ഏകീകൃത സിവിൽ കോഡിനായുള്ള ബിൽ കൊണ്ട് വരാനുള്ള നീക്കങ്ങൾ കേന്ദ്ര സർക്കാർ വേഗത്തിലാക്കുമ്പോൾ കരുതലോടെ നീങ്ങാൻ പ്രതിപക്ഷം. പട്നയില്‍ ചേരുന്ന പ്രതിപക്ഷ പാർട്ടികളുടെ യോഗം വിഷയം ചർച്ച ചെയ്തേക്കും. വിഷയത്തിൽ അഭിപ്രായ ഐക്യത്തിലെത്തുന്നതിനുള്ള ശ്രമമാകും പ്രതിപക്ഷ പാർട്ടികൾ നടത്തുക.
പുതിയ പാർലമെന്റ് മന്ദിരത്തിൽ നടക്കുന്ന ആദ്യ സമ്മേളനത്തിൽ ഏകീകൃത സിവിൽ കോഡ് ബിൽ കൊണ്ട് വരുന്നതിനുള്ള ശ്രമമാണ് കേന്ദ്രസർക്കാർ നടത്തുന്നത്. 2014 മുതൽ ബി ജെ പി മുന്നോട്ടുവയ്ക്കുന്ന തിരഞ്ഞെടുപ്പ് വാഗ്ദാനമാണ് ഏക സിവിൽ കോഡ്. ഇത് നടപ്പിലാക്കുമ്പോള്‍ ജാതിമത ഭേദമന്യേ , സ്വത്ത് -വിവാഹ- വ്യക്തിഗത കാര്യങ്ങള്‍ക്ക് ഏക നിയമമാകും. നിലവിലെ ഹിന്ദു വിവാഹ പിന്തുടർച്ചാവകാശനിയമം, മുസ്ലീം വ്യക്തി നിയമം തുടങ്ങിയവ റദ്ദാവും. എന്നാൽ പ്രതിപക്ഷമാകട്ടെ കേന്ദ്രനീക്കത്തിൽ പതിയിരിക്കുന്ന അപകടം മനസിലാക്കി കരുതലോടെ നീങ്ങാനുള്ള ശ്രമത്തിലാണ്. ശിവസേനയുടെ ഉദ്ദവ് താക്കറെ വിഭാഗം ഏകീകൃത സിവിൽ കോഡിനെ അനുകൂലിക്കുന്നവരാണ്. ഈ സാഹചര്യത്തിൽ ഈ വിഷയം പട്നയിലെ പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിൽ ചർച്ചയാകുന്നതിന് സാധ്യതയുണ്ട്. ഒരു പൊതു അഭിപ്രായത്തിലെത്തി പാർലമെന്റിൽ അതനുസരിച്ചുള്ള നിലപാട് സ്വീകരിക്കുക എന്നതാണ് ഇക്കാര്യത്തിൽ പ്രതിപക്ഷത്തിന്റെ തന്ത്രം. കോൺഗ്രസ് , ഇടത് പാർട്ടികൾ , ആര്‍ജെഡി , ജെഡിയു , തൃണമൂൽ കോൺഗ്രസ് തുടങ്ങിയ കക്ഷികളെല്ലാം കേന്ദ്രം വർഗ്ഗീയ ധ്രുവീകരണത്തിന് ശ്രമിക്കുകയാണെന്ന നിലപാടുള്ളവരാണ്. അതേസമയം ഏകീകൃത സിവിൽ കോഡുമായി ബന്ധപ്പെട്ട് പൊതു ജനങ്ങളിൽ നിന്ന് അഭിപ്രായം തേടാൻ ദേശീയ നിയമ കമ്മീഷൻ തീരുമാനിച്ചിട്ടുണ്ട്. പൊതു ജനങ്ങളിൽ നിന്നും മത സംഘടനകളിൽ നിന്നും നിർദ്ദേശങ്ങളും അഭിപ്രായങ്ങളും ആരാഞ്ഞ് കൊണ്ടുള്ള ഉത്തരവ് നിയമ കമ്മീഷൻ പുറത്തിറക്കിയിട്ടുണ്ട്. 30 ദിവസത്തിനകം നിർദ്ദേശങ്ങൾ സമർപ്പിക്കുന്നതിനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പ് ഏക സിവിൽ കോഡ് നടപ്പിലാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം