ന്യൂഡൽഹി: ഏകവ്യക്തി നിയമം നടപ്പാക്കുന്നതിൽ നിന്ന് പിന്നോട്ടില്ലെന്ന് ഉറപ്പിച്ച് കേന്ദ്ര സർക്കാർ. യുസിസി നടപ്പാക്കൽ ചർച്ചകളിലൂടെ വേണമെന്ന് സ്വന്തം മുന്നണിയിൽ നിന്നു തന്നെ ആവശ്യം ഉയർന്നിട്ട് പോലും നിയമവുമായി മുന്നോട്ടു പോകാൻ തന്നെയാണ് കേന്ദ്രസർക്കാർ തീരുമാനം. കരടു നിയമം വരുന്നതോടെ ആശയക്കുഴപ്പം പരിഹരിക്കപ്പെടുമെന്നാണ് സർക്കാർ നിലപാട്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ആദ്യം നിയമം നടപ്പാക്കുകയും പിന്നീട് വ്യാപിപ്പിക്കുകയും ചെയ്യുന്നതും പരിഗണിക്കുന്നു.
Read More: വാഗ്നർ തലവൻ റഷ്യയിലെന്ന് ബെലാറസ് ഭരണാധികാരി
പ്രധാനമന്ത്രി അടുത്ത ദിവസങ്ങളിൽ വിവിധ സംസ്ഥാനങ്ങളിൽ നടത്തുന്ന പര്യടനങ്ങളിൽ നിയമത്തിന്റെ ആവശ്യകതയെ കുറിച്ച് വിശദീകരിക്കാൻ സാധ്യത ഉണ്ട്. ഏകവ്യക്തി നിയമം സ്ത്രീകൾക്കു കൂടുതൽ സുരക്ഷയും മതങ്ങൾക്കു കൂടുതൽ സ്വാതന്ത്ര്യവും നൽകുമെന്ന് ആർഎസ്എസും കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു.
വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ എൻഡിഎ ഘടകകക്ഷികൾ ഒന്നടങ്കം എതിർക്കുന്ന സാഹചര്യത്തിൽ ഗോത്രവിഭാഗങ്ങളെ നിയമത്തിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കുന്നതിന്റെ സാധ്യതകളും ആലോചിക്കുന്നുണ്ട്. പൗരത്വ നിയമ വിഷയത്തിൽ സമാന നിലപാട് വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ ബിജെപി സ്വീകരിച്ചിരുന്നതിനാൽ ഇതും ആ രീതിയിൽ കൈകാര്യം ചെയ്യാനാവുമെന്നാണ് നേതൃത്വം കരുതുന്നത്. നാഗാലാൻഡ്, മിസോറം, മേഘാലയ, സിക്കിം എന്നിവിടങ്ങളിലെ സർക്കാരുകൾ നിയമത്തിനെതിരെ നിലപാട് വ്യക്തമാക്കിയതാണ്. എന്നാൽ, അസമിലെ ബിജെപി സർക്കാർ നിയമം നടപ്പാക്കാനുള്ള നടപടികളിലാണ്.
നേരത്തേ നിയമത്തെ പിന്തുണച്ച അണ്ണാ ഡിഎംകെ ഭരണഘടനയുടെ അന്തഃസത്ത ചോർത്തരുതെന്ന് നിലപാടു മാറ്റിയിരുന്നു. എന്നാൽ, ഏകവ്യക്തി നിയമത്തെ പിന്തുണയ്ക്കുന്നതിൽ പ്രതിപക്ഷത്തുള്ള ആശയക്കുഴപ്പം കണക്കിലെടുത്ത് മുന്നോട്ടു പോകാനാണ് ബിജെപി നേതൃത്വവും തീരുമാനിച്ചതെന്നറിയുന്നു. ഉത്തരേന്ത്യയിൽ രാമക്ഷേത്ര നിർമാണം പോലെ വലിയ പിന്തുണ ലഭിക്കാൻ ഇത് സഹായിക്കുമെന്നും കണക്കു കൂട്ടലുണ്ട്.
ഇപ്പോൾ പ്രതിപക്ഷത്തുള്ള ആം ആദ്മി പാർട്ടിയും ശിവസേനയുടെ ഉദ്ധവ് താക്കറെ വിഭാഗവും ബിഎസ്പിയുമൊക്കെ ഏകവ്യക്തി നിയമം നടപ്പാക്കണമെന്ന അഭിപ്രായക്കാരാണ്. എതിർപ്പു വ്യക്തമാക്കിയെങ്കിലും കോൺഗ്രസിലും ഇതു സംബന്ധിച്ച് ആശയക്കുഴപ്പമുണ്ട്. നിയമത്തെ എതിർക്കുന്നത് ഉത്തരേന്ത്യയിൽ തിരിച്ചടിയാകുമോ എന്ന കോൺഗ്രസിന്റെ ആശങ്ക മുതലെടുക്കാനുള്ള സാധ്യതകളാണ് ബിജെപി ആരായുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം