ഗാൽവാൻ സംഘർഷത്തിന്റെ മൂന്നാം വാര്‍ഷികത്തിന്റെ പശ്ചാത്തലത്തില്‍ ഉന്നത സൈനിക ഉദ്യോഗസ്ഥരുടെ യോഗം ഇന്ന് ലഡാക്ക് തലസ്ഥാനമായ ലേയില്‍ ചേരും. ചൈനയുമായുള്ള അതിർത്തി പ്രശ്നങ്ങൾ ചർച്ച ചെയ്യും. യഥാർത്ഥ നിയന്ത്രണ രേഖയിലെ നിലവിലെ സാഹചര്യവും യോഗത്തിൽ ചർച്ചയാകും. നോർത്തേൺ ആർമി കമാൻഡർ ലെഫ്റ്റനന്റ് ജനറൽ ഉപേന്ദ്ര ദ്വിവേദി , 14 കോർപ്സ് കമാൻഡർ ലഫ്റ്റനന്റ് ജനറൽ റാഷിം ബാലി എന്നിവർ യോഗത്തിൽ പങ്കെടുക്കും. ഇന്ത്യ- ചൈന കമാൻഡർ തല ചർച്ചയിൽ തീരുമാനമായ സേനാ പിൻമാറ്റം സംബന്ധിച്ച വിലയിരുത്തലും യോഗത്തിലുണ്ടാകും.
2020 ജൂൺ 15നാണ് രാത്രിയുടെ മറവിൽ ഇന്ത്യൻ അതിർത്തി കയ്യടക്കാൻ ആയിരത്തിന് മേൽ വരുന്ന ചൈനീസ് സൈന്യം ശ്രമിച്ചത്. ചൈനയുടെ ഹുങ്കിനെ ഹിമപാതം കണക്കെ ഇരച്ചെത്തി മറുപടി നൽകിയത് ഇന്ത്യയുടെ 16 ബീഹാർ റെജിമെന്റായിരുന്നു. 43 ചൈനീസ് സൈനികരെ വകവരുത്തി ഇന്ത്യയുടെ 20 സൈനികര്‍ ഗാല്‍വാനില്‍ വീര മൃത്യു വരിക്കുകയായിരുന്നു. മൂന്ന് മണിക്കൂർ നീണ്ടു നിന്ന പോരാട്ടത്തിൽ മറ്റ് ആയുധങ്ങളുപയോഗിക്കാതെ ഉരുക്കുമുഷ്ടിയുടെ മാത്രം കരുത്തിലാണ് ഇന്ത്യൻ സൈനികർ പോരാടിയത്. ഒരു സൈനികനും തോക്കുപയോഗിച്ചില്ലെന്നതും ഇന്ത്യ-ചൈന സംഘർഷത്തെ ലോക ശ്രദ്ധയില്‍ എത്തിച്ചു. ലഡാക്കിലെ പാങ്കോംഗ് തടാകത്തിനും സിക്കിമിലെ നാഥു ലാ ചുരത്തിനും സമീപമാണ് സംഭവങ്ങൾ അരങ്ങേറിയത്. കുന്തവും പ്രത്യേക തരം മൂർച്ചയേറിയ ഇരുമ്പുദണ്ഡുകളുമായി ചൈന നടത്തിയ മുന്നേറ്റത്തെയാണ് ഇന്ത്യൻ സൈനികർ നേരിട്ടത്. ഗാൽവാൻ പോരാട്ടത്തോടെ ലഡാക്കിലെ മുഴുവൻ അതിർത്തികളിലും ലോകോത്തര സുരക്ഷയൊരുക്കി ഇന്ത്യ പ്രതിരോധം ശക്തമാക്കിയിട്ടുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം