തെരുവ് നായ ആക്രമണത്തിൽ നിഹാൽ എന്ന കുരുന്ന് ജീവൻ കൂടി പൊലിഞ്ഞ നടുക്കം വിട്ടു മാറിയിട്ടില്ല. എന്തായാലും ഒരു കാര്യം പൊതുജനം മനസിലുറപ്പിക്കുന്നത് നന്ന്. ഈ പേക്കൂട്ടങ്ങളുടെ അടുത്ത ഇര നമ്മളിലൊരാൾ ആയേക്കാം ..ഭരണകൂട നടപടികളും നിയമങ്ങളും മുൻ കരുതലുകളുമൊക്കെ പരിധികളിലേക്കും പരിമിതികളിലേക്കും ഒതുങ്ങുകയാണ് .. സർക്കാർ സംവിധാനങ്ങൾ നോക്കുകുത്തികളും.. ദൈവത്തിന്റെ സ്വന്തം നാട് ഇന്ന് മാലിന്യ കൂമ്പാരങ്ങളുടെയും അവ തീറ്റിപ്പോറ്റുന്ന തെരുവ് നായ്ക്കളുടെയും നാടെന്ന ഖ്യാതിക്ക് പാത്രമായി തീർന്നിരിക്കുന്നു…
ഞെട്ടിക്കുന്ന കണക്കുകൾ
കേരളത്തിൽ കഴിഞ്ഞ ആറുവർഷത്തിനിടയിൽ തെരുവുനായ്ക്കളുടെ കടിയേറ്റ് ആശുപത്രിയിൽ ചികിത്സ തേടിയത് എട്ട് ലക്ഷത്തിലധികം പേരാണ്. ഇതിലേറെയും സാധാരണ കുടുംബങ്ങളിൽ നിന്നുള്ള സ്ത്രീകളും കുട്ടികളും . ഈ കാലയളവിൽ തെരുവുനായ്ക്കളുടെ നേരിട്ടുള്ള ആക്രമണത്തിൽ 42 മരണങ്ങളാണ് ഉണ്ടായിട്ടുള്ളത്… തെരുവുനായ്ക്കളുടെ ആക്രമണത്തിൽ ഉണ്ടായ വാഹനാപകടങ്ങൾ, പേവിഷ ബാധ മൂലമുള്ള മരണങ്ങൾ എന്നിവ കൂടി പരിഗണിക്കുമ്പോൾ മരണനിരക്ക് ഇനിയും ഉയരും. മൃഗ സംരക്ഷണ വകുപ്പ് നടത്തിയ പുതിയ സെൻസസ് കണക്കനുസരിച്ച് രണ്ടര ലക്ഷത്തിലധികമാണ് സംസ്ഥാനത്ത് തെരുവ് നായ്ക്കളുടെ എണ്ണം.
ഫലം കാണാത്ത നടപടികൾ
തെരുവ് നായ ശല്യവും പേ വിഷബാധയും സംസ്ഥാനം ഇന്ന് നേരിടുന്ന ഏറ്റവും വലിയ പൊതുജനാരോഗ്യ വെല്ലുവിളികളാണ്. ഭക്ഷണമാലിന്യമടക്കമുള്ളവ അയൽക്കാരന്റെ പറമ്പിലേക്കോ പൊതുവഴിയിലേക്കോ വലിച്ചെറിയുന്ന , മനുഷ്യരുടെ ഇനിയും തിരുത്താൻ തയ്യാറാകാത്ത അടിസ്ഥാന സ്വഭാവ വൈകൃതം തന്നെയാണ് തെരുവ് നായക്കളുടെ പെറ്റു പെരുകലിന് അടിസ്ഥാന കാരണം .. ഉറവിട മാലിന്യ സംസ്കരണം ഇനിയും നമ്മുടെ സമൂഹത്തിൽ ലക്ഷ്യം കാണാത്ത പദ്ധതിയാണ്…
നായകളെ ആകർഷിക്കും വിധം മാലിന്യം തെരുവിൽ വലിച്ചെറിയുന്നത് കർശനമായി തടയാൻ ഹോട്ടൽ വ്യാപാരികൾ, അറവുശാലാ വ്യാപാരികൾ, ജനപ്രതിനിധികൾ എന്നിവരെയൊക്കെ കൃത്യമായ ഇടവേളകളിൽ യോഗം വിളിച്ച് തീരുമാനങ്ങളെടുത്ത് നടപ്പിലാക്കാനുള്ള നീക്കങ്ങളും നടക്കുന്നില്ല.
തെരുവ് മാലിന്യങ്ങൾ ക്ലീൻ കേരള കമ്പനി മുഖേന നിർമാർജ്ജനം ചെയ്യുമെന്ന വാഗ്ദാനവും പാഴ് വാക്കാകുന്നതിന്റെ പ്രതിഫലനമാണ് ഏറ്റവും ഒടുവിൽ നിഹാൽ എന്ന കുരുന്നിന്റേതടക്കം ജീവൻ നഷ്ടപ്പെടുത്തിയത്.
