സ്റ്റീവനേജ്: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്സ് സ്റ്റീവനേജ് യൂണിറ്റിന്റെ നേതൃത്വത്തിൽ ആലത്തൂർ എംപിയും, സാമൂഹ്യ-രാഷ്ട്രീയ-സാംസ്കാരിക-കലാ രംഗങ്ങളിലെ യുവ പ്രതിഭയുമായ രമ്യാ ഹാരിദാസ് എംപി ക്ക് സെന്റ് നിക്കോളാസ് ഹാളിൽ വെച്ച് ഉജ്ജ്വല സ്വീകരണം നൽകി. സ്റ്റീവനേജിൽ എത്തിച്ചേർന്ന രമ്യാ ഹരിദാസ് എംപി യെ സ്വീകരണ വേദിയുടെ കവാടത്തിൽ വെച്ച് പ്രോഗ്രാം കൺവീനർ മനോജ് ജോൺ ബൊക്കെ നൽകിക്കൊണ്ട് സ്വീകരിച്ചു.
മണിപ്പൂരിൽ ബിജെപി ഭരണ കക്ഷിയുടെ ഒത്താശയോടെ നടത്തുന്ന കലാപങ്ങളിലും, വംശീയ നരഹത്യകളിലും ദുരിതമനുഭവിക്കുന്നവരെ സ്മരിച്ചുകൊണ്ടും, സമാധാനം വീണ്ടെടുക്കുന്നതിനുമായി മൗന പ്രാർത്ഥനയോടെ ആരംഭിച്ച സ്വീകരണ യോഗത്തിലേക്ക് ഏവരെയും ഹാർദ്ധമായി സ്വാഗതം ചെയ്ത ജോയി ഇരിമ്പൻ രമ്യാ ഹരിദാസ് എംപി യെ വേദിക്കു പരിചയപ്പെടുത്തുകയും ചെയ്തു.
ഐഒസി കേരള ചാപ്റ്റർ നാഷണൽ പ്രസിഡണ്ട് സുജു ഡാനിയേൽ അദ്ധ്യക്ഷത വഹിച്ചു.കെപിസിസി മെമ്പർ പാളയം പ്രദീപ്, സോജി കുരിക്കാട്ടുകുന്നേൽ,സാബു ഡാനിയേൽ, ആദർശ് പീതാംബരൻ, ജിമ്മി പുല്ലോളിൽ തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു.
‘ഇന്ത്യൻ രാഷ്ട്രീയത്തിൽ കോൺഗ്രസ്സിന്റെ പ്രസക്തി’ എന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയ സിമ്പോസിയത്തിനു രമ്യാ ഹരിദാസ് എംപി നേതൃത്വം നൽകി.
മാതൃ രാഷ്ട്രത്തിന്റെ മനോഹാരിതയും ഒത്തൊരുമയും മഴവില്ലിന് സമാനമാണെന്നും,വ്യത്യസ്തമായ വർണ്ണങ്ങൾ ചേർത്തു നിർത്തുന്ന ആ വർണ്ണ വിന്യാസമാണ് മഴവില്ലിന്റെ മനോഹാരിത എന്നും, വൈവിദ്ധ്യങ്ങളായ മത-സാമുദായിക-ഭാഷ-ഭക്ഷണ-വേഷ സംസ്കാരങ്ങൾ ചേർത്തു നയിക്കുന്നതിലാണ് ഭാരതം അതിന്റെ സമ്പന്നമായ സംസ്ക്കാരവും സ്നേഹവും കെട്ടുറപ്പും ഉറപ്പാക്കുവാൻ കഴിയുക എന്നും പറഞ്ഞു. അത്തരം ഒരുമയുടെയുടെയും, വികസനത്തിന്റെയും പാതയിൽ കുതിച്ചുയരുവാനും, ഇന്ന് മറ്റു രാജ്യങ്ങൾക്കു മുമ്പിൽ ശിരസ്സുയർത്തി നിൽക്കുവാനും കഴിയുന്നത് കോൺഗ്രസ്സ് എന്ന മഹാ പ്രസ്ഥാനം ഉള്ളത് കൊണ്ട് മാത്രമാണെന്നും രമ്യ പറഞ്ഞു. രമ്യാ ഹരിദാസ് പ്രസംഗങ്ങൾക്കിടയിൽ നടത്തിയ തന്റെ അനുഗ്രഹീതവും സ്വതസിദ്ധവുമായ ശ്രവണസുന്ദര ഗാനാലാപനത്താൽ വേദി കീഴടക്കി.
സുജു ഡാനിയേൽ നടത്തിയ പ്രസംഗത്തിൽ ‘വർഗ്ഗീയ ധ്രുവീകരണവും,സംഘ പരിവാർ നടത്തുന്ന കലാപങ്ങളും, പൊതു മുതൽ സ്വകാര്യ വ്യക്തികളുടെ കൈകളിൽ എത്തിച്ചു നൽകുന്ന ബിജെപി ഭരണവും, രാജ്യത്തെ നശിപ്പിക്കുമ്പോൾ അതിനെതിരെ പൊരുതുവാനും, ജനങ്ങളെ ഏകോപിച്ചു നയിക്കുവാനും കഴിയുന്ന ഏക രാഷ്ട്രീയ പ്രസ്ഥാനമായ കോൺഗ്രസ്സിന്റെ അനിവാര്യതയും പ്രസക്തിയുമാണ് ഭാരത ജോഡോ യാത്രയിലും രാജ്യത്തടുത്തടുത്തു നടന്ന തെരഞ്ഞെടുപ്പുകളിലും പ്രതിഫലിച്ചതെന്നും പറഞ്ഞു.
തുടർന്ന് നടന്ന ചർച്ചകളിൽ സജൻ സെബാസ്റ്റ്യൻ, മെർലി ബാബു, റെജി എബ്രഹാം, സുബിൻ, അനൂപ്, അജി തുടങ്ങിയവരുടെ ചോദ്യങ്ങൾക്കു രമ്യാ ഹരിദാസ് എംപി മറുപടി നൽകി.
കെപിസിസി പ്രസിഡണ്ട് കെ സുധാകരനെതിരെ പിണറായി സർക്കാർ കള്ളക്കേസ്സെടുത്തു അറസ്റ്റു ചെയ്തതിൽ ഐഒസി സ്റ്റീവനേജ് യൂണിറ്റിന്റെ പ്രതിഷേധം അറിയിക്കുകയും സുധാകരന് ഐക്യദാർഢ്യം വാഗ്ദാനം ചെയ്തും സംസാരിച്ച അപ്പച്ചൻ കണ്ണഞ്ചിറ നന്ദിപ്രകാശിപ്പിക്കുകയും ചെയ്തു.
രമ്യ ഹരിദാസിനുള്ള സ്നേഹോപഹാരം മനോജ് ജോൺ സമ്മാനിച്ചു. സാംസൺ ജോസഫ്, മെൽവിൻ അഗസ്റ്റിൻ, തങ്കച്ചൻ ഫിലിപ്പ്, അജിമോൻ സെബാസ്റ്റ്യൻ, ഷിജി കുര്യാക്കോട്, ജിനേഷ് ജോർജ്ജ്, റോയീസ് ജോർജ്ജ് തുടങ്ങിയവർ നേതൃത്വം നൽകി. സ്നേഹ വിരുന്നിനു ശേഷം പരിപാടികൾ സമാപിച്ചു.