ആഗോള സാമ്പത്തിക, ഭൗമരാഷ്ട്രീയ തലക്കെട്ടുകൾക്കിടയിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎസ് സന്ദർശനത്തിന് വലിയ പ്രാധാന്യമുണ്ട്. ഏറ്റവും ഉയർന്ന തലത്തിലുള്ള പ്രോട്ടോക്കോൾ അനുസരിച്ചുള്ള സ്വാഗത ചടങ്ങുകൾക്കാകും വൈറ്റ് ഹൗസ് സാക്ഷ്യം വഹിക്കുക. വ്യാഴാഴ്ച വൈറ്റ് ഹൗസിൽ ആചാരപരമായ സ്വീകരണം , തുടർന്ന് പ്രസിഡന്റുമായുള്ള കൂടിക്കാഴ്ച, സ്റ്റേറ്റ് ഡിന്നർ, സിഇഒമാരുമായുള്ള കൂടിക്കാഴ്ച, കോൺഗ്രസിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യൽ, ഇന്ത്യൻ-അമേരിക്കൻ വംശജരോടുള്ള പ്രസംഗം തുടങ്ങി മുൻ കാല യുഎസ് സന്ദർശനത്തിന്‍റെ ഹൈലൈറ്റുകൾ ഇത്തവണയും ആവർത്തിക്കുമെന്ന് ഉറപ്പാണ്.
പക്ഷേ, ഏറ്റവും സുപ്രധാനമായ സന്ദർശന ‘ചടങ്ങുകൾ’ക്കപ്പുറം ഇന്ത്യ-യുഎസ് ബന്ധങ്ങളിൽ പുതിയ ഊർജം പകരാൻ മാത്രമല്ല, ആഗോള ക്രമത്തിൽ സ്വാധീനം ചെലുത്താനും ശേഷിയുള്ള ചർച്ചകൾ ഒളിഞ്ഞിരിക്കുന്നു.
ഇന്ത്യന്‍ ഹൃദയത്തിലെ ചൈന ഫാക്ടര്‍-
ഇൻഡോ-പസഫിക് മേഖലയിലാണ് അമേരിക്കയ്ക്ക് ഇന്ത്യയുടെ സ്വാധീനവും പിന്തുണയുമൊക്കെ ഏറെ അനിവാര്യമായി വരുന്നത്. മേഖലയിൽ ചൈനയുടെ വർദ്ധിച്ചുവരുന്ന മേൽക്കൈയ്ക്കതിരായ ഒരു സമതുലിതാവസ്ഥയായിട്ടാണ് അമേരിക്ക, ഇന്ത്യയെ എപ്പോഴും കണ്ടിരുന്നത്. അതേ സമയം ഇന്ത്യ-യുഎസ് ബന്ധത്തെ മുന്നോട്ടു നയിക്കുന്ന പ്രധാന ഉത്തേജകങ്ങളിലൊന്നാണ് ചൈന. അതിര്‍ത്തി വിഷയങ്ങളിലടക്കമുള്ള ചൈനയുടെ പല നിലപാടുകളും ഇന്ത്യയേയും അമേരിക്കയേയും കൂടുതല്‍ അടുപ്പിക്കുന്നവയായിരുന്നു. പക്ഷെ അയല്‍ രാജ്യമായ ചൈനയെ പൂര്‍ണ്ണമായോ, ഭാഗികമായോ പോലും തള്ളി നിര്‍ത്തിയുള്ള ഒരു സഹകരണസഖ്യത്തിന് ഇന്ത്യ ഒരിക്കലും മുന്നിട്ടിറങ്ങില്ല എന്നതാണ് യാഥാര്‍ത്ഥ്യം. അതേസമയം ചൈനയെ അലോസരപ്പെടുത്തുന്ന തീരുമാനങ്ങളിൽ നിന്ന് ഇന്ത്യ ഒഴിഞ്ഞുമാറിയിട്ടില്ല. ചൈനയുമായി ഹിമാലയൻ അതിർത്തി പങ്കിടുന്ന ഉത്തരാഖണ്ഡ് സംസ്ഥാനത്ത് കഴിഞ്ഞ വർഷം യുഎസ് സേനയുമായി സൈനികാഭ്യാസം നടത്തിയിരുന്നു. ബീജിംഗിൽ നിന്നുള്ള അസംതൃപ്തമായ പ്രതികരണങ്ങൾക്കിടയിലും, യുഎസ്, ഓസ്‌ട്രേലിയ, ജപ്പാൻ എന്നിവ ഉൾപ്പെടുന്ന ക്വാഡിൽ ഡൽഹിയും സജീവമായി പങ്കെടുത്തു.
ഇന്ത്യ ലോകത്തിന്‍റെ പൊതുവിപണി ആകുമോ
പക്ഷെ ആഗോളതലത്തില്‍ ഇന്ത്യയുടെ നയതന്ത്രബന്ധങ്ങള്‍ ഏറ്റവും മികച്ച രീതിയില്‍ നില്‍ക്കുന്ന സാഹചര്യമാണ് ഇപ്പോള്‍. ലോകത്തിലെ ചുരുക്കം സാമ്പത്തിക തിളക്കമുള്ള സ്പോട്ട് ആയിട്ടാണ് അമേരിക്ക ഇന്ത്യയെ കാണുന്നത്. രാഷ്ട്രീയ -ഭൌമ- സാമ്പത്തിക മേഖലകളില്‍ ഉണ്ടായിട്ടുള്ള മാറ്റങ്ങള്‍ ഇന്ത്യക്ക് അനുകൂലമാണ്. വളർന്നുവരുന്ന മധ്യവർഗമുള്ള ഒരു വലിയ വിപണി ഇന്ത്യക്കുണ്ട്. മാത്രമല്ല മിക്ക രാജ്യങ്ങളും ചൈനയ്ക്ക് പകരം ഒരു നിർമ്മാണ ബദൽ ആഗ്രഹിക്കുന്നു. രാജ്യത്ത് സാന്നിധ്യം നിലനിർത്തിക്കൊണ്ടുതന്നെ ചൈനയ്ക്ക് പുറത്ത് അവരുടെ പ്രവർത്തനങ്ങൾ വൈവിധ്യവത്കരിക്കാൻ കമ്പനികളെ പ്രോത്സാഹിപ്പിക്കുന്ന ‘ചൈന പ്ലസ് വണ്‍ പോളിസി’ പിന്തുടരുന്ന രാജ്യങ്ങള്‍ക്ക് ഇന്ത്യ നല്ലൊരു ഒപ്ഷനായി മാറിയിട്ടുണ്ട്. ചൈനയെ കുറിച്ചുള്ള ഇന്ത്യയുടെ പരസ്യ പ്രതികരണങ്ങള്‍ക്കപ്പുറം ഇന്ത്യയുടെ പ്രവര്‍ത്തികളാണ് അമേരിക്കയ്ക്ക് പ്രധാനമെന്ന് വാഷിംഗ്ടൺ ഡിസിയിലെ ബ്രൂക്കിംഗ്സ് ഇൻസ്റ്റിറ്റ്യൂഷനിലെ ദി ഇന്ത്യ പ്രോജക്ട് ഡയറക്ടർ തൻവി മദൻ പറയുന്നു. ചൈനയുമായുള്ള ഇടപെടലില്‍ ഇന്ത്യ അമേരിക്കയെ ഏറ്റവും അടുത്ത സഖ്യമായി കാണുന്ന എന്നതാണ് പ്രധാനമെന്നാണ് തന്‍വിയുടെ വിലയിരുത്തല്‍.
സഹകരണ നിസഹകരണ മേഖലകള്‍-
ഇന്ത്യന്‍ മഹാ സമുദ്രം ഒരുപോലെ നമ്മുടെആശങ്കയും പരിഗണനയും നേടുന്ന പ്രധാന മേഖലയാണ്. അതേസമയം പസഫികിന്‍റെ തെക്കുഭാഗവും ചൈന കടലും അമേരിക്കയുടെ ഉല്‍ക്കണ്ഠയും. ഇരു രാജ്യങ്ങളുടെയും സഹകരണം സമുദ്രാതിര്‍ത്തി കടക്കുമ്പോള്‍ പരസ്പരം കാവലാകുമെന്ന പ്രതീക്ഷയാണ്. അതുകൊണ്ട് തന്നെ ഇന്ത്യ-യുഎസ് ചര്‍ച്ചകളില്‍ ഇന്തോ-പസഫിക് മേഖല പ്രധാന അജണ്ട തന്നെയാണ്. എന്നാൽ യുക്രെയ്ൻ യുദ്ധത്തില്‍ ഇരു രാജ്യങ്ങള്‍ക്കും വ്യത്യസ്ഥ സമീപനമാണ് . റഷ്യയുടെ യുക്രൈന്‍ അധിനിവേശത്തില്‍ യുക്രൈന്‍ ജനതയോട് ഇന്ത്യ എക്കാലവും അനുതാപം പുലര്‍ത്തുന്നുവെങ്കിലും ഇതുവരെയും റഷ്യയ്ക്കെതിരായ ഒരു വിമര്‍ശനവും ഇന്ത്യന്‍ നാവില്‍നിന്ന് ഉണ്ടായിട്ടില്ല. റഷ്യയുടെ പ്രതിരോധ ഇറക്കുമതിയിലുള്ള വലിയ ആശ്രയത്വവും മോസ്‌കോയുമായുള്ള കാലങ്ങള്‍ താണ്ടിയ ബന്ധവുമാണ് ഇന്ത്യന്‍ നിലപാടിന് കാരണമെന്നാണ് നയന്ത്ര വിദഗ്ദ്ധരുടെ നിരീക്ഷണം. ഇന്ത്യ തങ്ങളുടെ 50% പ്രതിരോധ ആവശ്യങ്ങൾക്കും മോസ്കോയെ ആശ്രയിക്കുന്നുണ്ട്. 2016 വരെ ഇത് 65 ശതമാനമായിരുന്നു. ഇവിടെയാണ് യുഎസ് അവസരം കാണുന്നത്. നിലവില്‍ അമേരിക്കയില്‍ നിന്നുള്ള പ്രതിരോധ വിഹിതം ഉയര്‍ന്നിട്ടുണ്ടെങ്കിലും അത് 11 ശതമാനം മാത്രമാണ്. MQ-9A റീപ്പർ ഡ്രോണുകൾ ഇന്ത്യ വാങ്ങാന്‍ തീരുമാനിച്ചിട്ടുണ്ട്. യുദ്ധ വിമാന എഞ്ചിനുകൾ നിർമ്മിക്കുന്നതിന് GE-യും ഇന്ത്യൻ സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളും തമ്മിലുള്ള ഒരു കരാറും പ്രഖ്യാപിച്ചേക്കും.
എല്ലാ രാജ്യങ്ങളുടെയും സ്വയം ഭരണ പരമാധികാരത്തില്‍ വിശ്വസിക്കുന്ന നയതന്ത്രമാണ് ഇന്ത്യയുടെത്. യുക്രൈന്‍ അധിനിവേശത്തിനെതിരായ പ്രതിഷേധ കൂട്ടായ്മയില്‍ ഇന്ത്യ ഭാഗമാകാത്തതില്‍ അമേരിക്കയ്ക്കുണ്ടായ നേരിയ എതിര്‍പ്പ് ക്രമേണ ഇല്ലാതാകുന്നതാണ് പിന്നീട് കണ്ടത്. കഴിഞ്ഞ കുറച്ച് ആഴ്ചകളില്‍ യുഎസ് നിലപാട് വീണ്ടും മയപ്പെട്ടതായി വേണം കണക്കാക്കാന്‍. റഷ്യയിൽ നിന്ന് ഇന്ത്യ തുടർച്ചയായി ക്രൂഡ് ഓയിൽ വാങ്ങുന്നത് പോലും അമേരിക്ക അവഗണിക്കുന്നു. അതേസമയം റഷ്യ- യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കാൻ പരസ്യ ആഹ്വാനം ചെയ്തു ഇന്ത്യഒരു പടി കൂടി മുന്നിലായി. അധിനിവേശത്തോടുള്ള വ്യത്യസ്‌ത പ്രതികരണങ്ങൾ ഇന്ത്യ-യുഎസ് ബന്ധത്തിൽ വിള്ളലുണ്ടാക്കാന്‍ പോന്നതല്ലെന്നാണ് നയതന്ത്രജ്ഞരുടെ നിരീക്ഷണം.
അതേസമയം സാങ്കേതികവിദ്യ, പ്രതിരോധം, ആഗോള സപ്ലൈ ചെയിൻ മാനേജ്മെന്‍റ് എന്നിവയും ഇന്ത്യ-യുഎസ് ചര്‍ച്ചകളുടെ അജണ്ടയില്‍ ഉള്‍പ്പെടുന്നു. ഇനിഷ്യേറ്റീവ് ഓൺ ക്രിട്ടിക്കൽ ആൻഡ് എമർജിംഗ് ടെക്‌നോളജി’ എന്ന പേരിൽ ഇരു രാജ്യങ്ങളും നേരത്തെ ഒപ്പുവച്ചിട്ടുണ്ട്. ഐടി, ബഹിരാകാശം, പ്രതിരോധം, ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ്, വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം എന്നിവയുൾപ്പെടെ വിവിധ മേഖലകളിലെ യുഎസ്, ഇന്ത്യൻ സ്ഥാപനങ്ങൾക്കും സർവകലാശാലകൾക്കും ഒരുമിച്ച് പ്രവർത്തിക്കാൻ കരാർ അനുവദിക്കും. 130 ബില്യൺ ഡോളറിന്‍റെ മൂല്യമുള്ള ഇന്ത്യയുടെ മുൻനിര വ്യാപാര പങ്കാളിയാണ് യു.എസ്, എന്നാൽ ഇനിയും ഉപയോഗിക്കപ്പെടാത്ത വലിയ സാധ്യതകളുണ്ടെന്ന് വിശകലന വിദഗ്ധർ പറയുന്നു. ജനാധിപത്യാധിഷ്ടിതമായ രണ്ട് മേഖലകളിലെ രാഷ്ട്രത്തലവന്മാര്‍
അടുത്ത വര്‍ഷം പൊതു തെരഞ്ഞടുപ്പിനെ നേരിടാനൊരുങ്ങി നില്‍ക്കെ ജനങ്ങള്‍ക്കിടയില്‍ സ്വാധീനമുള്ള വിഷയങ്ങളിലൂന്നിയാകും ചര്‍ച്ചകളും കൂടിക്കാഴ്ചകളുമെന്ന് ഉറപ്പാണ്. അഭിപ്രായ വ്യത്യാസങ്ങൾ തള്ളിക്കളയുന്നതിന് പകരം പരസ്പരം പ്രയോജനകരമായ സഹകരിക്കാന്‍ സാധ്യമായ മേഖലകളുടെ താൽപ്പര്യങ്ങൾക്കായി മാറ്റിവെയ്ക്കുമ്പോഴാണ് യഥാര്‍ത്ഥ നയതന്ത്രം സാധ്യമാകുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം