മഞ്ചേരി: പൊതുചടങ്ങുകളിൽ ഈശ്വര പ്രാർത്ഥന ഒഴിവാക്കണമെന്ന് പി.വി അൻവർ എം.എൽ.എ. ഇക്കാര്യത്തിൽ സർക്കാർ നയപരമായ തീരുമാനമെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മഞ്ചേരിയിൽ പട്ടയമേളയിൽ പ്രസംഗിക്കുകയായിരുന്നു അൻവർ.
മന്ത്രിമാരായ കെ രാജൻ, വി അബ്ദുറഹ്മാൻ എന്നിവർ വേദിയിലിരിക്കെയാണ് എംഎൽഎ ഇക്കാര്യം പറഞ്ഞത്. ചടങ്ങിൽ റവന്യൂ വകുപ്പിലെ ജീവനക്കാരാണ് പ്രാർഥന ആലപിച്ചത്. അടുത്ത നിയമസഭാ സമ്മേളനത്തിൽ ഈ വിഷയം ഉന്നയിക്കുമെന്നും എംഎൽഎ പറഞ്ഞു.
ദൈവ വിശ്വാസം ഓരോരുത്തരുടെയും മനസ്സിലാണ്. വിശ്വസികളല്ലാത്തവരും വേദിയിലുണ്ട്. പ്രാർഥനാ സമയം കാലിന് സുഖമില്ലാത്ത ഒരാൾ മറ്റൊരാളുടെ സഹായത്തോടെയാണ് എഴുന്നേറ്റു നിന്നത്. അതുകൊണ്ടുതന്നെ പ്രാർഥന പോലുള്ള കാര്യങ്ങൾ പൊതുചടങ്ങിൽ നിന്ന് ഒഴിവാക്കിക്കൂടെയെന്നും എംഎൽഎ ചോദിച്ചു.
മഞ്ചേരിയിൽ നടന്ന ചടങ്ങിൽ റവന്യൂ ജീവനക്കാരനാണ് പ്രാർത്ഥനാഗീതം ആലപിച്ചത്. മുനിസിപ്പൽ ടൗൺഹാളിൽ മന്ത്രി കെ. രാജൻ ദീപം തെളിച്ചാണ് പട്ടയമേള ഉദ്ഘാടനം ചെയ്തത്.
