വാക്സിനേഷൻ നടപടികളും എബിസി കേന്ദ്രങ്ങളും
തദ്ദേശ സ്ഥാപനങ്ങൾ വഴി നടപ്പിലാക്കുന്ന തീവ്ര പ്രതിരോധ വാക്സിനേഷൻ തെരുവ് നായകളിൽ നടത്തി ഇവയെ പ്രത്യേകം തയ്യാറാക്കിയ സംവിധാനത്തിലേക്ക് മാറ്റിപ്പാർപ്പിക്കാനുള്ള നടപടികൾ ഇനിയും ഫലം കണ്ടിട്ടില്ല.. കേരളം പോലെ ജന നിബിഡമായ ഒരു സംസ്ഥാനത്ത് ഇത്രയധികം തെരുവ് നായ സംരക്ഷണ കേന്ദ്രങ്ങൾ ഒരുക്കുന്നതിലെ അപ്രായോഗികതയും കണക്കിലെടുക്കേണ്ടതാണ്. പകൽ കൺവെട്ടത്ത് നിന്ന് ഒഴിഞ്ഞു മാറി ,രാത്രികാലങ്ങളിൽ ഇരതേടലുമായി ഇറങ്ങുന്ന ശീലമാണ് ഇവറ്റയ്ക്ക് . നായ പിടുത്തം പകൽ നടക്കുന്നതിൽ നല്ലൊരു ശതമാനവും പിടികിട്ടാപ്പുള്ളികളാണ്.
മനുഷ്യ സാമിപ്യത്തിൽ നിന്ന് അകന്ന് വളരുന്ന നായ്ക്കളാണ് ഏറ്റവും പ്രശ്നക്കാരാകുന്നത്. കുഞ്ഞുങ്ങളെയും പൊക്കക്കുറവ്കാരെയുമൊക്കെ ഇരകളായി കാണുന്നതാണ് ഈ വിഭാഗത്തിന് നേരെ ആക്രമണം ശക്തമാകാനുള്ള കാരണം. എ ബി സി അഥവാ അനിമൽ ബർത്ത് കൺട്രോൾ ഫലപ്രദമായി നടപ്പിലാക്കിയാൽ തെരുവ് നായ്ക്കളുടെ എണ്ണത്തിൽ നല്ലൊരു ശതമാനം കുറവുണ്ടാകും. ഏറ്റവും കുറഞ്ഞ സമയ പരിധിക്കുള്ളിൽ ഓരോ പ്രത്യേക പ്രദേശത്തെയും 70 ശതമാനം നായ്ക്കൾക്കെങ്കിലും കുത്തിവെയ്‌പ് എടുത്താൽ മാത്രമേ പദ്ധതി വിജയിക്കുകയുള്ളു. ആരോഗ്യ വകുപ്പ് തയ്യാറാക്കിയ ഹോട് സ്പോട്ടുകൾ കേന്ദ്രീകരിച്ച് ഇത്തരം നടപടികൾ സ്വീകരിക്കുന്നതാകും നല്ലത്. അതേസമയം ആൺ നായ്ക്കളാണ് കൂടുതലായി വന്ധ്യംകരണ നടപടിക്ക് വിധേയരാകുന്നത് എന്നത് എബിസി യുടെ പരാജയ കാരണങ്ങളിൽ ഒന്നാണ്.
ആരോഗ്യ വകുപ്പിന്റെ പ്രതിരോധ മതിൽ
സംസ്ഥാനത്തെ മെഡിക്കൽ കോളെജകളിലും സർക്കാർ ആശുപത്രികളിലും പേ വിഷ വാക്സിനുകളും പ്രതിരോധ ശേഷി വാക്സിനായ ഇമ്യൂണോ ഗ്ലോബുലിനും ആവശ്യത്തോളമുണ്ടെന്നാണ് ആരോഗ്യ വകുപ്പിന്റെ അവകാശ വാദം. അതേസമയം പേപ്പട്ടികടിയേറ്റ ചിലർക്കെങ്കിലും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ എത്തുമ്പോൾ മരുന്ന് ലഭ്യമാകാതിരുന്ന വാർത്തകളും നമ്മൾ കണ്ടതാണ്. സർക്കാർ ആശുപത്രികളിൽ നിന്ന് പേ വിഷ വാക്സിനുകളും ഇമ്യൂണോ ഗ്ലോബുലിനും ബിപിഎൽ വിഭാഗത്തിന് മാത്രം സൗജന്യമായി നൽകിയാൻ മതിയെന്ന ആരോഗ്യ വകുപ്പിന്റെ നിർദ്ദേശം ഇതിനോടകം തന്നെ വിവാദത്തിലാണ്. വിവിധ മെഡിക്കൽ കോളെജ് ആശുപത്രികളിൽ നടത്തിയ പഠനത്തിൽ പട്ടി കടിയേൽക്കുന്നവരിൽ 70 ശതമാനവും എ പി എൽ വിഭാഗത്തിൽ പെട്ടവരാണ്. ഇതിനൊക്കെ പുറമെയാണ് വാക്സിന്റെ ഗുണ നിലവാരം സംബന്ധിച്ച ആശങ്കകൾ . വാക്സിൻ സ്വീകരിച്ച ശേഷം സംഭവിച്ച മരണങ്ങൾ ഉയർത്തുന്ന വെല്ലുവിളികൾ ചെറുതല്ല. ഈ ഘടകങ്ങളെല്ലാം കണക്കിലെടുത്ത് മാത്രമേ വാക്സിനേഷനിലെ എപി എൻ – ബി പി എൽ വേർതിരിവിൽ അന്തിമ തീരുമാനമുണ്ടാകൂ എന്നാണ് പ്രതീക്ഷ ..
കൊവിഡ് മഹാമാരിയും പ്രളയവും നേരിട്ട മാതൃകകൾ നമുക്ക് മുന്നിലുണ്ട് . സമാനമായി സർക്കാർ നേതൃത്വം നൽകുന്ന ജനകീയ കൂട്ടായ്മയിലൂടെ മാത്രമേ തെരുവ് നായ ശല്യത്തിനും അറുതിയുണ്ടാകൂ…
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം