ആഭ്യന്തര രാഷ്ട്രീയ സാമ്പത്തിക പ്രതിസന്ധിയിൽ ഉയരുന്ന പാക്കിസ്ഥാന് ആശ്വാസവുമായി അന്താരാഷ്ട്ര നാണയ നിധി. മൂന്ന് ബില്യൺ ഡോളർ അനുവദിച്ച് അടിസ്ഥാന കരാറിൽ എത്തി എട്ടുമാസത്തെ കാലതാമസത്തിന് ശേഷമാണ് തുക അനുവദിച്ചുകൊണ്ടുള്ള നടപടിയിൽ ആദ്യ ചുവടുവെപ്പ് ഐ എം എഫ് നടത്തിയിരിക്കുന്നത്. ഇനി ആഗോള വായ്പ ബോർഡിന്റെ അംഗീകാരം കരാറിന് ലഭിക്കേണ്ടതുണ്ട്. ഇടപാട് ഉറപ്പിക്കുന്നതിനായി പാകിസ്ഥാൻ സെൻട്രൽ ബാങ്ക് അതിന്റെ പ്രധാന പലിശ നിരക്ക് തിങ്കളാഴ്ച 22 ശതമാനം എന്ന റെക്കോർഡ് നിരക്കിലേക്ക് ഉയർത്തിയിരുന്നു. 1947-ൽ ബ്രിട്ടനിൽ നിന്ന് സ്വാതന്ത്ര്യം നേടിയതിന് ശേഷമുള്ള ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയാണ് ദക്ഷിണേഷ്യൻ രാഷ്ട്രം അഭിമുഖീകരിക്കുന്നത്.
അടിത്തറയിളക്കിയ സാമ്പത്തിക അസ്ഥിരത
പാക്കിസ്ഥാനിൽ വേരുന്നിയ തീവ്രവാദ ത്തോളം പഴക്കമുള്ളതാണ് അവിടത്തെ സാമ്പത്തിക അസ്ഥിരതയും. വിടാതെ പിൻതുടരുന്ന ഓരോ പ്രതിസന്ധിയും രാജ്യത്തിന്റെ അവസ്ഥ കൂടുതൽ വഷളാക്കുന്നു. വേണ്ടത്ര ഉൽപ്പാദനം നടത്താത്തതും വളരെയധികം ചെലവഴിക്കുന്നതുമായ ഒരു സമ്പദ്‌വ്യവസ്ഥയാണ് പാകിസ്ഥാന്റേത്.. അതു കൊണ്ട് തന്നെ പുറത്ത് നിന്നുള്ള വായ്പകളെ വലിയ തോതിൽ ആശ്രയിക്കേണ്ടി വരുന്നു. വാർഷിക പണപ്പെരുപ്പ നിരക്ക് കഴിഞ്ഞ മെയിൽ 38 ശതമാനത്തിലെത്തിയത് വലിയ തിരിച്ചടിയായി. രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞു, അതിന്റെ വിദേശ കരുതൽ ശേഖരം ഇപ്പോൾ 4.3 ബില്യൺ ഡോളർ എന്ന അപകടകരമായ നിലയിലേക്ക് താഴ്ന്നു . കൂനിന്മേൽ കുരു എന്ന പോലെയായി പോയ വർഷം ഉണ്ടായ പെരുമഴയും പ്രളയവും . റഷ്യ -യുക്രൈൻ യുദ്ധ പശ്ചാത്തലത്തിൽ ആഗോളതലത്തിൽ ഭക്ഷ്യ-ഇന്ധന വിലകൾ വർദ്ധിച്ചതോടെ കാര്യങ്ങൾ കൈവിട്ടു പോയ അവസ്ഥയാണ്. ഇതുവരെ പാകിസ്ഥാൻ കണ്ടതിൽ ഏറ്റവും വലിയ സാമ്പത്തിക വെല്ലുവിളിയാണ് നേരിട്ടു കൊണ്ടിരിക്കുന്നത്. ഇറക്കുമതി പരിമിതപ്പെടുത്തുന്നതടക്കം സർക്കാർ അവലംബിച്ച നടപടികൾ വേണ്ടത്ര ഫലം കാണുന്നില്ല… കടുത്ത സാമ്പത്തിക പ്രതിസന്ധി അതി ജീവിക്കാനായി ഷോപ്പിംഗ് സെന്ററുകളും മാർക്കറ്റുകളും എല്ലാ ദിവസവും നേരത്തെ അടച്ചെടുന്നതിന് പോലും സർക്കാർ നിർബന്ധിതമായി. ഇറക്കുമതി ചെയ്യുന്ന ഫോസിൽ ഇന്ധനങ്ങൾ ഉപയോഗിച്ചാണ് പാകിസ്ഥാൻ തങ്ങളുടെ വൈദ്യുതിയുടെ ഭൂരിഭാഗവും ഉത്പാദിപ്പിക്കുന്നത്. ആഗോള ഊർജ വിലയിൽ ഉണ്ടായ കുതിച്ചു കയറ്റം രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയിൽ കൂടുതൽ സമ്മർദ്ദം ചെലുത്തി.
താറുമാറായ പുനരുജ്ജീവനം
2022-ൽ കാലാവസ്ഥാ വ്യതിയാനങ്ങളെ തുടര്‍ന്നുണ്ടായ കെടുതികള്‍ പാകിസ്ഥാനില്‍ ഏറെ രൂക്ഷമാണ്. വിനാശകരമായ വെള്ളപ്പൊക്കം കോടിക്കണക്കിന് രൂപയുടെ നഷ്ടമാണ് ഉണ്ടാക്കിയത്. രാജ്യത്തിന്‍റെ കാര്‍ഷിക- ആരോഗ്യമേഖലകളെ പെരുമഴയും പ്രളയവും തകര്‍ത്തെറിഞ്ഞു. രാജ്യത്തിന്റെ മൂന്നിലൊന്ന് വെള്ളത്തിനടിയിലായി. 1,700-ലധികം പേർ കൊല്ലപ്പെട്ടു. ഹെക്ടർ കണക്കിന് കൃഷി നശിച്ചു. ലക്ഷക്കണക്കിനാളുകള്‍ നിരാലംബരായി. ജനങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിക്കുന്നതിനോ പുനരധിവസിപ്പിക്കുന്നതിനോ കഴിയാത്ത ദുര്‍ബലരായ ഭരണകൂടത്തിന്‍റെ ബലഹീനതകള്‍ പുറത്തുവരികയായിരുന്നു. 90,000 ത്തിലേറെ പേർ ഇപ്പോഴും തല ചായ്ക്കാനിടമില്ലാതെ കഷ്ടപ്പെടുകയാണ്.
റോഡുകളും സ്കൂളുകളുമുൾപ്പെടെ തകർന്നു താറുമാറായ തകർന്ന താറുമാറായ അടിസ്ഥാന സൗകര്യങ്ങൾ പുനർ നിർമ്മിക്കുന്നത് ഏറെ ബുദ്ധിമുട്ടുള്ള കാര്യമാണ്. സാമ്പത്തിക അരക്ഷിതാവസ്ഥയിൽ ഉഴലുന്ന പാക്കിസ്ഥാൻ ഇതിനായി പണം കണ്ടെത്തേണ്ടതുണ്ട് . നേരത്തെ അമേരിക്ക സന്ദർശിച്ച വിദേശകാര്യ മന്ത്രി ബിലാവൽ ദ്ദൂട്ടോയും കാലാവസ്ഥാ വകുപ്പ് മന്ത്രി ഷെറി റഹ്മാനും പാക്കിസ്ഥാൻ ഇപ്പോൾ അനുഭവിക്കുന്ന ദുരവസ്ഥ ലോകരാഷ്ട്രങ്ങൾക്കു മുന്നിൽ അവതരിപ്പിക്കുന്നതിൽ ഒരു പരിധി വരെ വിജയിച്ചിട്ടുണ്ട് എന്ന് പറയാം. കാലാവസ്ഥാ വ്യതിയാന ഉച്ചകോടിയായ COP27 ലെ അജണ്ടയിൽ ആദ്യമായി നാശനഷ്ടങ്ങളുടെ പങ്ക് വികസിത രാജ്യങ്ങളിൽ നിന്ന് ഈടാക്കണമെന്ന വ്യവസ്ഥ സ്ഥാപിച്ചെടുക്കാൻ പാകിസ്ഥാൻ ഒരു പ്രധാന പങ്ക് വഹിച്ചു. യു എൻ സെക്രട്ടറി ജനറൽ അന്തോണിയോ ഗുട്ടറസുമായി നടത്തിയ കൂടിക്കാഴ്ചയെ തുടർന്ന് പാകിസ്താനെ സഹായിക്കാൻ തയ്യാറുള്ള രാഷ്ട്രങ്ങളിൽ നിന്ന് ഏതാണ്ട് ഒൻപത് ബില്യൺ ഡോളർ സമാഹരിക്കാൻ സാധിച്ചു എന്നത് ഒരു നേട്ടമായി തന്നെ കാണേണ്ടിയിരിക്കുന്നു.
23 കോടി ജനങ്ങളുള്ള പാക്കിസ്ഥാനിൽ അവശ്യവസ്തുക്കൾ കിട്ടാനില്ലാത്ത അവസ്ഥയും കിട്ടാനുള്ളവയ്ക്ക് ഭീമമായ വില നൽകേണ്ടി വരുന്നതും സാധാരണജനങ്ങളുടെ ജീവിതം നരകതുല്യമാക്കിയിരിക്കുകയാണ്. 2023- ഒക്ടോബർ അവസാന വാരമോ നവംബർ ആദ്യവാരമോ പാകിസ്ഥാൻ തിരഞ്ഞെടുപ്പിന് തയ്യാറെടുക്കുമ്പോൾ ആഴത്തിലുള്ള ആഭ്യന്തര രാഷ്ട്രീയ അരാജകത്വങ്ങള്‍ക്കൊപ്പം ദുർബലവും അസ്ഥിരവുമായ സമ്പദ്‌വ്യവസ്ഥ വലിയ വെല്ലുവിളിയാണ്. ജീവശ്വാസമായി കിട്ടിയിരിക്കുന്ന അന്താരാഷ്ട്ര നാണ്യ നിധിയിൽ നിന്നുള്ള വായ്പ താല്ക്കാലികാശ്വാസത്തിൽ നിന്ന്
ദീർഘകാല വീണ്ടെടുക്കലിലേക്ക് തിരിയാനുള്ള അവസരമായി ഉപയോഗിക്കാനാകുമോ എന്നതാണ് അറിയേണ്ടത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം