2023 ഏപ്രിൽ 13-ാം തീയതി നിലവിൽ വന്ന പോലീസ് കോൺസ്റ്റബിൾ (ആംഡ് പോലീസ് ബറ്റാലിയൻ) റാങ്ക് ലിസ്റ്റ് നിന്നും ഇതുവരെ 7 ബറ്റാലിയനിലുമായി നാമമാത്ര നിയമന ശുപാർശകൾ കൈമാറി പി.എസ്.സി. 2019 ഡിസംബറിൽ പി.എസ്.സി പുറപ്പെടുവിച്ച വിജ്ഞാപനപ്രകാരമുള്ള പരീക്ഷ, റാങ്ക് ലിസ്റ്റ് നടപടികൾ ഏറെക്കാലം വൈകി പൂർത്തീകരിച്ചതിനു ശേഷം ഇപ്പോൾ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ച് 2 മാസത്തിനു ശേഷമാണ് നിയമന നടപടികൾ ആരംഭിച്ചിരിക്കുന്നത്.
13975 ഉദ്യോഗാർത്ഥികളെ ഉൾക്കൊള്ളിച്ചിട്ടുള ലിസ്റ്റിൽ നിന്നും ഇതുവരെ വെറും 1500നു താഴെ ആണ് നിയമന ശുപാർശ കണക്ക്. 7 ബറ്റാലിയനുവേണ്ടി 1536 ഒഴിവുകളാണ് ഇതുവരെ പി.എസ്.സിയിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. മെഡിക്കൽ പരിശോധന അടക്കമുള്ള നടപടിക്രമങ്ങൾ പൂർത്തീകരിച്ചാൽ മാത്രമേ നിലവിൽ അഡ്വൈസ് നൽകിയവർക്കുള്ള പരിശീലനം ആരംഭിക്കാൻ സാധിക്കുക. കേരള പി.എസ്.സിയുടെയും ആദ്യന്തര വകുപ്പ് ഉദ്യോഗസ്ഥരുടേയും ഈ മെല്ലെപോക്ക് റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവരോട് മാത്രമല്ല പി.എസ്.സി വഴി ഒരു സർക്കാർ ജോലി സ്വപ്നം കാണുന്ന കേരളത്തിലെ എല്ലാ ഉദ്യോഗാർത്ഥികളോടുമുള്ള കടുത്ത വഞ്ചനയാണ്.
2020 ജൂലൈ മാസത്തിനുശേഷം പോലീസ് കോൺസ്റ്റബിൾ തസ്തികയിൽ നാളിതുവരെയുള്ള ഏതാണ്ട് മൂന്നുവർഷകാലയളവിൽ നിയമനം നടന്നിട്ടില്ല. കഴിഞ്ഞ റാങ്ക് ലിസ്റ്റിൽ നിന്നും 5610 പേർക്ക് നിയമനം ലഭിച്ചിരുന്നു. പോലീസ് വകുപ്പിൽ നിന്നും കൃത്യമായി ഒഴിവുകൾ പി.എസ്.സി യിലേക്ക് റിപ്പോർട്ട് ചെയ്യാതിരിക്കുന്നതും, പിഎസ്സി നടപടികൾ വൈകുന്നതും പോലീസ് കോൺസ്റ്റബിൾ ഉദ്യാർത്ഥികളെ വെറും കാഴ്ചക്കാരാക്കി കടുത്ത മാനസിക സംഘർഷത്തിലേക്ക് തള്ളിവിടുകയാണ് അധികൃതർ.
രണ്ട് ഘട്ട പരീക്ഷ പരിഷ്കാരത്തിൽ പെട്ട ഏക പോലീസ് കോൺസ്റ്റബിൾ റാങ്ക് ലിസ്റ്റാണിത്. 1 വർഷം മാത്രം കാലാവധിയുള്ള ഈ റാങ്ക് ലിസ്റ്റിന് ഇനി ശേഷിക്കുന്നത് വെറും പത്തുമാസമാണ്. എന്നാൽ ഇക്കഴിഞ്ഞ ഡിസംബറിൽ ഒറ്റ എഴുത്തു പരീക്ഷ മാത്രമുള്ള പുതിയ പോലീസ് കോൺസ്റ്റബിൾ വിജ്ഞാപനം പുറപ്പെടുവിക്കുകയും അതുപ്രകാരമുള്ള പരീക്ഷകൾ ഈ വരുന്ന ജൂലൈ മാസത്തിൽ ആരംഭിക്കുകയും ചെയ്യുന്നു. മതിയായ ഒഴിവുകളോ നിയമനമോ നടക്കാതെ വെറും പരീക്ഷകളും,റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരണവും മാത്രമായി പി.എസ്.സിയും വകുപ്പ് അധികൃതരും മുന്നോട്ടുപോകുന്നത് പോലീസ് കോൺസ്റ്റബിൾ ഉദ്യോഗാർത്ഥികളെ അക്ഷരാർത്ഥത്തിൽ വിഡ്ഢികളാക്കുന്നതിന് തുല്യമാണ്. സമീപകാലത്ത് തന്നെയാണ് ഫയർമാൻ,ഫയർമാൻ ഡ്രൈവർ,അസിസ്റ്റന്റ് സെയിൽസ്മാൻ,സബ് ഇൻസ്പെക്ടർ ഓഫ് പോലീസ് മുതലായ തസ്തികകളുടെ റാങ്ക് ലിസ്റ്റുകൾ പിഎസ്സി പ്രസിദ്ധീകരിച്ചത്.
ഒരേ ഉദ്യോഗാർത്ഥി ഒന്നിലധികം റാങ്ക് ലിസ്റ്റുകളിൽ ഇടം പിടിക്കുമ്പോൾ എൻ.ജെ.ഡി(നോൺ ജോയിനിംഗ് ഡ്യൂട്ടി) ഒഴിവുകൾ പോലീസ് കോൺസ്റ്റബിൾ തസ്തികയിൽ ഉണ്ടാകാൻ സാധ്യതയുണ്ട്. എന്നാൽ ലിസ്റ്റിലെ നിയമനം വൈകുംതോറും NJD ഒഴിവുകൾ റിപ്പോർട്ട് ചെയ്യാനും അതിലേക്ക് അഡ്വൈസ് അയക്കാനും വൈകും. ഇതു കാരണം ലിസ്റ്റിലെ ബഹുഭൂരിപക്ഷം ഉദ്യോഗാർത്ഥികൾക്ക് നിയമനം കിട്ടാതെ ആകുമെന്ന് ഉദ്യോഗാർഥികൾ ചൂണ്ടിക്കാട്ടുന്നു. നിലവിലെ സാഹചര്യത്തിൽ പോലീസ് കോൺസ്റ്റബിൾമാരുടെ ആദ്യ ബാച്ചിന്റെ പരിശീലനം ജൂലൈ ആഗസ്റ്റ് മാസങ്ങളിലേക്ക് നീളാൻ സാധ്യതയുണ്ട്.
പോലീസ് ഉദ്യോഗസ്ഥക്ഷാമം അതി രൂക്ഷം
ആൾക്ഷാമം കാരണം കേരളത്തിലെ നിരവധി പോലീസ് സ്റ്റേഷനുകളുടെ പ്രവർത്തനം താളം തെറ്റുന്നു. മിക്ക സ്റ്റേഷനുകളിലും പോലീസുകാരുടെ ക്ഷാമം നേരിടുന്നു. ഇപ്പോഴത്തെ ജനസംഖ്യ അനുസരിച്ച് പോലീസ് സ്റ്റാഫ് പാറ്റേൺ പുനർ ക്രമീകരിക്കാതിരിക്കുന്നതും, വിവിധ പോലീസ് ജില്ലകളിലേക്ക് അതത് ഫീഡർ ബറ്റാലിയനുകളിൽ നിന്നും പോലീസുകാരെ സ്ഥിരമായി നിയമിക്കാത്തതും പോലീസ് ക്ഷാമം കൂടുതൽ രൂക്ഷമാക്കുന്നു.
പാറാവ്,ജി ഡി,കോടതി, പ്രതിക്കും വി ഐപ്പിക്കും എസ്കോർട്ട്, സമൻസ്- വാറന്റ് സർവീസ്,രാത്രികളിലെ പട്രോളിങ്,പൈലറ്റ്,കേസ് അന്വേഷണം,ഓഫീസ് ഡ്യൂട്ടി തുടങ്ങി എല്ലാ ജോലികൾക്കും നിലവിലെ പോലീസ്കാർ തികയുന്നില്ല. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും സന്ദർശനം ഉണ്ടെങ്കിലോ സമരപരിപാടികൾ ഉണ്ടെങ്കിലോ പോലീസുകാരെല്ലാം അതിന് പുറകെ പോകും. പിന്നെ കേസ് അന്വേഷണത്തിനും ഗതാഗത നിയന്ത്രണത്തിനും ആളില്ലാതെ വരികയാണ്. ആൾ ക്ഷാമം മൂലം അനവധി സേനാംഗങ്ങൾക്ക് അമിത ജോലിഭാരം കൂടി വഹിക്കേണ്ടി വരുന്നു. വിശ്രമമില്ലാതെയുള്ള പോലീസ് സേവനം സേനാംഗങ്ങളുടെ മാനസിക നിലയെ തന്നെ ബാധിക്കുന്നു. പോലീസിലെ ഏറെക്കാലത്തെ ആവശ്യമായ 8 മണിക്കൂർ ജോലി വർഷങ്ങൾക്കിപ്പുറവും കടലാസിൽ തന്നെയാണ്.41447 സിവിൽ പോലീസ് ഓഫീസർമാർ വേണ്ടിടത്ത് 38000 താഴെ മാത്രമാണ് ആൾബലം.3500ൽ അധികം തസ്തികകൾ ഒഴിഞ്ഞു കിടക്കുന്നു. പ്രാഥമികമായി ഈ ഒഴിവുകൾ നികത്താതെ, 8 മണിക്കൂർ ജോലി സംവിധാനം എന്നത് ചിന്തിക്കാൻ പോലും കഴിയില്ലെന്ന് ഉദ്യോഗസ്ഥർ തന്നെ പറയുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം