളിയില്‍ നിര്‍മ്മിക്കുന്ന വീട്ടില്‍ എത്തിക്കണമെന്ന ആഗ്രഹം കുടുംബമാണു പങ്കുവച്ചത്. ഇതോടെ പുതുപ്പള്ളി പഞ്ചായത്തിന്റെ പുതിയ കമ്യൂണിറ്റി ഹാളിനു സമീപത്തെ നിര്‍മ്മാണം നടക്കുന്ന വീട്ടില്‍ മൃതദേഹം എത്തിക്കാനുള്ള നടപടികള്‍ തുടങ്ങി.
Read more: ജനനായകന് വിടനൽകാൻ ജനപ്രവാഹം; വിലാപയാത്ര കൊട്ടാരക്കരയിലേക്ക്; തിരുവനന്തപുരം കടന്നത് 7 മണിക്കൂറെടുത്ത്
അനേകായിരങ്ങൾക്ക് വീടെന്ന സ്വപ്നം യാഥാർഥ്യമാക്കിയയാളാണ് ഉമ്മൻ ചാണ്ടി. മണ്ഡലത്തിലെ മുഴുവൻ ലക്ഷംവീടുകളുടെ നവീകരണത്തിനും സർക്കാർ സഹായം ലഭിക്കാത്തവർക്ക് ഒട്ടേറെ വീടുകൾ നിർമിച്ചുനൽകുന്നതിനും നേതൃത്വംനൽകിയ നേതാവ് എപ്പോഴും പുതുപ്പള്ളിയിൽ സ്വന്തംവീടെന്ന സ്വപ്നം മാറ്റിവെക്കുകയായിരുന്നു.
ഒന്നും രണ്ടുമല്ല, തുടർച്ചയായി 51 വർഷം ജനപ്രതിനിധിയായിരുന്ന ഈ മനുഷ്യന് സഹജീവികളുടെ പ്രശന്ങ്ങളും സ്വപ്‌നങ്ങളും നിറവേറ്റുന്നതിനിടെ സ്വന്തം സ്വപ്‌നം സാക്ഷാത്കരിക്കാൻ സാധിക്കാതെ പോയി. ജനങ്ങൾക്ക് വേണ്ടി ജീവിച്ച്, സ്വന്തം ആഗ്രഹങ്ങൾ പോലും രണ്ടാം നിരയിലേക്ക് മാറ്റിവച്ച ജനനായകന് വിട…
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം