റഷ്യയില്‍ പ്രസിഡന്‍റ് വ്ലാഡിമിര്‍ പുടിന്‍റെ മുട്ടുവിറപ്പിച്ച കൂലിപ്പട്ടാളം എവിടെയാണ്… ക്രെംലിന്‍ അട്ടിമറിക്ക് ശേഷം വാഗ്നര്‍ മേധാവി പ്രിഗോഷിനെ കുറിച്ചുള്ള വിവരങ്ങളൊന്നും ലഭ്യമല്ല. അദ്ദേഹം ബെലാറസിലേക്ക് തിരിച്ചു എന്ന രീതിയിലുള്ള വാര്‍ത്തകളും ചിത്രങ്ങളുമാണ് പുറത്ത് വന്നത്. എന്നാല്‍ പ്രിഗോഷിന്‍ ബെലാറസില്‍ ഇല്ല എന്നും റഷ്യയിലെ സെന്റ് പീറ്റേഴ്സ് ബെര്‍ഗില്‍ ആയിരിക്കാം എന്ന മറുപടിയാണ് ബെലാറസ് പ്രസിഡന്‍റ് അലെക്സാണ്ടര്‍ ലുഷ്ചെങ്കോ ഇപ്പോൾ നല്‍കുന്നത്. വാഗ്നര്‍ മേധാവിയുടെ പിന്നാലെയല്ല തങ്ങളെന്നാണ് അദ്ദേഹം പറഞ്ഞത്. പുടിന്‍ -പ്രിഗോഷിന്‍- ലുഷ്ചെങ്കോവ് മാധ്യസ്ഥ ഉടമ്പടിയിലെ പല വ്യവസ്ഥകളിലും ഇപ്പോഴും അവ്യക്തത തുടരുകയാണ്.
പ്രിഗോഷിൻ ക്രെംലിന്‍ അട്ടിമറിയില്‍ നിന്ന് പിന്‍വാങ്ങിയത് ബെലാറസ് പ്രസിഡന്‍റുമായുള്ള മാരത്തണ്‍ ചര്‍ച്ചകള്‍ക്കൊടുവിലാണ്. നേരത്തെ ലുഷ് ചെങ്കോവ് പറഞ്ഞിരുന്നത് പ്രിഗോഷിന്‍ ബെലാറസില്‍ ഉണ്ട് എന്നതായിരുന്നു. ഇത് സ്ഥിരീകരിക്കുന്നതായിരുന്നു സെന്‍റ് പീറ്റേഴ്സ്സ് ബെര്‍ഗില്‍ നിന്ന് ബെലാറസിലേക്ക് പുറപ്പെട്ട ജെറ്റ് വിമാനം. എന്നാല്‍ ആ വിമാനം വൈകിട്ട് തിരിച്ചു പറന്നതായും ബിബിസി അടക്കമുള്ള വാര്‍ത്താ ഏജന്‍സികള്‍ സ്ഥിരീകരിക്കുന്നു. എന്നാല്‍ തിരിച്ചു പറന്ന വിമാനത്തില്‍ പ്രിഗോഷിന്‍ ഉണ്ടായിരുന്നോ എന്നതില്‍ വ്യക്തതയില്ല. ഇതിന് പിന്നാലെയാണ് പ്രിഗോഷിന്‍ ബെലാറസില്‍ ഇല്ല എന്ന പ്രസ്താവനയുമായി ലുഷ്ചെങ്കോ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ബാക്കി കൂലിപ്പട്ടാള അംഗങ്ങള്‍ നേരത്തെ നിലയുറപ്പിച്ചിരുന്ന തങ്ങളുടെ ബേസ് ക്യാമ്പുകളിലോ ട്രെയിനിംഗ് മേഖലയായ ക്രാസ്നോദര്‍ മേഖലയിലോ ആകാമെന്നാണ് അദ്ദേഹം പറയുന്നത്. എന്നാല്‍ വാഗ്നര്‍ മേധാവിക്കും സ്വകാര്യ സേനയ്ക്കും തമ്പടിക്കാനുള്ള സൌകര്യങ്ങളെല്ലാം ബെലാറസ് ഒരുക്കിയിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ . നാറ്റോ അയല്‍ രാജ്യങ്ങള്‍ ഉയര്‍ത്തിയ മുന്നറിയിപ്പിന്‍റെയും ആശങ്കയുടെയും പശ്ചാത്തലത്തില്‍ ബെലാറസില്‍ അഭയം തേടാനുള്ള പദ്ധതി മാറ്റിയെന്നും സൂചനയുണ്ട്. പ്രിഗോഷിന് ഇക്കാര്യത്തില്‍ അദ്ദേഹത്തിന്‍റേതായ കാഴ്പ്പാടുണ്ടെന്നും ലുഷ്ചെങ്കോവ് വ്യക്തമാക്കി.
എന്നാല്‍ അട്ടിമറി ശ്രമത്തിന് ശേഷം പ്രിഗോഷിന് മേല്‍ രാജ്യദ്രോഹക്കുറ്റം പുടിന്‍ ചുമത്തിയില്ല എന്നത് ശ്രദ്ധേയമാണ്. പകരം റഷ്യ വിട്ടു പോകുന്നതിനുള്ള കര്‍ശന നിര്‍ദ്ദേശമാണത്രേ ക്രംലിന്‍ നല്‍കിയത്. പിന്നെ എന്തുകൊണ്ട് പ്രിഗോഷിന്‍ സെന്‍റ് പീറ്റേഴ്സ് ബര്‍ഗില്‍ തുടരുന്നു എന്നതാണ് ഉയരുന്ന ചോദ്യം. പ്രിഗോഷിന്‍ റഷ്യയില്‍ തുടരുന്നിടത്തോളം കാലം പുടിന്‍ ഭയക്കേണ്ടിയിരിക്കുന്നു എന്നതാണ് സത്യം. എന്നാല്‍ വാഗ്നര്‍ കൂലിപ്പട്ടാളത്തിന്‍റെ നീക്കങ്ങള്‍ തങ്ങള്‍ നിരീക്ഷിക്കുന്നില്ല എന്നാണ് പുടിന്‍റെ വക്താവ് ദിമിത്രി പെസ്കോവ് വ്യക്തമാക്കുന്നത്.
ക്രെംലിൻ അട്ടിമറിക്ക് പിന്നിലെ ഗൂഢാലോചന:
ക്രെംലിൻ അട്ടിമറിയോടെ, രണ്ട് പതിറ്റാണ്ടിലേറെയായി റഷ്യൻ ജനതയ്ക്കു മുന്നിൽ മാത്രമല്ല ലോകരാജ്യങ്ങൾക്കു മുന്നിലും നിറം മങ്ങിയ തന്റെ പ്രതിച്ഛായ മെച്ചപ്പെടുത്താനുള്ള ശ്രമങ്ങൾ പുടിൻ തുടങ്ങി കഴിഞ്ഞു. രജസ്ഥാൻ മേഖലയിൽ പുടിൻ തന്റെ അണികളെ അഭിവാദ്യം ചെയ്യുന്ന ചിത്രം ക്രെംലിൽ പുറത്തു വിട്ടിട്ടുണ്ട്. മാത്രമല്ല ക്രെംലിൻ അട്ടിമറികൾക്ക് പിന്നാലെ യുക്രൈനിൽ മിസൈൽ പെരുമഴയാണ് ഉണ്ടായത്.. അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസിയുടെ റിപ്പോർട്ട് അനുസരിച്ച് റഷ്യൻ സൈന്യത്തിലെ ജനറൽ റാങ്കിലുള്ള ഒരു മുതിർന്ന ഉദ്യോഗസ്ഥന് അട്ടിമറി നീക്കങ്ങളെ കുറിച്ച് അറിവുണ്ടായിരുന്നു എന്നാണ്. റഷ്യൻ സേനയിലെ മുതിർന്ന ജനറൽ സെർജി സുറോവികിൻ. അദ്ദേഹത്തിന്റെ അറിവോടെയാണ് അട്ടിമറി നീക്കങ്ങൾ നടന്നതെന്നാണ് സൂചന .യുക്രെയിനിലെ റഷ്യൻ അധിനിവേശത്തിന് തുടക്കത്തിൽ നേതൃത്വം നൽകിയത് സെർജി സൊറോവിക്കിൻ ആണ് . എന്നാൽ ആദ്യഘട്ടത്തിൽ റഷ്യൻ സേനയ്ക്ക് യുക്രൈനിൽ തിരിച്ചടി നേരിട്ടപ്പോൾ ജനറൽ ആർമഗഡോൺ എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന സൊറോ വിക്കിനെ സേനയിൽ നിന്ന് തരംതാഴ്ത്തി എന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇത് അദ്ദേഹത്തിന് അസംതൃപ്തി ഉണ്ടാക്കി എന്നും പ്രിഗോഷിന്റെ നീക്കങ്ങൾക്ക് പിന്തുണ നൽകിയെന്നും റിപ്പോർട്ടുകൾ ഉണ്ട് . പ്രിഗോഷിന്റെ അട്ടിമറി നീക്കം പരാജയപ്പെട്ടതിന് തൊട്ടു പിന്നാലെ ജനറലിനെ ചോദ്യം ചെയ്തുവെന്നും തടവിലാക്കി എന്നും ഗോസിപ്പുകൾ പരന്നിരുന്നു. ചുരുക്കത്തിൽ പുടിനെ താഴെയിറക്കാൻ റഷ്യൻ സൈന്യത്തിനകത്തു നിന്നു തന്നെ പ്രിഗോഷിന് സഹായം ലഭിച്ചിരുന്നുവെന്ന് സാരം.
ഇത്തരം ആരോപണങ്ങളെല്ലാം അർഹിക്കുന്ന അതേ ഗൗരവത്തോടെ തള്ളിക്കളയുന്നതായി റഷ്യൻ ഭരണകൂടം ആവർത്തിക്കുന്നു. എന്നാൽ യുക്രെയിനിലെ ദേശീയ സുരക്ഷാ പ്രതിരോധ കൗൺസിൽ സെക്രട്ടറി ഒലക്സി ഡാനിലോവിന്റെ കണ്ടെത്തലിൽ റഷ്യൻ ഭരണകൂടത്തിനെതിരെ തിരിഞ്ഞിരിക്കുന്ന 14 സൈനിക ഉദ്യോഗസ്ഥരിൽ ഒരാൾ മാത്രമാണ് യെവ്ഗ്നി പ്രിഗോഷിൻ എന്നാണ്. അദ്ദേഹം ഒരു സ്വതന്ത്ര വിമത പോരാളി അല്ലെന്നും യജമാനന്മാരായി പ്രിഗോഷിന് നിരവധി സൈനിക മേധാവിമാർ ഉണ്ടായിരുന്നുവെന്നും ഡാനിലോ വെളിപ്പെടുത്തുന്നു. റഷ്യയിൽ ഭരണ മാറ്റം ആഗ്രഹിക്കുന്ന ഒരു കൂട്ടം ആളുകളുടെ കയ്യിലെ കളിപ്പാവ മാത്രമാണ് പ്രിഗോഷിൻ എന്നാണ് ദേശീയ സുരക്ഷാ പ്രതിരോധ കൗൺസിൽ സെക്രട്ടറി വെളിപ്പെടുത്തുന്നത് . അതുകൊണ്ടുതന്നെ ഒരു യെവ്ഗ്നി പ്രിഗോഷിനും കൂലിപ്പട്ടാളവും മാറി നിന്നാൽ പോലും മറ്റൊന്ന് ഉയർന്നുവന്ന് പുടിനെതിരെ ആഞ്ഞടിക്കുന്ന കാലം വളരെ വിദൂരം അല്ലെന്നും അദ്ദേഹം പറയുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം