മുതലപ്പൊഴി ഇന്ന് തിരുവനന്തപുരം ജില്ലയിലെ മത്സ്യത്തൊഴിലാളികളുടെ പേടി സ്വപ്നമാണ്. നിരവധി മത്സ്യത്തൊഴിലാളികളാണ് പൊഴിമുഖത്ത് രൂപപ്പെടുന്ന മണൽത്തിട്ടയിലും പാറയിലും തട്ടിയുളള അപകടങ്ങളിൽ മരിച്ചത്. ഹാർബർ നിർമാണത്തിലെ അപാകതയാണ് മുതലപ്പൊഴിയിൽ അപകടങ്ങൾ വർധിപ്പിക്കുന്നതെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്. അപകടങ്ങൾ പതിവായിട്ടും നടപടികൾ കൈക്കൊള്ളാൻ സർക്കാർ തയ്യാറാകുന്നില്ലെന്നാണ് പരാതി വ്യാപകമായി ഉയരുകയാണ്.
തിരുവനന്തപുരം ജില്ലയുടെ തീരപ്രദേശത്തെ മരണപ്പൊഴിയായി തന്നെ മാറിയിരിക്കുകയാണ് . കഠിനംകുളം കായലും അറബിക്കടലും ചേരുന്ന സ്ഥലമാണ് മുതലപ്പൊഴി. മുതലപ്പൊഴിയിൽ ഉണ്ടായിട്ടുള്ള അപകടങ്ങൾക്കാകട്ടെ കൈയ്യും കണക്കുമില്ല. ഇപ്പോഴിത് മുതലപ്പൊഴിയല്ല, മരണപ്പൊഴിയാണ്. അഞ്ചു തെങ്ങുമുതല്‍ വേളി വരെയുള്ള ഭാഗങ്ങളില്‍ ഇതുവരെ 63 പേരാണ് ഇവിടെ മരിച്ചത്. സംസ്ഥാനത്ത് മത്സ്യത്തൊഴിലാളികള്‍ സ്ഥിരമായി അപകടത്തില്‍ പെട്ട് മരിക്കുന്ന പ്രദേശമെന്ന കുപ്രസിദ്ധിയും മുതലപ്പൊഴിക്ക് കൈവന്നു കഴിഞ്ഞു.
സാധാരണ പുലിമുട്ടുകളുളള ഹാർബറുകളിൽ തിരയടി കുറയുന്നതാണ് പതിവ്. എന്നാൽ മുതലപ്പൊഴിയിൽ മറിച്ചാണ് സ്ഥിതി. ശാസ്ത്രീയമായ രീതീയിലല്ല പുലിമുട്ട് നിർമ്മിച്ചിരിക്കുന്നതെന്ന ആരോപണം നേരത്തെ മുതല്‍ ശക്തമാണ്. പുലിമുട്ടിന്‍റെ നീളം കൂട്ടണമെന്ന ആവശ്യം നേരത്തെ ഉയര്‍ന്നിരുന്നു എങ്കിലും പഠന റിപ്പോര്‍ട്ട് ലഭിക്കട്ടെ എന്ന നിലപാടിലാണ് സര്‍ക്കാര്‍. ജനങ്ങള്‍ക്ക് മുന്നില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ച് അഭിപ്രായരൂപീകരണം നടത്തി അന്തിമ തീരുമാനമെടുക്കാനാണ് സര്‍ക്കാരിന്‍റെ ആലോചന.
അശാസ്ത്രീയ നിര്‍മ്മാണങ്ങള്‍
പൊഴിമുഖത്തേക്ക് അടിച്ചുകയറുന്ന കൂറ്റൻ തിരമാലകളെ കടന്നാണ് ബോട്ടുകളും വളളങ്ങളും കടലിലേക്ക് പോകേണ്ടതും മടങ്ങി വരേണ്ടതും .എന്നാല്‍ തുറമുഖ നിര്‍മ്മാണത്തെ തുടര്‍ന്ന് കല്ലുകൾ മുഴുവന്‍ ഇടിഞ്ഞ് ഇപ്പോൾ കടലിലേക്കിറങ്ങിയിരിക്കുകയാണ്. തുറമുഖ ചാനലിനോടു ചേർന്ന് നിക്ഷേപിച്ചിട്ടുള്ള കല്ലുകളും ടെട്രാപോഡുകളും അഴിമുഖത്തേക്ക് ഇടിഞ്ഞു കിടക്കുന്നു. ഇതോടെ പ്രകൃതിദത്തമായ ഒഴുക്ക് തടസപ്പെട്ടിരിക്കുന്നു. തുറമുഖ നിര്‍മ്മാണത്തെ തുടര്‍ന്ന് തെക്കോട്ടൊഴുകുന്ന മണല്‍ വടക്കുഭാഗത്തേക്കു എത്തുന്നില്ലെന്നാണ് മത്സ്യത്തൊഴിലാളികള്‍ പറയുന്നു. ഡ്രജിങ് കൃത്യമായി നടക്കാത്തതിനാൽ പലയിടങ്ങളും മണൽതിട്ടകൾ രൂപം കൊണ്ടിട്ടുണ്ട്. തിര വരുന്നതുമുഴുവൻ മണൽ കിടക്കുന്ന സ്ഥലത്തേക്കാണ്. കുഴിയുണ്ടെങ്കിൽ മാത്രമേ തിരയടിക്കാതിരിക്കൂ. 6 മീറ്ററെങ്കിലും ആഴം വേണ്ട സ്ഥലത്ത് രണ്ടു മീറ്ററായി ആഴം കുറയുമ്പോൾ ചുഴികൾ രൂപപ്പെടുകയും ബോട്ടുകൾ മറിയുകയും ചെയ്യും.
വള്ളങ്ങൾ പോകുന്ന ഭാഗത്തെ ആഴക്കുറവ് തിരിച്ചറിയാൻ ബോയകൾ സ്ഥാപിക്കുമെന്ന വാഗ്ദാനം നടപ്പിലായില്ല. അഴിമുഖത്തെ പാറയും മണലും നീക്കി പരമാവധി ആഴം ഉറപ്പാക്കുന്ന നടപടികളും എങ്ങും എത്തിയില്ല. പുലിമുട്ട് സ്ഥാപിച്ചത് മുതൽ അപകടം പതിവായ മുതലപ്പൊഴിയിൽ വിഴിഞ്ഞത്തേക്ക് പാറ കൊണ്ടുപോകാൻ വേണ്ടി പുലിമുട്ട് പൊളിച്ചതും വിനയായി. 170 മീറ്റർ പുലിമുട്ട് പൊളിച്ച് നീക്കിയതോടെ തിര അടിക്കുന്നത് ഹാർബറിനകത്തേക്കാണ്. ഇതോടെ അപകടം പതിവായി. അതിന്‍റെ ഫലമായാണ് ഇവിടെ അടിക്കടി ഉണ്ടാകുന്ന അപകടങ്ങളും മരണവും.
പൊഴിമുഖത്ത് അപകടങ്ങൾ പതിവായതോടെ മുതലപ്പൊഴി വഴി കടലിൽ പോകാൻ മത്സ്യതൊഴിലാളികൾക്ക് പേടിയാണ്. ഒരപകടമെങ്കിലും ഉണ്ടാകാത്ത ആഴ്ചകളില്ല. ജീവഭയമില്ലാതെ തൊഴില്‍ ചെയ്യാനുള്ള സാഹചര്യമൊരുക്കണമെന്നാണ് മത്സ്യത്തൊഴിലാളികളുടെ ആവശ്യം.
വാഗദ്ധാനപ്പെരുമഴയാണ് ഇവര്‍ക്കു മുന്നില്‍ മാറി മാറി വരുന്ന സര്‍ക്കാരുകള്‍ നിരത്തിയിട്ടുള്ളത്. കേന്ദ്രാവിഷ്കൃത പദ്ധതിയുടെ ഭാഗമായി 2011ലാണ് ഹാർബറിന്റെ നിർമാണം ആരംഭിച്ചത് .
യുഡിഎഫ് സർക്കാരിന്റെ കാലത്ത് 31 കോടി രൂപ ചെലവഴിച്ച് പുനർനിർമാണം നടത്തിയെങ്കിലും ഫലമുണ്ടായില്ലെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു. അപകടങ്ങള്‍ സര്‍ക്കാരിന്‍റെ അനാസ്ഥയെന്ന് പ്രതിപക്ഷവും മുന്‍സര്‍ക്കാരുകളുടെ അവഗണനയെന്ന് നിലവിലെ സര്‍ക്കാരും ഇരുകൂട്ടരെയും പ്രതിസ്ഥാനത്ത് നിര്‍ത്തി കേന്ദ്രവും പോരടിച്ച് കൈകഴുകുമ്പോള്‍ മുതലപ്പൊഴിയില്‍ അടുത്ത് ജീവന്‍ നഷ്ടപ്പെടുന്നത് ആര്‍ക്കെന്ന ആശങ്കയിലാണ് മത്സ്യത്തൊഴിലാളികള്‍. വാഗ്ദാനങ്ങളും നടപടികളും വാക്കുകളിലും പേപ്പറുകളിലും മാത്രമായി ഒതുങ്ങുമ്പോള്‍ മുതലപ്പൊഴി മരണപ്പൊഴിയായി തുടരുക തന്നെ ചെയ്യുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം