യു എസ്: ചെറുപ്പമായിരിക്കാൻ ആഗ്രഹിക്കാത്ത ആരുമില്ല. എന്നാൽ ചെറുപ്പമായിരിക്കാൻ വേണ്ടി ഏത് അറ്റം വരെ ഒരാൾ പോകുമെന്നതിന് ഉദാഹരണമാണ് ബ്രയാൻ ജോൺസൻ എന്ന നാല്പത്തിയഞ്ചുകാരൻ. കാലിഫോർണിയയിൽ നിന്നുള്ള ശതകോടീശ്വരനായ ബ്രയാൻ വർഷം പതിനാറ് കോടി രൂപയാണ് ചെറുപ്പം നിലനിർത്താനുള്ള ചികിത്സകൾക്കായി ചെലവഴിക്കുന്നത്. പലപരീക്ഷണങ്ങളിലൂടെ അഞ്ചുവയസ്സോളം കുറഞ്ഞെന്ന അവകാശവാദവും ബ്രയാൻ പങ്കുവെച്ചിരുന്നു. വ്യായാമങ്ങളും ഭക്ഷണരീതിയും മാത്രമല്ല രക്തം കൈമാറ്റം ചെയ്യുന്ന ചികിത്സ ഉൾപ്പെടെയാണ് ബ്രയാൻ പ്രായം കുറയ്ക്കാനായി ചെയ്തുവരുന്നത്. ഇപ്പോഴിതാ കക്ഷിയുടെ ഡയറ്റിനെക്കുറിച്ചുള്ള ഒരു വിവരമാണ് പുറത്തുവന്നിരിക്കുന്നത്.
പകൽസമയം പതിനൊന്ന് മണിക്കാണ് ബ്രയാൻ തന്റെ അവസാനഭക്ഷണമായ അത്താഴം കഴിക്കുന്നത് എന്നാണ് പുറത്തുവന്നത്. പലരും പ്രാതൽ കഴിക്കുന്ന ഈ സമയത്താണ് ബ്രയാൻ തന്റെ ആ ദിവസത്തെ അവസാനത്തെ ഭക്ഷണം കഴിക്കുന്നത്. ട്വിറ്ററിൽ ഒരാൾ ചോദിച്ച സംശയത്തിന് മറുപടിയായാണ് ബ്രയാൻ ഇക്കാര്യം തുറന്നുപറഞ്ഞത്.
Read More: മദ്യലഹരിയിൽ വണ്ടിയോടിച്ച് അപകടം ഉണ്ടാക്കിയ പോലീസുകാർ തടവിൽ
കൗമാരക്കാരനായ മകനിൽ നിന്ന് രക്തം കൈമാറ്റം ചെയ്ത ബ്രയാൻ നൂറിലധികം സപ്ലിമെന്റുകളാണത്രേ ദിവസവും എടുക്കുന്നത്. മാത്രമല്ല ദിവസവും ശരീരത്തിലെ കൊഴുപ്പിന്റെ അളവ് പരിശോധിക്കുകയും ചെയ്യുന്നുണ്ട്. ബ്രയാന്റെ യൗവനത്തിലേക്കുള്ള ഈ പ്രക്രിയയിൽ പിന്തുണയ്ക്കാനായി മാത്രം മുപ്പതോളം ഡോക്ടർമാരുടെ സംഘത്തേയും നിയോഗിച്ചിട്ടുണ്ട്.
പതിനൊന്ന് മണിക്ക് അത്താഴം കഴിക്കുന്ന ബ്രയാൻ എപ്പോൾ മുതലാണ് കഴിച്ചു തുടങ്ങുക എന്ന് അതിശയിക്കുന്നവരും ഉണ്ട്. അത്തരക്കാർക്കുള്ള മറുപടിയും ബ്രയാൻ നൽകുന്നുണ്ട്. ആറു മണിക്കും പതിനൊന്ന് മണിക്കും ഇടയിലുള്ള സമയത്താണ് ബ്രയാൻ ഭക്ഷണം കഴിക്കുന്നത്. ഗ്രീൻ സ്മൂത്തിയിലാണ് തുടക്കം. ശേഷം പച്ചക്കറികൾ കൊണ്ടുള്ള സാലഡും നട്സുകൾ കൊണ്ടുള്ള പുഡ്ഡിങ്ങും കഴിക്കും. മൂന്നാമത്തെ ഭക്ഷണം സ്റ്റഫ് ചെയ്ത മധുരക്കിഴങ്ങോ, ഓറഞ്ചോ, ഫെന്നൽ സാലഡോ ആയിരിക്കും.
ഫെബ്രുവരിയിലാണ് പ്രൊജക്ട് ബ്ലൂ പ്രിന്റ് എന്നുവിളിക്കുന്ന പദ്ധതിയിലൂടെ പ്രായം കുറയ്ക്കൽ പ്രക്രിയ തുടങ്ങിയ വിവരം ബ്രയാൻ പങ്കുവെച്ചത്. ചികിത്സ തുടങ്ങി വച്ച തനിക്ക് ഇപ്പോൾ പതിനെട്ടുകാരന്റെ ശാരീരിക പ്രകൃതിയും മുപ്പത്തിയേഴുകാരന്റെ ഹൃദയവും ഇരുപത്തിയെട്ടുകാരന്റെ ചർമവുമാണ് ഉള്ളതെന്ന് ബ്രയാൻ പറഞ്ഞിരുന്നു.
ബ്രെയിൻട്രീ എന്നു പേരിട്ടിരിക്കുന്ന ആപ്പിലൂടെ പ്രശസ്തനായ ബ്രയാൻ ജോൺസൺ പിന്നീട് അത് എണ്ണൂറ് മില്യൺ ഡോളറിന് വിൽക്കുകയും ചെയ്തിരുന്നു. നിലവിൽ കെർണേൽ എന്ന ബയോടെക് കമ്പനിയുടെ സി.ഇ.ഒ. ആയ ബ്രയാൻ പ്രായം കുറയ്ക്കാനായി പ്ലാസ്മ സ്വാപ്പിങ് എന്ന രക്ത കൈമാറ്റ ചികിത്സ നടത്തുന്നത് വാർത്തകളിൽ ഇടം നേടുകയും വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. ഈ ചികിത്സയ്ക്കു പിന്നിൽ വ്യക്തമായ ശാസ്ത്രീയ അടിത്തറയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഗവേഷകർ ഉൾപ്പെടെ ബ്രയാനെ വിമർശിച്ചത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം