മണിപ്പൂരിലെ കാങ്പോക്പി ജില്ലയിലെ ഐഗി ജാങ് ഗ്രാമത്തിൽ വെടിവയ്പ്പിലും തീപിടുത്തത്തിലും ഒമ്പത് പേർ കൊല്ലപ്പെട്ടു. ഇന്നലെ രാത്രി 10.30 ഓടെയാണ് സംഭവം. കഴിഞ്ഞ ഏതാനും ആഴ്ചകളായി സംസ്ഥാനത്ത് തുടരുന്ന അക്രമസംഭവങ്ങളിൽ ഉണ്ടായ ഏറ്റവും വലിയ നാശനഷ്ടമാണിത് .
കണ്ടെടുത്ത ഒമ്പത് മൃതദേഹങ്ങൾ ഗ്രാമത്തിൽ താമസക്കാരല്ലാത്ത മെയ്തേയി പുരുഷന്മാരുടേതെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. മെയ്തേയി ആധിപത്യമേഖലകളില്‍ അവരുടെ പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുത്തുന്നതിന് അയല്‍ ഗ്രാമങ്ങളില്‍ നിന്ന് എത്തിയവരാകാം ഇതെന്ന് പൊലീസ് പറയുന്നു.
കഴിഞ്ഞ തിങ്കളാഴ്ച മുതല്‍ ഈ പ്രദേശത്ത് വെടിവയ്പ്പും അക്രമവും നടക്കുകയാണ്. ഏറ്റവും പുതിയ സംഭവത്തെത്തുടർന്ന്, ഇംഫാൽ ഈസ്റ്റ് ജില്ലാ ഭരണകൂടം ജില്ലയിലെ കർഫ്യൂ ഇളവ് കാലയളവ് നീട്ടി. ഇംഫാൽ വെസ്റ്റ് ഇംഫാൽ-ഈസ്റ്റ്, തൗബാൽ, ബിഷ്ണുപൂർ ജില്ലകളിൽ 15 മണിക്കൂർ കർഫ്യൂ ഇളവ് വരുത്തിയിട്ടുണ്ട്; കാക്ചിംഗ്, ഫെർസാൾ ജില്ലകളിൽ 12 മണിക്കൂറും അയൽ മലയോര ജില്ലകളിൽ എട്ട് മുതൽ പത്ത് മണിക്കൂറും ഏര്‍പ്പെടുത്തി.
സംഘര്‍ഷം തുടങ്ങിയതിന് ശേഷം സംസ്ഥാനത്ത് നിന്ന് ഇതുവരെ 1,040 ആയുധങ്ങളും 13,601 വെടിക്കോപ്പുകളും 230 ബോംബുകളും കണ്ടെടുത്തതായി മണിപ്പൂർ സർക്കാരിന്റെ സുരക്ഷാ ഉപദേഷ്ടാവ് കുൽദീപ് സിംഗ് വെളിപ്പെടുത്തി.
ഗവർണർ അനുസൂയ യുകെ ചുരാചന്ദ്പൂർ, ബിഷ്ണുപൂർ ജില്ലകളിലെ ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ചു. മുഖ്യമന്ത്രി എൻ ബിരേൻ സിംഗ് വീഡിയോ കോൺഫറൻസിംഗ് വഴി ഉന്നത പൊലീസ് ഉദ്യോഹസ്ഥരുമായി നിരന്തര സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടുന്നുണ്ട്. NH-37 വഴി അവശ്യവസ്തുക്കളുടെ നീക്കം ഉറപ്പാക്കിയിട്ടുണ്ട്.
സംസ്ഥാനത്തെ എല്ലാ മന്ത്രിമാരും എംഎൽഎമാരും മുതിർന്ന ഉദ്യോഗസ്ഥരും ദുർബല പ്രദേശങ്ങൾ സന്ദർശിച്ച് ക്യാമ്പ് ചെയ്യുന്നുണ്ട്. അപകടസാധ്യതയുള്ള പ്രദേശങ്ങളിലെല്ലാം കർശന സുരക്ഷാ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. കൂടാതെ, സംസ്ഥാന-കേന്ദ്ര സേനകളുടെ സംയുക്ത സംഘം സംസ്ഥാനത്തിന്റെ വിവിധ മേഖലകളില്‍ കോമ്പിംഗ് പ്രവർത്തനങ്ങൾ ശക്തമാക്കിയിട്ടുണ്ട്. . സംസ്ഥാനത്ത് സമാധാനം പുനസ്ഥാപിക്കുന്നതിന് എല്ലാ വിഭാഗം ആളുകളുടെയും സഹകരണം മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.