യുദ്ധങ്ങളുടെ ചരിത്രം പലപ്പോഴും രസകരമാണ് …. പലപ്പോഴും പുറത്ത് വരുന്ന കണക്കുകളോ കാര്യങ്ങളോ ആയിരിക്കില്ല യാഥാര്‍ത്ഥ്യം…. കുഞ്ഞന്‍ രാഷ്ട്രങ്ങളോട് വന്‍ശക്തികള്‍ തോറ്റോടേണ്ടി വന്ന ഒരുപാട് കഥകള്‍ ലോകത്തിന് പറയാനുണ്ട്. അക്കൂട്ടത്തിലേക്ക് എഴുതിച്ചേര്‍ക്കപ്പെട്ടേക്കാം റഷ്യയുടെ യുകൈന്‍ അധിനിവേശവും .യുക്രൈനു മേല്‍ പരമാധികാരം സ്ഥാപിച്ചെടുക്കാനും നാറ്റോയില്‍ അംഗമാകാനുള്ള യുക്രൈന്‍ തീരുമാനത്തിന് തടയിടാനുമായിരുന്നു 2022 ഫെബ്രൂവരിയോടെ റഷ്യയുടെ യുക്രൈന്‍ ആക്രമണം.
ഫെബ്രുവരിയില്‍ ലോകത്തെ രണ്ടാമത്തെ വലിയ സൈനിക ശക്തിയായ റഷ്യ, 22 ആംസ്ഥാനത്ത് മാത്രമുള്ള യുക്രൈനെ ആക്രമിക്കുമ്പോള്‍ ചെറിയൊരു ആയുസുമാത്രമാണ് ആ യുദ്ധത്തിന് ലോകം കല്പിച്ചത്. മതിയായ ഭക്ഷണമോ ഇന്ധനമോ ആയുധ സാമഗ്രികളോ ഒന്നും കരുതാതെ വളരെ പെട്ടെന്ന് അധിനിവേശം പൂര്‍ത്തിയാക്കി അനായാസം രാജ്യം പിടിച്ചെടുത്ത് ചൊല്‍പ്പടിയില്‍ നിര്‍ത്താമെന്ന ഹുങ്കോടെ എത്തിയ റഷ്യന്‍സേനയ്ക്ക് യുക്രൈന്‍ ജനതയുടെ തിരിച്ചടി അപ്രതീക്ഷിതമായിരുന്നു. ഒന്നര ലക്ഷത്തോളം സൈനികരെ എത്തിച്ച്, യുദ്ധം തുടങ്ങി 500 ദിവസം പിന്നിടുമ്പോഴും റഷ്യയുടെ വ്യാമോഹങ്ങള്‍ എങ്ങുമെത്താതെ നില്‍ക്കുകയാണ്. റഷ്യന്‍ അധിനിവേശത്തിനെതിരെ യുക്രൈന്‍ ചെറുത്തുനില്‍പിന്‍റെ പ്രതീകമായി മാറിയ കരിങ്കടലിലെ സ്റ്റേക്ക് ഐലന്‍റില്‍ സന്ദര്‍ശനം നടത്തിയാണ് പ്രസിഡന്‍റ് വ്ലാഡിമിര്‍ സെലന്‍സ്കി 500ആം ദിവസത്തെ ശ്രദ്ധേയമാക്കിയത്. ദ്വീപില്‍ നിന്ന് പുറത്തുവിട്ട വീഡിയോ സന്ദേശത്തില്‍ അദ്ദേഹം രാജ്യത്തെ സൈനികരുടെ പോരാട്ടവീര്യത്തെ പുകഴ്ത്തി. രാജ്യത്തിന്‍റെ ഓരോ ഭാഗവും വീണ്ടെടുക്കുമെന്നതിന്‍റെ തെളിവാണ് ദ്വീപിന്‍റെ നിയന്ത്രണം തിരിച്ചുപിടിച്ചതെന്ന് സെലന്‍സ്കി പറഞ്ഞു.
നാറ്റോവില്‍ അംഗമാകാനാഗ്രഹിക്കുന്ന യുക്രൈന് റഷ്യ ഒരു മുഴം മുന്നേ എറിഞ്ഞ മുന്നറിയിപ്പായിരുന്നു യുക്രൈന്‍ അധിനിവേശം. ഒരു കൊമേഡിയനെ നേതാവായി തെരഞ്ഞെടുത്തുവെന്ന് യുക്രൈന്‍ ജനതയെ പരിഹസിച്ചവര്‍ക്ക് ചുട്ടമറുപടിയാണ് യുക്രൈന്‍ പ്രസിഡന്‍റ് വ്ലാഡിമിര്‍ സെലന്സ്കി നല്‍കിയത്. യുദ്ധംവരുമ്പോള്‍ രാജ്യത്തെയും ജനതയെയും കൈവിട്ട് സ്വരക്ഷ തേടി നാടു കടക്കുന്ന ലോകനേതാക്കളില്‍ നിന്നും വ്യത്യസ്ഥനായി സെലന്‍സ്കി. പ്രസിഡന്‍റ് സെലന്‍സ്കി എടുത്ത ചില തീരുമാനങ്ങളാണ് നിര്‍ണ്ണായകം ആയത്. ഒരു തരം ജനകീയ ഗറില്ലാ യുദ്ധ രീതിയായിരുന്നു യുക്രൈന്‍ ആസൂത്രണം ചെയ്തത്. ജനങ്ങളോട് രാജ്യത്ത് തുടരാന്‍ അഭ്യര്‍ത്ഥിച്ച സെലന്‍സ്കി ആദ്യ ദിനം തന്നെ 18000 തോക്കുകളാണ് തെരുവിലേക്കിറങ്ങിയ ജനതയുടെ കൈകളിലേക്ക് എത്തിച്ചത്. പെട്രോള്‍ ബോംബുകളായിരുന്നു ജനങ്ങളുടെ പ്രധാന ആയുധം.
അമേരിക്ക ഉള്‍പ്പെടുന്ന നാറ്റോ രാഷ്ട്രങ്ങളുടെ പൂര്‍ണ്ണ പിന്തുണയിലാണ് യുക്രൈന്‍ റഷ്യയ്ക്കെതിരെ ആഞ്ഞടിക്കുന്നത്. യുക്രൈന് ആയുധങ്ങളും സൈനിക സന്നാഹങ്ങളും നല്കി റഷ്യയെ തകര്‍ക്കാനാണ് നാറ്റോയുടെ നീക്കം. അപ്രതീക്ഷിത തിരിച്ചടികള്‍ ഉണ്ടായതോടെ റഷ്യ മുന്നണിപ്പോരാട്ടത്തിൽ നിന്ന് പിൻവാങ്ങി. പകരം യുക്രൈനിലെ അടിസ്ഥാന സൗകര്യങ്ങൾ ലക്ഷ്യംവെച്ചു തുടങ്ങി. കടുത്ത ശൈത്യം തുടരുന്ന യുക്രൈനില്‍ ഊര്‍ജ്ജ പ്രതിസന്ധിയുണ്ടാക്കി ജനതയുടെ പോരാട്ട വീര്യം തകര്‍ക്കാനുള്ള തന്ത്രമാണ് റഷ്യ പയറ്റുന്നത്. ഒരു മാസത്തിനിടെ വൈദ്യുതി ശൃംഖലയുടെ മൂന്നിലൊന്ന് തകരാറിലായി . വലിയ രീതിയിലുള്ള വൈദ്യുതി പ്രതിസന്ധിയാണ് തലസ്ഥാനമായ കീവിലടക്കം. രാജ്യത്തെ 14 ലക്ഷത്തോളം ജനങ്ങള്‍ ഇരുട്ടിലാണ്. യുദ്ധം 500 ദിനങ്ങള്‍ പിന്നിടുമ്പോള്‍ കീവും ഖര്‍കീവും ഡോണ്‍ബോസും കേഴ്സണും അടക്കം റഷ്യ പിടിച്ചടക്കിയ ഭൂപ്രദേശങ്ങളില്‍ 50 ശതമാനവും തിരിച്ചുപിടിച്ചുവെന്ന് അവകാശപ്പെടുന്ന ഭൂപടം യുക്രൈന്‍ പുറത്തു വിട്ടിട്ടുണ്ട്.
രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം യൂറോപ് കണ്ട ഏറ്റവും വലിയ യുദ്ധം അങ്ങനെ അനന്തമായി നീളുകയാണ്. ഒരു നീതീകരണവുമില്ലാത്ത ഈ സംഹാര താണ്ഡവത്തില്‍ രണ്ടു ലക്ഷത്തോളം ജീവനുകളാണ് ഇരു വശത്തുമായി പൊലിഞ്ഞത്. ഇതില്‍ 9083 പേര്‍ തദ്ദേശവാസികളാണെന്നാണേ ഔദ്യോഗിക കണക്കുകള്‍. ഒന്നര കോടി മുതല്‍ മൂന്ന് കോടിവരെ യുക്രൈന്‍കാരാണ് പോളണ്ട് ഉള്‍പ്പെടെയുള്ള അയല്‍ രാജ്യങ്ങളിലേക്ക് പലായനം ചെയ്തത്.
യുക്രൈന്‍ ജനതയുടെ നെഞ്ചു നിറഞ്ഞ ആത്മവിശ്വാസത്തിലും ചെറുത്തുനില്‍പിലും തോറ്റമ്പിയ പുടിന്‍റെ സേന ജനതയുടെ ആത്മവിശ്വാസം പിടിച്ചുലക്കാനുള്ള അവസാന ആയുധവും പുറത്തെടുക്കുകയാണ്.
കൊടിയ നാശം വിതച്ച് അനിശ്ചിതമായി തുടരുന്ന ഈ രക്തച്ചൊരിച്ചില്‍ എത്രയും വേഗം അവസാനിക്കുമെന്ന പ്രതീക്ഷ നല്‍കുന്ന ഒരു നയതന്ത്ര നീക്കവും ഒരു ഭാഗത്തു നിന്നും ഉണ്ടാകുന്നില്ല എന്നതാണ് ലോകത്തിന്റെ പരാജയം.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം